വിസ്മയയുടെ മരണം : കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കെ സുധാകരൻ എംപി

Jaihind Webdesk
Tuesday, June 22, 2021

തിരുവനന്തപുരം : ഗാർഹിക പീഡനത്തിനിരയായ കൊല്ലത്തെ വിസ്മയ എന്ന പെൺകുട്ടിയുടെ അന്ത്യം സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണെന്നും ഇതിലേക്ക് നയിച്ച സംഭവങ്ങളെ കുറിച്ച് അന്വേഷിച്ച് കുറ്റക്കാർക്കെതിരെ ഉചിതവും കർശനവുമായ നടപടികൾ സ്വീകരിക്കാർ സംസ്ഥാന ആഭ്യന്തര വകുപ്പ് തയാറാകണമെന്നും കെ.പി.സി സി പ്രസിഡന്‍റ് കെ സുധാകരൻ എംപി ആവശ്യപ്പെട്ടു.

വിസ്മയയെ സ്ത്രീധനത്തിന്‍റെ പേരിൽ ഉപദ്രവിച്ച ഭർത്താവ് ഉന്നത വിദ്യാഭ്യാസ യോഗ്യതകൾ ഉള്ള സർക്കാർ ഉദ്യോഗസ്ഥനാണ്. എന്നിട്ടും പരസ്യമായിതന്നെ സ്ത്രീധനത്തിന്‍റെ പേരിൽ ഭാര്യയെ ഉപദ്രവിച്ചിരുന്നു എന്നത് ഞെട്ടൽ ഉളവാക്കുന്ന കാര്യമാണ്. സ്ത്രീധനത്തിന്‍റെയോ ഗാർഹിക പീഡനത്തിന്‍റെയൊ പേരിൽ ഇനി ഒരു പെൺകുട്ടി കൂടി ഇല്ലാതാകാതിരിക്കാൻ സർക്കാർ ശക്തമായ ഇടപെടൽ നടത്തണം.

ഗാർഹിക പീഡനത്തിനെതിരെ പരാതിപ്പെടുകയും അതിനു ശേഷം ലോക്കൽ പൊലീസിന്‍റെയൊ മറ്റോ സാന്നിധ്യത്തിൽ ഒത്തുതീർപ്പ് ആകുകയും ചെയ്ത എല്ലാ കേസുകളും ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പുനരന്വേഷണത്തിന് വിധേയമാക്കണമെന്നും സർക്കാർ ഉദ്യോഗസ്ഥർ സ്ത്രീ ധനം വാങ്ങുന്നത് വിജിലൻസ് അന്വേഷണത്തിന് കീഴിൽ കൊണ്ടുവരികയും ചെയ്യണമെന്ന് കെ സുധാകരൻ ആവശ്യപ്പെട്ടു.

വിസ്മയയുടെ മരണത്തിന് കാരണക്കാരനായ സർക്കാർ ഉദ്യോഗസ്ഥനായ പ്രതിയെ ജോലിയിൽ നിന്നും മാറ്റി നിർത്തി, എത്രയും പെട്ടെന്ന് പ്രതിക്ക്/ പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പ് വരുത്താൻ സർക്കാർ തയാറാകണം. ശ്രീറാം വെങ്കിട്ടരാമനെ പോലെ പണവും സ്വാധീനവും ഉപയോഗിച്ച് നിയമത്തിൽ നിന്നും രക്ഷപ്പെടാൻ വിസ്മയയുടെ ഘാതകരെ അനുവദിക്കരുത്.

സമീപകാലത്ത് സ്ത്രീകൾക്കെതിരായ പീഡനങ്ങൾക്കെതിരെ ആഭ്യന്തര വകുപ്പിന്‍റെ ഭാഗത്തു നിന്നും ശക്തമായ നടപടികൾ ഉണ്ടാകാത്തത് ഇത്തരം ക്രിമിനലുകൾക്ക് പ്രോത്സാഹനമാകുന്നുണ്ടെന്നും പാലത്തായിയിലും വാളയാറിലും ഉൾപ്പെടെ ആഭ്യന്തര വകുപ്പിനുണ്ടായ കുറ്റകരമായ വീഴ്ച സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളിൽ ഇനി ഉണ്ടാകരുതെന്നും കെ സുധാകരൻ എം.പി പറഞ്ഞു.