വിരാട് കോലി ദശാബ്ദത്തിലെ താരം; ടെസ്റ്റിലെ താരം സ്റ്റീവ് സ്മിത്ത്; എലിസ് പെറി മികച്ച വനിതാ താരം

B.S. Shiju
Monday, December 28, 2020

ഐസിസിയുടെ ദശാബ്ദത്തിലെ ഏകദിന ക്രിക്കറ്റ് താരമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി. ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്താണ് ടെസ്റ്റിലെ മികച്ച താരം. ഓസ്ട്രേലിയൻ താരമായ എലിസ് പെറി മികച്ച വനിതാ താരമായും, ഏകദിന, ട്വന്‍റി20 വനിതാ താരമായും തെരഞ്ഞെടുക്കപ്പെട്ടു.

ഐസിസിയുടെ ദശാബ്ദത്തിലെ ഏകദിന ക്രിക്കറ്റ് താരമായാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി തെരെഞ്ഞെടുക്കപ്പെട്ടത്. അവാർഡിന് പരിഗണിച്ച കാലഘത്തിൽ 10,000 ന് മുകളിൽ ഏകദിന റൺസ് നേടിയ ഒരേയൊരു താരമാണു കോലി. 39 സെഞ്ചുറികളും 48 അർധസെഞ്ചുറികളും ഇന്ത്യൻ നായകൻ നേടി. ഒപ്പം പതിറ്റാണ്ടിലെ മികച്ച പുരുഷ ക്രിക്കറ്റ് താരത്തിനുള്ള സർ ഗാർഫീൽഡ് സോബേഴ്സ് പുരസ്കാരവും കോലിക്കാണ്. ഈ നേട്ടങ്ങളെല്ലാം പരിഗണിച്ചാണ് ഐസിസി കോലിയെ ഏകദിന താരമായി തിരഞ്ഞെടുത്തത്. മികച്ച ഏകദിന താരമാകാനുള്ള മത്സരത്തില്‍ ഇന്ത്യന്‍ മുന്‍ നായകന്‍ എം എസ് ധോണിയും ഓപ്പണര്‍ രോഹിത് ശര്‍മ്മയും കോലിക്കൊപ്പമുണ്ടായിരുന്നു. ശ്രീലങ്കന്‍ താരങ്ങളായ ലസിത് മലിംഗ, കുമാര്‍ സംഗക്കാര, ഓസ്‌ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്ക്, ദക്ഷിണാഫ്രിക്കയുടെ എ.ബി ഡിവില്ലിയേഴ്‌സ് എന്നിവരെയും മറികടന്നാണ് കോലിയുടെ സുവര്‍ണ നേട്ടം.

ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്താണ് ടെസ്റ്റിലെ മികച്ച താരം. 7040 ടെസ്റ്റ് റൺസാണ് താരം നേടിയത്. 26 സെഞ്ചുറികളും 28 അർധസെഞ്ചുറികളുമാണ് സ്മിത്ത് സ്വന്തമാക്കിയത്. അഫ്ഗാനിസ്ഥാൻ ഓൾ റൗണ്ടർ റാഷിദ് ഖാൻ പതിറ്റാണ്ടിലെ മികച്ച ട്വന്‍റി20 താരമായും തിരഞ്ഞെടുക്കപ്പെട്ടു. അവാർഡ് കാലയളവിൽ ഏറ്റവും കൂടുതൽ ട്വന്‍റി20 വിക്കറ്റുകൾ നേടിയ താരമാണ് റാഷിദ് ഖാൻ.

ഓസ്ട്രേലിയയുടെ എലിസ് പെറി മികച്ച വനിതാ താരമായും, ഏകദിന, ട്വന്‍റി20 വനിതാ താരമായും തെരഞ്ഞെടുക്കപ്പെട്ടു.

https://twitter.com/ICC/status/13434935528783421454

സ്പിരിറ്റ് ഓഫ് ദ് ക്രിക്കറ്റ് അവാർഡ് മുൻ ഇന്ത്യൻ നായകൻ എം.എസ് ധോണിക്കും ലഭിച്ചു. 2011 ലെ നോട്ടിങ്ങാം ടെസ്റ്റിൽ റൺ ഔട്ടായ ഇംഗ്ലിഷ് താരം ഇയാൻ ബെല്ലിനെ തിരിച്ചുവിളിച്ച നടപടിക്കാണ് ധോണിയെ ആരാധകർ തിരഞ്ഞെടുത്തത്.