ശബരിമല; ബി.ജെ.പിയും സി.പി.മ്മും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചാല്‍ നേരിടും: ഉമ്മന്‍ചാണ്ടി

Jaihind Webdesk
Wednesday, November 14, 2018

ആചാരങ്ങളും അനുഷ്ഠാനങ്ങളും അനാചാരമാക്കാൻ സംസ്ഥാന സർക്കാരും സി.പി.എമ്മും ശ്രമിച്ചാൽ സംസ്ഥാനത്തെ ജനങ്ങൾ അംഗീകരിക്കില്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി പറഞ്ഞു. കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി അംഗം ഷാനിമോൾ ഉസ്മാൻ നയിച്ച വിശ്വാസ സംരക്ഷണ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ് എന്നും വിശ്വാസികൾക്കൊപ്പമാണ്. അതുകൊണ്ടാണ് ശബരിമലയിലെ ആചാരങ്ങൾ തുടരണമെന്ന് കാണിച്ച് കഴിഞ്ഞ യു.ഡി.എഫ് സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. ശബരിമലയെ പാർട്ടി അജണ്ടയുടെ ഭാഗമാക്കാൻ ശ്രമിക്കുന്നതുകൊണ്ടാണ് ദേവസ്വം ബോർഡിനെ റിവ്യൂ പെറ്റീഷൻ നൽകുന്നതിൽ നിന്നും സർക്കാർ പിന്തിരിപ്പിച്ചത്. വിശ്വാസികളുടെ വികാരം ഉൾക്കൊള്ളാൻ സുപ്രീം കോടതി തയാറാകുന്നു എന്നതിന്‍റെ സൂചനയാണ് റിവ്യൂ ഹർജികൾ തുറന്ന കോടതിയിൽ കേൾക്കാനുള്ള തീരുമാനമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

എരിതീയിൽ എണ്ണയൊഴിക്കുന്ന സമീപനം മുഖ്യമന്ത്രി മാറ്റണമെന്നും, എല്ലാവരുടെയും അഭിപ്രായം മാനിച്ച് ശബരിമലയിൽ സമാധാനം ഉറപ്പ് വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമല വിഷയത്തിൽ ബി.ജെ.പി രാഷ്ട്രീയ നാടകം കളിക്കുകയാണ്. ബി.ജെ.പിയും ആർ.എസ്.എസും ആചാര സംരക്ഷണമാണ് ആഗ്രഹിക്കുന്നതെങ്കിൽ കേന്ദ്ര സർക്കാരിനെ കൊണ്ട് ഓർഡിനൻസ് ഇറക്കിക്കാൻ തയാറാകണമെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.

ഇന്നല്ലെങ്കിൽ നാളെ അയ്യപ്പഭക്തരുടെ വിശ്വാസം സംരക്ഷിക്കപ്പെടുമെന്നും, ബി.ജെ.പിയും സി.പി.എമ്മും ശബരിമല വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചാൽ കോൺഗ്രസ് ജനാധിപത്യപരമായി നേരിടുമെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.

Shanimol-Osman-11

ഷാനിമോൾ ഉസ്മാൻ സംസാരിക്കുന്നു

കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി അംഗം ഷാനിമോൾ ഉസ്മാൻ നയിച്ച വിശ്വാസ സംരക്ഷണ യാത്ര രാവിലെ അങ്കമാലിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലയിലെ പര്യടനം ആലുവ, കളമശ്ശേരി, പാലാരിവട്ടം എന്നിവടങ്ങളിലെ സ്വീകരണത്തിന് ശേഷമാണ് തൃപ്പൂണിത്തുറയിൽ സമാപിച്ചത്. ആയിരങ്ങളാണ് ഓരോ കേന്ദ്രങ്ങളിലും ജാഥയെ സ്വീകരിക്കാൻ എത്തിച്ചേർന്നത്. കെ.വി തോമസ് എം.പി, കെ.സി ജോസഫ് എം.എൽ.എ തുടങ്ങി നിരവധി നേതാക്കൾ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു.