കെ.സി. ജോസഫ് (മുന്‍ മന്ത്രി)
മുന്നൂറ് മീറ്റര്‍ നീളമുള്ള ”സാന്‍ഫെര്‍ണാണ്ടോ’ എന്ന മദര്‍ഷിപ്പ് വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടതോടെ കേരളത്തിന്‍റെ വികസന കുതിപ്പിലെ ശ്രദ്ധേയമായ ഒരു അധ്യായം ആരംഭിക്കുകയാണ്. നാലു വര്‍ഷം കൊണ്ട് പതിനായിരം കോടിയുടെ സ്വകാര്യ നിക്ഷേപമാണ് കേരളത്തില്‍ ഉണ്ടാകാന്‍ പോകുന്നത്. രണ്ടാം ഘട്ടം 2028-ല്‍ പൂര്‍ത്തിയാകുന്നതോടെ മൂന്നുകിലോമീറ്റര്‍ പുലിമുട്ട് നാല് കിലോമീറ്ററായും 800 മീറ്റര്‍ ബെര്‍ത്ത് രണ്ട് കിലോമീറ്ററായും മാറും. ഈവര്‍ഷം മാത്രം ഏതാണ്ട് 3000 കോടി രൂപയാണ് ഇതിനായി ചെലവിടേണ്ടി വരുന്നത്.
പദ്ധതി തുടങ്ങിവെക്കാന്‍ പ്രധാന കാരണക്കാരനായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഈ സന്തോഷവാര്‍ത്ത കേള്‍ക്കാന്‍ നമ്മോടൊപ്പം ഇല്ല. അദ്ദേഹം വേര്‍പിരിഞ്ഞ് ഒരു വര്‍ഷം തികയുന്നതിന് മുമ്പ് വിഴിഞ്ഞത്തിന്‍റെ ഒന്നാം ഘട്ടം പൂര്‍ത്തിയായതില്‍ ഉമ്മന്‍ ചാണ്ടിയുടെ ആത്മാവ് സന്തോഷിക്കുന്നുണ്ടാകും. വിഴിഞ്ഞത്തിന്‍റെ പേരില്‍ വളരെയേറെ വിമര്‍ശനങ്ങള്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി കേള്‍ക്കേണ്ടിവന്നു. 2015 ഡിസംബര്‍ 15-ന് ആരംഭിച്ച ദിവസത്തെ ‘കേരളത്തെ വില്‍ക്കുന്ന ദിവസം’ എന്നാണ് ഇന്നത്തെ ഭരണകക്ഷിക്കാര്‍ വിശേഷിപ്പിച്ചത്. സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്തം എല്ലാം ഉള്‍പ്പെടെ ആറായിരം കോടി പ്രഥമഘട്ടത്തില്‍ മുതല്‍മുടക്കുള്ള പദ്ധതിയില്‍ 6000 കോടിയുടെ അഴിമതി എന്ന നട്ടാല്‍ മുളയ്ക്കാത്ത നുണയാണ് ഒരു മുന്‍ മുഖ്യമന്ത്രിയടക്കം ഉന്നയിച്ചത്. ഇത് പൂര്‍ത്തിയാകാന്‍ പോകുന്നില്ലെന്നും റിയല്‍ എസ്റ്റേറ്റ് മാഫിയയ്ക്കും അദാനിക്കും ഉമ്മന്‍ ചാണ്ടി കേരളത്തെ വിറ്റുതുലച്ചെന്നും ഇവര്‍ പ്രചരിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ 2015-ലെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ അദ്ദേഹത്തിന്‍റെ ഓര്‍മ്മയില്‍ ഉണ്ടോ എന്നറിയില്ല. ‘മലയാളിയുടെ വികസന മോഹങ്ങളുടെ മറവില്‍ 6000 കോടിരൂപ വിലവരുന്ന ഭൂമി അദാനി ഗ്രൂപ്പിന് കൈമാറ്റം ചെയ്യുന്ന കൂറ്റന്‍ അഴിമതിയാണ് വിഴിഞ്ഞം പദ്ധതിയിലൂടെ നടപ്പിലാകുന്നത്. ഇത് വന്‍ ഗൂഢാലോചനയുടെ ഭാഗമാണ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇതില്‍ ദുരൂഹമായ ഇടപെടല്‍ നടത്തിയിട്ടുണ്ട്.’ അഴിമതിയുടെ പര്യായമായി വിഴിഞ്ഞം പദ്ധതിയെ കണ്ട പിണറായി വിജയന് 2024-ല്‍ ”സ്വപ്‌നം തീരമണയുന്നു” എന്ന് പറയേണ്ടിവന്നത് കാലം കാത്തുവെച്ച കാവ്യനീതിയായിരിക്കും.
