വികസനതീരമാകാന്‍ വിഴിഞ്ഞം, ട്രയല്‍ റണ്‍ ഉദ്ഘാടനം ചെയ്തു; ഉമ്മന്‍ ചാണ്ടിയെ പരാമർശിക്കാതെ പിണറായി, എടുത്തുപറഞ്ഞ് കരണ്‍ അദാനി

 

തിരുവനന്തപുരം: കേരളത്തിന്‍റെ വികസനത്തിന് പുതിയ നാഴികക്കല്ലാകുന്ന വിഴിഞ്ഞം അന്തരാഷ്ട്ര തുറമുഖത്തിന്‍റെ ട്രയൽ റൺ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഉമ്മൻ ചാണ്ടിയുടെ നിശ്ചയദാർഢ്യത്തിൽ അടിത്തറ പാകിയ
പദ്ധതി സ്വപ്നതീരം അണഞ്ഞപ്പോൾ യുഡിഎഫിനെയും ഉമ്മൻ ചാണ്ടിയേയും അവഗണിച്ചുകൊണ്ടുള്ള സർക്കാരിന്‍റെ സങ്കുചിത നിലപാട് തുടരുകയാണ്. തുറമുഖത്തിന്‍റെ ചരിത്രം പറഞ്ഞ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ബോധപൂർവം വിസ്മരിച്ചപ്പോൾ ചടങ്ങിൽ സംസാരിച്ച കരൺ അദാനി ഉമ്മൻ ചാണ്ടിയും ശശി തരൂരും വഹിച്ച പങ്ക് എടുത്തുപറഞ്ഞു. ചടങ്ങിൽ പങ്കെടുത്ത എം. വിൻസെന്‍റ് എംഎൽഎയും സർക്കാർ നിലപാടിനെ വിമർശിച്ചു.

വിഴിഞ്ഞം തുറമുഖത്തെത്തിയ കൂറ്റൻ ചരക്കു കപ്പലായ സാൻ ഫെർണാണ്ടോയെ ഔദ്യോഗികമായി വരവേറ്റുകൊണ്ടാണ്
മുഖ്യമന്ത്രി ട്രയൽ ഓപ്പറേഷൻ ഉദ്ഘാടനം ചെയ്തത്. 202- ൽ വിഴിഞ്ഞം സമ്പൂർണ്ണ തുറമുഖമായി മാറുമെന്നും 10,000 കോടിയുടെ നിക്ഷേപത്തിന് വഴിതുറക്കുകയാണെന്നും ട്രയൽ റൺ ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പറഞ്ഞു. തുറമുഖ ചരിത്രവും നേട്ടവും ഒക്കെ എടുത്തുപറഞ്ഞ മുഖ്യമന്ത്രി അദാനി ഗ്രൂപ്പിനെ ആവർത്തിച്ചു പുകഴ്ത്തിയെങ്കിലും തുറമുഖ പദ്ധതിക്കായി നിശ്ചയദാർഢ്യത്തോടെ നിലകൊള്ളുകയും മഹനീയ സംഭാവന നൽകുകയും ചെയ്ത മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ബോധപൂർവം വിസ്മരിച്ചു.

എന്നാൽ ചടങ്ങിൽ സംസാരിച്ച കരൺ അദാനി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ശശി തരൂരും തുറമുഖ പദ്ധതിക്ക് വഹിച്ച പങ്ക് എടുത്തു പറഞ്ഞു. തുറമുഖത്തിനായി ആത്മാവും ഹൃദയവും സമർപ്പിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് നന്ദി പറയുന്നു എന്നായിരുന്നു കരണ്‍ അദാനി പറഞ്ഞത്. പാരിസ്ഥിതിക അനുമതി ലഭിച്ചാൽ തുറമുഖത്തിന്‍റെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുമെന്നും കരൺ അദാനി കൂട്ടിച്ചേർത്തു. ചടങ്ങിൽ പങ്കെടുത്ത എം. വിൻസെന്‍റ് എംഎൽഎയും സർക്കാർ നിലപാടിനെ വിമർശിച്ചു. ഉമ്മൻ ചാണ്ടിയെ വിസ്മരിച്ചതും പ്രതിപക്ഷ നേതാവിനെ ചടങ്ങിൽ ക്ഷണിക്കാതിരുന്നതും ചൂണ്ടിക്കാട്ടിയായിരുന്നു എം. വിന്‍സെന്‍റിന്‍റെ വിമർശനം.

ലത്തീൻ കത്തോലിക്കാ അതിരുപതയും ശശി തരൂർ എംപിയും ചടങ്ങിൽ നിന്നും വിട്ടു നിന്നു. വിഴിഞ്ഞം പുനരധിവാസ പദ്ധതി അട്ടിമറിച്ച് മത്സ്യത്തൊഴിലാളികളോട് സർക്കാർ കാട്ടുന്ന വഞ്ചനയിൽ പ്രതിഷേധിച്ചാണ് ശശി തരൂർ എംപി ചടങ്ങിൽ നിന്ന്
വിട്ടുനിന്നത്. സർക്കാരിന്‍റെ അവഗണനാ മനോഭാവത്തോടുള്ള പ്രതിഷേധസൂചകമായാണ് ലത്തീന്‍ അതിരൂപത ചടങ്ങില്‍ പങ്കെടുക്കാതിരുന്നത്.

Comments (0)
Add Comment