വിസ്മയ കേസ്: ഭർത്താവ് കിരണ്‍ കുമാർ കുറ്റക്കാരന്‍, ജാമ്യം റദ്ദാക്കി; ശിക്ഷാവിധി നാളെ

Jaihind Webdesk
Monday, May 23, 2022

കൊല്ലം : കേരള മനസാക്ഷിയെ പിടിച്ചു കുലുക്കിയ വിസ്മയ കേസിൽ കിരൺ കുമാർ കുറ്റക്കാരനെന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി. പ്രതിയും വിസ്മയയുടെ ഭർത്താവുമായ കിരൺ കുമാറിനുള്ള ശിക്ഷ കോടതി നാളെ വിധിക്കും. സ്ത്രീധനപീഡനം, ആത്മഹത്യാ പ്രേരണക്കുറ്റം, ഗാർഹിക പീഡനം തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞു. വിധിയിൽ സന്തോഷമുണ്ടെന്ന് വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായർ പ്രതികരിച്ചു.

സ്ത്രീധനപീഡനം, ആത്മഹത്യാപ്രേരണക്കുറ്റം, ഗാർഹിക പീഡനം തുടങ്ങി ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304 B, 498 A, 306, ഇതിനുപുറമേ സ്ത്രീധന നിരോധന നിയമത്തിലെ 3, 4 വകുപ്പുകൾ എന്നിവ പ്രതിക്കെതിരെ നില നിൽക്കുമെന്ന് കോടതി വ്യക്തമാക്കി. സാക്ഷി മൊഴികൾക്ക് ഉപരിയായി ഡിജിറ്റൽ തെളിവുകളാണ് കേസിൽ ഏറെ നിർണായകമായത്.

വിധിയിൽ സന്തോഷമുണ്ടെന്നും, മറ്റൊരു പെൺകുട്ടിക്കും തന്‍റെ മകളുടെ അവസ്ഥ ഉണ്ടാകരുതെന്നും വിസ്മയുടെ പിതാവ് ത്രിവിക്രമൻ നായർ പറഞ്ഞു. സമയ ബന്ധിതമായി പൂർത്തിയാക്കിയ അന്വേഷണത്തിന് കരുത്ത് പകരുന്നതാണ് കോടതി വിധിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ സുപ്രീം കോടതി പ്രതി കിരൺ കുമാറിന് നേരത്തെ അനുവധിച്ച ജാമ്യം റദക്കി
കൊല്ലം ജില്ലാ ജയിലിലേക്ക് മാറ്റി. സമൂഹത്തിന് മാതൃകയാകുന്ന ശിക്ഷ തന്നെ പ്രതിക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രോസിക്യൂഷനും വിസ്മയയുടെ കുടുംബവും.