വിസ്മയയുടെ മരണം : ഭർത്താവ് കിരണ്‍ കസ്റ്റഡിയില്‍ ; പൊലീസ് ചോദ്യംചെയ്യുന്നു

Jaihind Webdesk
Monday, June 21, 2021

കൊല്ലം : ശാസ്താംകോട്ട പോരുവഴിയില്‍ ഭർതൃവീട്ടിൽ യുവതി ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച  സംഭവത്തിൽ ഭർത്താവും മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടറുമായ കിരണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ  ചോദ്യം ചെയ്യുകയാണ്. കൊല്ലം നിലമേല്‍ കൈതോട് സ്വദേശിനി  വിസ്മയയെയാണ് ഭര്‍ത്തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധനപീഡനത്തെ തുടർന്നുള്ള കൊലപാതകമാണ് നടന്നതെന്ന്  വിസ്മയയുടെ കുടുംബം ആരോപിച്ചു.

കഴിഞ്ഞ രാത്രി ഉണ്ടായ മര്‍ദ്ദനത്തെ കുറിച്ച് വിസ്മയ കുടുംബാംഗങ്ങൾക്ക് വാട്സാപ്പില്‍ സന്ദേശം അയച്ചിരുന്നു. മര്‍ദ്ദനത്തിലേറ്റ പരിക്കിന്‍റെ ചിത്രങ്ങളും ബന്ധുക്കള്‍ക്ക് കൈമാറിയിരുന്നു. ഇതിനു പിന്നാലെ ഇന്ന് പുലര്‍ച്ചെയാണ് വിസ്മയയെ വീടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം വിസ്മയയുടെ മൃതദേഹം നിലമേലിലെ കുടുംബവീട്ടിൽ സംസ്കരിച്ചു.