പദ്ധതി പ്രവര്‍ത്തനത്തിന് തുടക്കമിട്ട ദിവസം ദേശാഭിമാനി പുറത്തിറങ്ങിയത് ചുവന്ന അക്ഷരത്തില്‍ ”കടല്‍ക്കൊള്ള” എന്ന ആറ് കോളം തലക്കെട്ടോടെയാണ്. ഒന്നാം പേജില്‍ തന്നെ ”മത്സ്യബന്ധനത്തിന് മരണമണി” എന്ന തലക്കെട്ടിലും ”കടലിന് കണ്ണീരിന്‍റെ ഉപ്പ്” എന്ന തലക്കെട്ടിലും തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ക്കും അവര്‍ അച്ചു നിരത്തി. ഏറ്റവും രസകരമായ കാര്യം കപ്പല്‍ തുറമുഖത്ത് അടുത്ത ദിവസം (ജൂലൈ 11ന്) പുറത്തിറങ്ങിയത് ”സ്വപ്‌നം നങ്കൂരമിട്ടു” എന്ന എട്ടുകോളം തലക്കെട്ടില്‍ മദര്‍ഷിപ്പിന്‍റെ ചിത്രമടക്കം ആണെന്നുള്ളതാണ്. ”തെളിഞ്ഞത് സര്‍ക്കാരിന്റെ ഇച്ഛാശക്തി” എന്ന തലക്കെട്ടില്‍ ഒന്നാം പേജില്‍ മറ്റൊരു വാര്‍ത്തയും ഉണ്ട്. ”സര്‍ക്കാരിന്‍റെ” എന്നതിന് പകരം ”തെളിഞ്ഞത് ഉമ്മന്‍ ചാണ്ടിയുടെ ഇച്ഛാശക്തി” എന്നായിരുന്നുവെങ്കില്‍ വാര്‍ത്ത സത്യസന്ധമായേനെ.
