വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തുമ്പോള്‍… തീരമണയുന്നത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ദീര്‍ഘവീക്ഷണത്തിന്‍റെയും ഇച്ഛാശക്തിയുടെയും സ്വപ്നസാക്ഷാത്കാരം

 

തിരുവനന്തപുരം: വിഴിഞ്ഞത്ത് ആദ്യ മദർ ഷിപ്പ് ഇന്നെത്തും. വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യത്തിലേക്ക് അടുക്കുന്നു. ഔദ്യോഗികമായി കപ്പലിനെ വരവേറ്റു കൊണ്ട് തുറമുഖത്തിന്‍റെ ട്രയൽ ഓപ്പറേഷന് നാളെ തുടക്കമാകും. പ്രതിസന്ധികളെ വെല്ലുവിളിച്ചു കൊണ്ടുള്ള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിശ്ചയദാർഢ്യവും ഇച്ഛാശക്തിയുമാണ് കേരളത്തിന്‍റെ സ്വപ്ന പദ്ധതിക്ക് അടിസ്ഥാനശില പാകി മുന്നോട്ടുകൊണ്ടുപോയത്.

ഏറെ പ്രതിബന്ധങ്ങളും വെല്ലുവിളികളും ആരോപണങ്ങളും നേരിട്ടുകൊണ്ടാണ് ഉമ്മൻ ചാണ്ടി സർക്കാർ വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് അടിത്തറ പാകിയത്. അക്കാലത്ത് പദ്ധതിയെ തുരങ്കം വെക്കാന്‍ മുന്നിൽനിന്ന സിപിഎമ്മും ഇടതുമുന്നണിയും ഇന്ന് പദ്ധതിയിൽ ഊറ്റം കൊള്ളുമ്പോൾ പദ്ധതിക്കായി മുൻ യുഡിഎഫ് സർക്കാർ വഹിച്ച പങ്ക് ആർക്കും വിസ്മരിക്കുവാനാവില്ല. ഉമ്മൻ ചാണ്ടി സർക്കാർ ദീർഘ വീക്ഷണത്തോടെ സമയബന്ധിതമായി പൂർത്തിയാക്കാന്‍ ലക്ഷ്യമിട്ടിരുന്ന പദ്ധതി പിന്നീട് ഇടതു സർക്കാർ വന്നതോടെ ഇഴഞ്ഞു നീങ്ങുകയായിരുന്നു.

വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും ഒക്കെ ഒടുവിൽ ആദ്യ കപ്പൽ തീരത്തടുക്കുമ്പോൾ വിഴിഞ്ഞം തുറമുഖം കേരളത്തിന്‍റെ വികസനത്തിന് പുതിയൊരു മുതൽക്കൂട്ട് ആയി മാറും. അത്യാധുനിക ഉപകരണങ്ങളും ആധുനിക ഓട്ടോമേഷൻ, ഐടി സംവിധാനങ്ങളും ഉള്ള ഇന്ത്യയിലെ ആദ്യത്തേ സെമി ഓട്ടോമേറ്റഡ് തുറമുഖമായിട്ടാണ് വിഴിഞ്ഞം മാറുന്നത്. തുറമുഖം പൂർണതോതിൽ സജ്ജമാക്കി സെപ്റ്റംബർ/ഒക്ടോബർ മാസങ്ങളിൽ കമ്മീഷൻ ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നാളെ ഔദ്യോഗികമായി വരവേൽക്കുന്ന സാൻ ഫെർണാണ്ടോ എന്ന കണ്ടെയ്നർ കപ്പലിന് പിന്നാലെ കൂറ്റൻ ചരക്ക് കപ്പലുകൾ വിഴിഞ്ഞത്തേക്ക് എത്തിത്തുടങ്ങും. നാളെ ആരംഭിക്കുന്ന ട്രയൽ ഓപ്പറേഷൻ 2 മുതൽ 3 മാസം വരെ തുടരും. കൂറ്റൻ കപ്പലുകൾ തുറമുഖത്ത് കണ്ടെയ്നർ ഇറക്കിയശേഷം മടങ്ങുമ്പോൾ ചെറിയ കപ്പലുകൾ എത്തി ഈ കണ്ടെയ്നറുകൾ വിദേശത്തേക്കും രാജ്യത്തിന്‍റെ വിവിധ തുറമുഖങ്ങളിലേക്കും കൊണ്ടു പോകും. ഇതോടെ വിഴിഞ്ഞം തുറമുഖത്തെ ട്രാൻസ്‌ഷിപ്മെന്‍റ് പൂർണതോതിലായി തുറമുഖം പ്രവർത്തനത്തിന് പൂർണ്ണ സജ്ജമാകും.

Comments (0)
Add Comment