ഇന്ന് വിഷു; കണിയൊരുക്കിയും കൈനീട്ടം നൽകിയും മലയാളികൾ ആഘോഷത്തില്‍; ശബരിമലയിലും ഗുരുവായൂരും ഭക്തജനത്തിരക്ക്

Jaihind Webdesk
Monday, April 15, 2019

ഐശ്വര്യത്തിന്‍റേയും കാർഷിക സമൃദ്ധിയുടെയും ഓർമ്മപ്പെടുത്തലുമായി മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു. കണിയൊരുക്കിയും കൈനീട്ടം നൽകിയും ഒത്തുചേർന്നും ആഹ്ലാദകരമായ വിഷു ആഘോഷത്തിലാണ് മലയാളികൾ.
കൊല്ലവർഷം വരും മുൻപ് മലയാളിക്ക് ഇത് കാർഷിക വർഷപ്പിറവിയുടെ ദിനമായിരുന്നു.

നാടെങ്ങും മഞ്ഞയണിഞ്ഞ് കൊന്നപ്പൂക്കളും ഐശ്വര്യം വിളിച്ചോതുന്ന സമൃദ്ധമായ വിളവെടുപ്പിനെയും അനുസ്മരിച്ച് സമ്പല്‍ സമൃദ്ധമായ പ്രകൃതിയുടെ കൊച്ചു രൂപമായി വിഷുക്കണിയൊരുക്കിയാണ് കേരളം വിഷു ആഘോഷിക്കുന്നത്. വിഷുക്കൈനീട്ടവും ഗൃഹാതുരമായ ഓര്‍മ്മകളുണര്‍ത്തുന്ന ഒത്തുചേരലുകളും ഇന്നും മലയാളികള്‍ ആഘോഷമാക്കുന്നു. പൊള്ളുന്ന ചൂടിലും കണിക്കൊന്നകള്‍ പൂത്തുലയുന്ന വിഷുക്കാലം മലയാളിക്ക് കാര്‍ഷിക സംസ്കാരത്തിന്‍റെ ഓര്‍മ്മ കൂടിയാണ്.

മേടപ്പുലരിയിൽ ഭക്തിനിർഭരമാണ് ഗുരുവായൂരും ശബരിമലയും. കണി കാണാനും തൊഴാനുമായി നിരവധി പേരാണ് ഇരു ക്ഷേത്രങ്ങളിലേക്കും ഒഴുകിയെത്തുന്നത്. ശക്തമായ സുരക്ഷയാണ് ശബരിമലയിൽ ഒരുക്കിയിരിക്കുന്നത്.

ഗുരുവായൂരപ്പനെ കണ്ട് അനുഗ്രഹം വാങ്ങാനും കണികാണാനും വൻ ഭക്തജനത്തിരക്കാണ് ഗുരുവായൂരിൽ അനുഭവപ്പെട്ടത്. പുലർച്ചെ 2.34 മുതൽ 3.34 വരെയായിരുന്നു ഭക്തർക്ക് വിഷുക്കണി ദർശനം. ഓട്ടുരുളിയിൽ ഉണക്കലരി, പുതുവസ്ത്രം, ഗ്രന്ഥം, സ്വർണം, വാൽക്കണ്ണാടി, കണിക്കൊന്ന, വെള്ളരി, ചക്ക, മാങ്ങ, പഴങ്ങൾ, നാളികേരം എന്നിവയാണ് കണിക്കോപ്പുകൾ.
രാവിലെയും ഉച്ചതിരിഞ്ഞും കാഴ്ചശീവേലിക്ക് ചൊവ്വല്ലൂർ മോഹനൻറെ നേതൃത്വത്തിൽ മേളം അകമ്പടിയായുണ്ട്. രാത്രി വിളക്കെഴുന്നെള്ളിപ്പിന് പ്രധാന വാദ്യം ഇടയ്ക്കയാണ്. സന്ധ്യക്ക് കല്ലൂർ രാമൻകുട്ടിയുടെ തായമ്പക, നാഗസ്വരം, കേളി എന്നിവയും ഉണ്ടാകും. ശബരിമലയിലും വിഷുക്കണി ദർശനത്തിന് നിരവധി പേരാണ് എത്തുന്നത്. രാവിലെ നാല് മണിക്ക് നട തുറന്നതിന് ശേഷമാണ് ഭക്തർക്ക് അയ്യപ്പ ദർശനത്തിന് അവസരമൊരുങ്ങിയത്. മൂന്ന് മണിക്കൂർ നേരം വിഷുക്കണി ദർശനത്തിന് അവസരമൊരുക്കി. തുടർന്ന് പൂജകൾ ആരംഭിച്ചു. തിരക്ക് വർദ്ധിച്ചതോടെ പൊലീസ് സുരക്ഷ ശക്തമാക്കി. പമ്പയിലും സന്നിധാനത്തും കൂടുതൽ പൊലീസിനെ വിന്യസിച്ചു.

മണ്ഡലകാലകത്തെ അപേക്ഷിച്ച് സന്നിധാനത്ത് നിയന്ത്രണങ്ങളേർപ്പെടുത്തിയിട്ടില്ല. കെഎസ്ആർടിസിയും വലിയ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നിലയ്ക്കലിൽനിന്നുള്ള സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്.