വിഴിഞ്ഞം തുറമുഖ പദ്ധതി നീളും; മൂന്ന് വർഷം കൂടി ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ്

Jaihind Webdesk
Thursday, September 23, 2021

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ പദ്ധതി വീണ്ടും നീളും.  നിർമ്മാണം പൂർത്തിയാക്കാൻ അദാനി ഗ്രൂപ്പ് കൂടുതൽ സമയം തേടി . 2024-ഓടെ മാത്രമേ വിഴിഞ്ഞം പദ്ധതി പൂർത്തികരിക്കാനാവൂ എന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. കരാർ കാലാവധി നീട്ടി നൽകണമെന്നാവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് സർക്കാരിനെ സമീപിച്ചു.

2015-ൽ കരാർ ഒപ്പിടുമ്പോൾ ആയിരം ദിവസം കൊണ്ട് പദ്ധതി പൂർത്തിയാക്കുമെന്നായിരുന്നു അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുടെ അവകാശവാദം.  2019 ഡിസംബ‍റോടെ പൂർത്തിയാകേണ്ട പദ്ധതിയാണിപ്പോള്‍ മൂന്ന് വർഷം കൂടി നീളുമെന്ന് അറിയിച്ചിരിക്കുന്നത്.  അദാനി പോർട്ട്സും സംസ്ഥാന സർക്കാരും ഒപ്പിട്ട കരാ‍ർ പ്രകാരം 2019 ഡിസംബറിൽ നി‍ർമ്മാണം തീ‍ർന്നില്ലെങ്കിൽ മൂന്ന് മാസം കൂടി നഷ്ടപരിഹാരം നൽകാതെ അദാനി ​ഗ്രൂപ്പിന് കരാറുമായി മുന്നോട്ട് പോകാം. അതിനു ശേഷം പ്രതിദിനം 12 ലക്ഷം വച്ച് അദാനി ​ഗ്രൂപ്പ് പിഴയൊടുക്കണം എന്നാണ് കരാറിലെ വ്യവസ്ഥ. കരാറുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങളിൽ ആദ്യം അനുരജ്ഞച‍ർച്ച നടത്തണമെന്നും പ്രശ്നപരിഹാരമായില്ലെങ്കിൽ ആർബ്യൂട്രേഷൺ ട്രൈബ്യൂണിലനെ സമീപിക്കാം എന്നാണ് കരാറിലെ വ്യവസ്ഥ. ഇതനുസരിച്ച് 2023 ഡിസംബറോടെ വിഴിഞ്ഞം പദ്ധതി പൂ‍ർത്തിയാക്കാം എന്നാണ് ട്രൈബ്യൂണലിനെ അദാനി ​ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്.

വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട പല കരാ‍ർ വ്യവസ്ഥകളും സംസ്ഥാന സർക്കാർ പാലിച്ചില്ലെന്ന് അദാനി ​ഗ്രൂപ്പ് ട്രൈബ്യൂണലിനെ അറിയിച്ചിട്ടുണ്ട്. വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തേക്ക് റെയിൽ, റോഡ് കണക്ടിവിറ്റിയും അതിർത്തി മതിൽ നിർമ്മാണവും വൈകി. ഇതു കൂടാതെ ഓഖിയും രണ്ട് പ്രളയവും ഇടക്കിടെയുണ്ടായ ചുഴലിക്കാറ്റുകളും നാട്ടുകാരുടെ പ്രതിഷേധവും പദ്ധതി നീളാൻ കാരണമായെന്നും അദാനി ​ഗ്രൂപ്പ് പറയുന്നു.