ദുബായ് : മലയാളിയായ യുവ എഴുത്തുകാരി ആരതി നായര്‍ എഴുതിയ ഇംഗ്ലീഷ് പുസ്തകം ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ പ്രകാശനം ചെയ്യും. ‘വിഷന്‍ ഓണ്‍ ബോര്‍ഡ്’ എന്ന പുസ്തകമാണിത്. പുസ്തമേളയിലെ ആദ്യദിനമായ നവംബര്‍ രണ്ടിന് വൈകിട്ട് അഞ്ചിനാണ് പ്രകാശന ചടങ്ങ്.
‘വിഷന്‍ ഓണ്‍ ബോര്‍ഡ്’ പുസ്തകത്തെക്കുറിച്ച്:
ഓരോരുത്തരുടെയും സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍, കാഴ്ചപ്പാട് കൂടുതല്‍ വിശാലമാക്കാന്‍ ഉപകരിക്കുന്ന പുസ്തകമാണിതെന്ന് ആരതി നായര്‍ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു. ‘വിഷന്‍ ഓണ്‍ ബോര്‍ഡ് ‘ എന്ന പുസ്തകം എല്ലാ തലമുറകളുടെയും വിവിധ പ്രായക്കാരുടെയും കാഴ്ചപ്പാടുകളില്‍ മാറ്റം വരുത്താന്‍ ഉപകരിക്കും. അത്തരത്തിലുള്ള ഒരു അതുല്യ സൃഷ്ടിയാകുമെന്നാണ് വിശ്വാസമെന്ന് ആരതി കൂട്ടിച്ചേര്‍ത്തു. വ്യക്തമായ ഒരു വിഷന്‍ ബോര്‍ഡിന്‍റെ സഹായത്തോടെ ജീവിതത്തില്‍ വിജയം കൈവരിക്കാനാകും. ഇതിനായി ചിന്താപ്രക്രിയയെ തന്ത്രപരമായി പുനഃക്രമീകരിക്കുന്നതിനുള്ള മികച്ച റഫറന്‍സ് മെറ്റീരിയല്‍ കൂടിയാണ് ഈ പുസ്തകം. ഓരോ നാഴികക്കല്ലുമായും ബന്ധപ്പെട്ട ചിത്രപരമായ പ്രാതിനിധ്യത്തെ അടിസ്ഥാനമാക്കിയാണ് പുസ്തകം തയാറാക്കിയിട്ടുള്ളത്. ഒപ്പം വായനക്കാരുടെ ലക്ഷ്യങ്ങളെയും മാര്‍ഗനിര്‍ദ്ദേശങ്ങളെയും കുറിച്ച് പുസ്തകം ഓര്‍മ്മിപ്പിക്കുന്നു. ലിപി പബ്‌ളിക്കേഷന്‍സ് ആണ് വിഷന്‍ ഓണ്‍ ബോര്‍ഡ് വായനക്കാരിലേക്ക് എത്തിക്കുന്നത്.
പുസ്തക പ്രകാശന ചടങ്ങ്:
ഷാര്‍ജ രാജ്യാന്തര പുസ്തക മേളയിലെ ഹാള്‍ നമ്പര്‍ ഏഴില്‍ നവംബര്‍ രണ്ടിന് റൈറ്റേഴ്‌സ് ഫോറം ഹാളില്‍ നടക്കുന്ന പ്രകാശന ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകന്‍ ഷാബു കിളിത്തട്ടില്‍ ജയ്ഹിന്ദ് ടിവി മിഡില്‍ ഈസ്റ്റ് വാര്‍ത്താ വിഭാഗം മേധാവി എല്‍വിസ് ചുമ്മാറിന് ആദ്യ കോപ്പി നല്‍കി പ്രകാശനം നിര്‍വഹിക്കും. സുനില്‍ ടി രാജു, വിഷ്ണു നായര്‍, പ്രവീണ്‍ പാലക്കീല്‍, ലിപി അക്ബര്‍ എന്നിവര്‍ പങ്കെടുക്കും. ആരതി നായര്‍ മറുപടി പ്രസംഗം നടത്തും. നേരത്തെ ‘നാരീ മരങ്ങള്‍’ എന്ന മലയാള കഥാസമാഹാരം ആരതി എഴുതിയിട്ടുണ്ട്. കണ്ണീരിന്‍റെ നനവ് പടര്‍ന്ന പെണ്‍മനസുകളുടെ ഏഴു കഥകളായിരുന്നു ആദ്യ പുസ്തകം.