കൊച്ചി: വിസ്മയ കേസ് പ്രതി കിരണ്‍ കുമാറിന്‍റെ ഹര്‍ജി ഹൈക്കോടതി തള്ളി.ശിക്ഷ നടപ്പാക്കുന്നതു നിർത്തി വയ്ക്കണം എന്നാവശ്യപ്പെട്ടാണ് കിരണ്‍ ഹര്‍ജി നല്‍കിയത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
വിചാരണ കോടതിയുടെ വിധി ചോദ്യം ചെയ്തു കൊണ്ട് നൽകിയ അപ്പീലിൽ വിധി വരുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് തടയണം എന്നായിരുന്നു കിരണിൻ്റെ ആവശ്യം. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാവിധിക്കെതിരേയാണ് പ്രതി ഹൈക്കോടിയിൽ അപ്പീൽ നൽകിയത്. ഈ ആവശ്യമാണ് ഹൈക്കോടതി തള്ളിയത്.
കഴിഞ്ഞ വർഷം ജൂൺ 21നാണ് കൊല്ലം ജില്ലയിലെ വിസ്മയ ഭർതൃവീട്ടിൽ തൂങ്ങി മരിച്ചത്. ഭർത്താവിന്‍റെ പീഡനമാണ് വിസ്മയയുടെ ആത്മഹത്യയ്ക്കു കാരണമെന്നാരോപിച്ച് വീട്ടുകാർ രംഗത്ത് എത്തിയതോടെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി. സംഭവത്തിൽ ഭർത്താവായ കിരണിന് പത്ത് വർഷത്തെ തടവിനും 12.55 ലക്ഷം രൂപ പിഴയ്ക്കുമാണ് കോടതി ശിക്ഷിച്ചത്.