വളരെയേറെ എതിര്‍പ്പുകള്‍ നേരിട്ടാണ് പദ്ധതി പ്രവര്‍ത്തനവുമായി ഉമ്മന്‍ ചാണ്ടി മുന്നോട്ടുപോയത്. അദാനി എന്ന കുത്തക മുതലാളിയുമായി സഹകരിക്കുന്നതില്‍ ഉയര്‍ന്നുവന്ന വിമര്‍ശനവും കേരളം വില്‍പനയ്ക്ക് വെച്ചുവെന്ന ഇടതുപക്ഷ പ്രചാരണവും വലിയ തടസങ്ങള്‍ സൃഷ്ടിച്ചിരുന്നു. പദ്ധതിയുടെ വിശദാംശങ്ങള്‍ക്ക് അനുമതി നല്‍കിയ മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞ ഒരുവാചകം എന്‍റെ മനസ്സില്‍ ഉണ്ട്. ‘Now or never’ (ഇപ്പോള്‍ ഇല്ലെങ്കില്‍ ഒരിക്കലുമില്ല). വിഴിഞ്ഞത്തിന് തൊട്ടടുത്ത് കുളച്ചല്‍ തുറമുഖത്തിന് അനുമതി നേടിയെടുക്കാന്‍ അതിശക്തമായ തമിഴ്‌നാട് ലോബി പ്രവര്‍ത്തിച്ചിരുന്നു. കേന്ദ്ര ഷിപ്പിംഗ് സഹമന്ത്രിയായിരുന്ന പൊന്‍ രാധാകൃഷ്ണനും തമിഴ്‌നാട് ഗവണ്‍മെന്‍റും ഇതിനായി ശക്തമായ കരുക്കള്‍ നീക്കി. ഒന്നുകില്‍ വിഴിഞ്ഞം, അല്ലെങ്കില്‍ കുളച്ചല്‍. നാം അമാന്തം കാണിച്ചാല്‍ കുളച്ചല്‍ യാഥാര്‍ത്ഥ്യമാകും. പിന്നെ വിഴിഞ്ഞം ഉണ്ടാവില്ല. ഈ കാര്യം മന്ത്രിസഭാംഗങ്ങളെയും കോണ്‍ഗ്രസ്-യുഡിഎഫ് നേതൃത്വത്തെയും ബോധ്യപ്പെടുത്തിയാണ് അദ്ദേഹം അവരുടെ പിന്തുണ നേടിയെടുത്തത്.
കേരളത്തിന്‍റെ പുനരധിവാസത്തിനുള്ള സമഗ്രമായ പാക്കേജ് വിഴിഞ്ഞം കരാറിന്‍റെ തന്നെ ഭാഗമാക്കാന്‍ ഉമ്മന്‍ ചാണ്ടി നിര്‍ബന്ധപൂര്‍വം പരിശ്രമിച്ചു. പരിസ്ഥിതി സംബന്ധിച്ച വിദഗ്ധസംഘം പദ്ധതി മേഖല സന്ദര്‍ശിച്ചു. കേന്ദ്ര പരിസ്ഥിതിമന്ത്രി ജയ്റാം രമേശും വിഴിഞ്ഞത്തുവന്ന് സ്ഥലം സന്ദര്‍ശിച്ചശേഷം നടത്തിയ ഉന്നതതല യോഗത്തിന് ശേഷം വ്യവസ്ഥകള്‍ക്ക് വിധേയമായി പാരിസ്ഥിതിക അനുമതി നല്‍കാന്‍ തീരുമാനിച്ചത് പദ്ധതിക്ക് പുതിയ ജീവന്‍ നല്‍കി. പദ്ധതിയുടെ സ്ട്രക്ചറല്‍ ഡിസൈന്‍ തയാറാക്കാന്‍ പ്ലാനിംഗ് കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ മൊണ്ടേക് സിംഗ് അലുവാലിയ തന്നെ മുന്‍കൈയെടുത്തു. ഇതിനായി അദ്ദേഹം ഗജേന്ദ്ര ഹാള്‍ഡിയ എന്ന വിദഗ്ധനെ നിയോഗിക്കുകയും ചെയ്തു. ഇതോടെ പദ്ധതി പ്രവര്‍ത്തനം തുടങ്ങാമെന്ന ഘട്ടമെത്തി.
