കഴിഞ്ഞ വർഷം ക്രിക്കറ്റിലെ ഒട്ടുമുക്കാൽ നേട്ടങ്ങളും മത്സരിച്ച് തങ്ങളുടെ പേരിൽ കുറിച്ച താരങ്ങളാണ് ഇന്ത്യയുടെ വിരാട് കോലിയും രോഹിത് ശർമ്മയും. പുതിയ വർഷത്തിൽ ന്യൂസിലൻഡിനെതിരായ ടി20 പരമ്പരക്കായി വെള്ളിയാഴ്ച്ച ഇന്ത്യൻ താരങ്ങൾ ഇറങ്ങുമ്പോൾ രണ്ടുപേരും പുതിയ നാഴികകല്ലുകൾക്ക് തൊട്ടരികെയാണ്.
അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദ മാച്ച് പ്രകടനങ്ങളെന്ന റെക്കോഡ് കോലിയെ കാത്തിരിക്കുമ്പോൾ അന്താരാഷ്ട്ര ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റിൽ നിന്നുമായി 10,000 റൺസ് നേട്ടം എന്ന റെക്കോഡിനരികെയാണ് രോഹിത് ശർമ്മ. നിലവിൽ ടി20യിൽ 12 മാൻ ഓഫ് ദ മാച്ച് പുരസ്‌കാരങ്ങളുമായി അഫ്ഗാനിസ്ഥാൻ താരം മുഹമ്മദ് നബിക്കൊപ്പമാണ് ഇന്ത്യൻ നായകൻ. നടക്കാനിരിക്കുന്ന ന്യൂസിലൻഡിനെതിരായ ടി20 സീരിസിൽ ഒരു മാൻ ഓഫ് ദ മാച്ച് പുരസ്‌കാരം കൂടെ സ്വന്തമാക്കാനായാൽ ഏറ്റവുമധികം മാൻ ഓഫ് ദ മാച്ച് നേട്ടങ്ങളെന്ന റെക്കോഡ് കോലിയുടെ പേരിലാവും.
ഓപ്പണറെന്ന നിലയിൽ മൂന്ന് ഫോർമാറ്റുകളിൽ നിന്നുമായി 216 ഇന്നിങ്‌സുകളിൽ നിന്നും 9937 റൺസാണ് രോഹിത്തിന്റെ പേരിലുള്ളത്. സുനിൽ ഗവാസ്‌കർ, സച്ചിൻ ടെണ്ടുൽക്കർ, വീരേന്ദർ സേവാഗ് എന്നിവരാണ് 10,000 ക്ലബിലെത്തിയ മറ്റ് ഇന്ത്യൻ ഓപ്പണർമാർ. അഞ്ച് ടി20 മത്സരങ്ങളാണ് ന്യൂസിലൻഡിനെതിരായുള്ള പരമ്പരയിലുള്ളത്.