ആലപ്പുഴ: വിസ തട്ടിപ്പിനിരയായി തലവടി സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തിൽ എറണാകുളം കാക്കനാട് സ്വദേശിയായ പ്രതി ബിജോയ് തോമസ് (51) പിടിയില്‍. വിദേശത്തേക്ക് കടക്കാനുള്ള തയ്യാറെടുപ്പിനിടയിലാണ് എടത്വ പോലീസിന്‍റെ സമയോചിതമായ ഇടപെടലിൽ വെള്ളിയാഴ്ച രാത്രിയാണ് പ്രതിയെ ആലുവയില്‍ നിന്ന് പിടികൂടിയത്.
സൈബർ സെല്ലിന്‍റെ സഹായത്തോടെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തി വന്നിരുന്നത്. പ്രതി മൂന്ന് മൊബൈൽ ഫോണുകൾ മാറി മാറി ഉപയോഗിച്ചത് പോലീസിനെ ഏറെ വലച്ചു. പ്രതിയിൽ നിന്നും നിരവധി എടിഎം കാർഡുകളും മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു. പ്രതി ഇതിന് മുന്‍പും നിരവധി കേസുകളിൽ പ്രതിയായി ജയിൽവാസം അനുഭവിച്ചിട്ടുള്ള ആളാണ് .വിസയ്ക്കായി അപേക്ഷിക്കുന്നവർക്ക് ഇസ്രയേൽ അടക്കമുള്ള രാജ്യങ്ങളിലേക്ക് തീർത്ഥാടന വിസ നൽകി അവിടുന്ന് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി വിടുകയായിരുന്നു പതിവ്. ഇതുപോലെ നിരവധി പേരാണ് ചതിയില്‍ പെട്ടിട്ടുള്ളതെന്നാണ് പോലീസില്‍ നിന്നുള്ള പ്രാഥമിക വിവരം.
തലവടി സ്വദേശി ശരണ്യയുടെ ആത്മഹത്യ തുടർന്ന് ആത്മഹത്യ പ്രേരണ കുറ്റത്തിനും പണം നൽകി വഞ്ചിക്കപ്പെട്ട മറ്റു രണ്ടു തലവടി സ്വദേശികളുടെ പരാതികളില്‍ വഞ്ചന കുറ്റം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എസ്.പി മോഹനചന്ദ്രൻ, അമ്പലപ്പുഴ ഡിവൈ.എസ്പി കെ.എൻ. രാജേഷ്, എടത്വാ എസ്ഐ എൻ. രാജേഷ്, എഎസ്ഐ മാരായ പ്രദീപ്, റിജോ ജോയ്, നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
യുവതിയുടെ ആത്മഹത്യാ കുറിപ്പിൽ നിന്നാണ് ഏജൻസിയെ കുറിച്ചും പ്രതിയെ കുറിച്ചും വിവരം ലഭിച്ചത് ഇതിനെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്. വിസ തട്ടിപ്പിന് ഇരയായ തലവടി മാളിയേക്കൽ ശരണ്യ (34) ആണ് കഴിഞ്ഞ അഞ്ചിനാണ് തൂങ്ങി മരിച്ചത്. ആത്മഹത്യാ കുറിപ്പിൽ നിന്നും നിരവധി ആളുകളുടെ കൈയ്യിൽ നിന്ന് പണം വാങ്ങി ഏജൻസിക്ക് കൈമാറിയതായി സൂചന ലഭിച്ചിരുന്നു. ഇതേ തുടർന്ന് ശരണ്യയുടെ അക്കൗണ്ട് പരിശോധിച്ചപ്പോൾ നീരേറ്റുപുറത്തുള്ള രണ്ട് ബാങ്കുകളുടെ അക്കൗണ്ടിൽ നിന്ന് അരക്കോടിയിലേറെ രൂപ ഏജൻസിക്ക് കൈമാറിയതായി തെളിവ് ലഭിച്ചിട്ടുണ്ട്.
കൂടാതെ ശരണ്യയുടെ കൂട്ടുകാരിയുടെ അക്കൗണ്ടിൽ നിന്നും ആറ് ലക്ഷം രൂപയോളം ഈ എജൻസിക്ക് കൈമാറിയിട്ടുണ്ട്. വിദേശ ജോലി സ്വപ്നം കണ്ട നിരവധി ആളുകളുടെ പണമാണ് ഇയാൾ കൈക്കലാക്കിയത്. ശരണ്യയുടെ വിശ്വാസിയതയിൽ പണം കൈമാറിയ മറ്റ് തൊഴിലന്വേഷികൾ വിസ തട്ടിപ്പെന്ന് മനസ്സിലാക്കിയതോടെ പണം തിരികെ ആവശ്യപ്പെട്ടിരുന്നു. വിദേശത്തേയ്ക്ക് പോകാനുള്ള തയ്യാറെടുപ്പ് നടക്കുന്നതിനിടെയാണ് വിസ തട്ടിപ്പ് വിവരം ശരണ്യക്ക് മനസ്സിലായത്. ഇതിൽ മനം നൊന്താണ് ശരണ്യ തൂങ്ങി മരിച്ചത്. ശരണ്യയുടെ മരണവിവരം അറിഞ്ഞ ഭർത്താവും തൂങ്ങി മരിക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാരുടെയും പോലീസിന്‍റെയും സമയോജിതമായ ഇടപെടലിൽ ജീവൻ തിരിച്ചു കിട്ടിയിരുന്നു.