വിഴിഞ്ഞം പദ്ധതിമൂലം തൊഴിലും വീടും ജീവനോപാധികളും നഷ്ടപ്പെടാനിടയുള്ള മത്സ്യത്തൊഴിലാളി സമൂഹത്തിന്‍റെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ സഹായകമായ സമഗ്രമായ പുനരധിവാസ പാക്കേജ് വിഴിഞ്ഞം കരാറിന്‍റെ തന്നെ ഭാഗമായി നടപ്പിലാക്കാനാണ് മന്ത്രിസഭ തീരുമാനിച്ചത്. നിര്‍ദ്ദിഷ്ട തുറമുഖത്തിന്‍റെ 40 കിലോമീറ്റര്‍ വരുന്ന മേഖലയില്‍ ഉണ്ടാവാനിടയുള്ള കടലാക്രമണ ഭീഷണിയും തീരശോഷണവും പഠിച്ച് പരിഹാരനടപടികള്‍ സ്വീകരിക്കാനും ഈ പരിധിക്കുള്ളിലെ മത്സ്യത്തൊഴിലാളികളുടെ ഭവനനിര്‍മ്മാണം, തൊഴില്‍നഷ്ടം ഉള്‍പ്പെടെയുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പാക്കേജിലും ധാരണാപത്രത്തിലും മുന്‍ഗണന നല്‍കിയിരുന്നു. സ്ത്രീശാക്തീകരണത്തിനും കമ്യൂണിറ്റി ഡെവലപ്പ്‌മെന്‍റ് പദ്ധതികള്‍ നടപ്പിലാക്കാനും ഈ മേഖലയോട് ചേര്‍ന്ന് ചെറുകിട ഫിഷിംഗ് ഹാര്‍ബര്‍ സ്ഥാപിക്കാനും സീഫുഡ് പാര്‍ക്ക് ആരംഭിക്കാനും അടക്കമുള്ള സമഗ്രമായ പുനരധിവാസ പദ്ധതികള്‍ വിഴിഞ്ഞം കരാറിന്‍റെ ഭാഗമായിരുന്നു. ഈ പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതിനും മത്സ്യത്തൊഴിലാളികളെ വിശ്വാസത്തില്‍ എടുത്ത് പ്രശ്‌നപരിഹാര നടപടികള്‍ സ്വീകരിക്കുന്നതിനും പിണറായി സര്‍ക്കാര്‍ കാണിച്ച കുറ്റകരമായ അനാസ്ഥ മത്സ്യത്തൊഴിലാളികളെ പദ്ധതിയുടെ ശത്രുക്കളാക്കാനേ സഹായിച്ചുള്ളൂ. മത്സ്യത്തൊഴിലാളികളോട് ശത്രുതാപരമായ നിലപാടാണ് പിണറായി സര്‍ക്കാര്‍ സ്വീകരിച്ചത്. ഒന്നാം ഘട്ടം പൂര്‍ത്തിയാകുമ്പോഴും പൂര്‍ത്തിയാക്കേണ്ട പല കാര്യങ്ങളും ഇപ്പോഴും ഒരിടത്തും എത്തിയിട്ടില്ല. ശശി തരൂര്‍ എംപി ചൂണ്ടിക്കാണിച്ചതുപോലെ പുനരധിവാസ പാക്കേജ് നടപ്പിലാക്കുന്നതിലുള്ള ഗുരുതരമായ വീഴ്ചയാണ് ഇതില്‍ മുഖ്യം. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് പദ്ധതി അഞ്ചുകൊല്ലം വൈകിപ്പിച്ചുവെന്നതിന്‍റെ ക്രെഡിറ്റ് പിണറായി സര്‍ക്കാരിനുതന്നെയാണ്. കൊവിഡും ഓഖിയും മൂലം ഉണ്ടായ കാലതാമസവും പ്രയാസങ്ങള്‍ സൃഷ്ടിച്ചു. വാഗ്ദാനം ചെയ്ത 75 ലക്ഷം ടണ്‍ പാറ സമയത്ത് നല്‍കാന്‍ കഴിഞ്ഞില്ല. റോഡ്-റെയില്‍ കണക്ടിവിറ്റി ഇപ്പോഴും വിദൂരസ്വപ്‌നമായി അവശേഷിക്കുന്നു.
ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഒപ്പുവെച്ച ധാരണാപത്രം അനുസരിച്ച് അഞ്ചുവര്‍ഷം കൊണ്ട്, അതായത് 2019 ഡിസംബര്‍ 15-ന് മുമ്പ് പദ്ധതി ഒന്നാം ഘട്ടം പൂര്‍ത്തിയാക്കേണ്ടതായിരുന്നു. പക്ഷേ ഭരണമാറ്റം ഉണ്ടായതോടെ പദ്ധതിയുടെ ഭാവിയെപ്പറ്റി വലിയ ആശങ്കകള്‍ ഉണ്ടായി. പദ്ധതിയില്‍ അഴിമതി ഉണ്ടായി എന്ന ഇടതുപക്ഷത്തിന്‍റെ ആരോപണവും ടെണ്ടര്‍ നടപടികളെപ്പറ്റി അക്കൗണ്ടന്‍റ് ജനറല്‍ ഉന്നയിച്ച ആക്ഷേപങ്ങളും അന്വേഷിക്കാന്‍ ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ ചെയര്‍മാനായ ഒരു വിദഗ്ധസമിതിയെ പിണറായി സര്‍ക്കാര്‍ നിയോഗിച്ചു. സമിതി വിശദമായ പഠനത്തിനും പരിശോധനയ്ക്കും ശേഷം ആരോപണങ്ങള്‍ നിരാകരിക്കുകയാണ് ഉണ്ടായത്. സുപ്രീം കോടതി നിര്‍ദ്ദേശിച്ച എല്ലാ മാര്‍ഗനിര്‍ദ്ദേശങ്ങളും പാലിച്ചാണ് ടെണ്ടര്‍ നടപടികള്‍ സ്വീകരിച്ചതെന്ന് കമ്മിറ്റി കണ്ടെത്തി. എല്ലാ നടപടികളും വിശദമായ വിദഗ്ധ പരിശോധനയ്ക്ക് ശേഷം മന്ത്രിസഭ തന്നെയാണ് അനുമതി നല്‍കിയതെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാത്രമായി ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ല എന്നുമാണ് കമ്മിറ്റി കണ്ടെത്തിയത്. ഇതോടെ പദ്ധതിയുമായി മുന്നോട്ടുപോകുന്നതിന് പച്ചക്കൊടി കാണിക്കാന്‍ പിണറായി സര്‍ക്കാര്‍ നിര്‍ബന്ധിതമായി.
ഏതായാലും കേരളത്തിന്‍റെ വികസനകുതിപ്പില്‍ ഏറ്റവും വലിയ നാഴികക്കല്ലായ വിഴിഞ്ഞത്തിന്‍റെ ഒന്നാം ഘട്ടം യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞു. രണ്ടാം ഘട്ടം 2028 ഓടെ പൂര്‍ത്തിയാക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷ. ഇതിലേക്കായി ഈവര്‍ഷം തന്നെ 3000 കോടി രൂപയാണ് ചെലവഴിക്കുന്നത്. ഇത് കേരളത്തില്‍ ഒരു വര്‍ഷം ഒരു കമ്പനിയില്‍ നിന്ന് ലഭിക്കുന്ന ഏറ്റവും വലിയ സ്വകാര്യ നിക്ഷേപമാണ്. 2034 മുതല്‍ പദ്ധതിയില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന് വരുമാനം ലഭിച്ചു തുടങ്ങും.
വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത് ഉമ്മന്‍ ചാണ്ടി എന്ന മുന്‍ മുഖ്യമന്ത്രിയുടെ ഇച്ഛാക്തി മൂലം മാത്രമാണ്. പദ്ധതിക്ക് ഉമ്മന്‍ ചാണ്ടിയുടെ പേര് ഇട്ടാലും ഇല്ലെങ്കിലും കേരളത്തിലെ ജനങ്ങളുടെ മനസില്‍ വിഴിഞ്ഞം എന്ന് കേള്‍ക്കുമ്പോള്‍ തെളിഞ്ഞുവരുന്നത് ഉമ്മന്‍ ചാണ്ടിയുടെ മുഖം തന്നെ ആയിരിക്കും.