സമവായമാകാതെ വിഴിഞ്ഞം; സമരസമിതിയുമായി മന്ത്രിസഭാ ഉപസമിതി നാളെ ചർച്ച നടത്തും

Jaihind Webdesk
Monday, December 5, 2022

 

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരം ഒത്തുതീർപ്പാക്കാനുള്ള ഇന്നത്തെ സമവായനീക്കങ്ങൾ ഫലം കണ്ടില്ല. ഉന്നയിച്ച ആവശ്യങ്ങളിൽ സർക്കാർ കൃത്യമായ ഉറപ്പ് നൽകിയാൽ ചർച്ചയ്ക്ക് തയാറെന്ന നിലപാടിലാണ് സമരസമിതി. മുഖ്യമന്ത്രിയും മന്ത്രിസഭാ ഉപസമിതിയും തമ്മിലുള്ള ചർച്ച അവസാനിച്ചു. നാളെ സമരസമിതിയുമായി മന്ത്രിസഭാ ഉപസമിതി ചർച്ച നടത്തും.

വൈകിട്ട് മുഖ്യമന്ത്രിയും മന്ത്രിസഭാ ഉപസമിതിയും യോഗം ചേർന്ന ശേഷം സമരസമിതിയുമായി ചർച്ച നടത്താനായിരുന്നു ധാരണ. എന്നാല്‍ ഉന്നയിച്ച വിഷയങ്ങളിൽ സർക്കാർ ആദ്യം ധാരണയിൽ എത്തട്ടെയെന്ന നിലപാടിലാണ് സമരസമിതി. എന്നിട്ടുമതി നേർക്കുനേർ ചർച്ചയെന്നും സമരസമിതി നിലപാടെടുത്തു. തീരശോഷണം പഠിക്കാനുള്ള വിദഗ്ധസമിതിയിൽ സമരസമിതി നിർദ്ദേശിക്കുന്ന പ്രതിനിധിയെ വെക്കണമെന്ന ആവശ്യത്തിൽ സർക്കാർ വഴങ്ങിയിട്ടില്ല. സർക്കാർ നൽകുന്ന ഉറപ്പുകൾ പാലിക്കുന്നുണ്ടോ എന്ന് വിലയിരുത്താൻ മോണിറ്ററിംഗ് കമ്മിറ്റി ഉണ്ടാക്കണമെന്നാണ് മറ്റൊരു നിർദ്ദേശം. ഇതിൽ സർക്കാരിന്‍റെയും സമരസമിതിയുടേയും പ്രതിനിധികൾ ഉണ്ടാകും. ഇക്കാര്യത്തിലും ധാരണയായിട്ടില്ല. നാളെ വൈകിട്ടോടെ മന്ത്രിസഭാ ഉപസമിതിയും സമരക്കാരുമായി ചർച്ച നടത്താനാണ് ശ്രമം.