വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണം: തുടരന്വോഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

Jaihind Webdesk
Thursday, October 5, 2023


വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ തുടരന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവ്. ബാലഭാസ്‌കറിന്റെ പിതാവ് കെ.സി. ഉണ്ണി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്. ഗൂഢാലോചനയുണ്ടെങ്കില്‍ അത് ഉള്‍പ്പെടെ പരിശോധിച്ച് മൂന്നു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി സിബിഐയ്ക്കു നിര്‍ദ്ദേശം നല്‍കി.കേസിന്റെ എല്ലാ വശങ്ങളും സിബിഐ പരിശോധിച്ചിട്ടില്ലെന്നും ബാലഭാസ്‌കറിന്റെ മരണത്തിനു പിന്നില്‍ ഗൂഢാലോചനയുടെ സാധ്യതകളുണ്ടെന്നുമായിരുന്നു പിതാവിന്റെ ഹര്‍ജിയിലെ ആരോപണം. ഈ വാദം അംഗീകരിച്ചാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ച് ബാലഭാസ്‌കറിന്റെ മരണത്തില്‍ തുടരന്വേത്തിന് ഉത്തരവിട്ടത്. ബാലഭാസ്‌കറിന്റെ മരണത്തില്‍ സ്വര്‍ണ്ണ കള്ളക്കടത്ത് റാക്കറ്റിന് പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു.അപകടത്തില്‍ ബാലഭാസ്‌കറിന്റെ മാനേജര്‍ ആയിരുന്ന പ്രകാശ് തമ്പിക്ക് പങ്കുണ്ടോ എന്നതും, കലാഭവന്‍ സോബിയുടെ ആരോപണങ്ങളും തുടരന്വേഷണത്തില്‍ പരിശോധിക്കണം. മൂന്നുമാസത്തിനുള്ളില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സിബിഐക്ക് കോടതി നിര്‍ദ്ദേശം. അപകടത്തില്‍ ദുരൂഹത ഇല്ലെന്ന അന്വേഷണ സംഘത്തിന്റെ കുറ്റപത്രം സ്വീകരിച്ച സിബിഐ കോടതി നടപടി ഹൈക്കോടതി റദ്ദാക്കി. 2019 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയാണ് ബാലഭാസ്‌കര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടത്. മരണത്തില്‍ ദുരൂഹ ഇല്ലെന്നും, ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നുമായിരുന്നു സിബിഐയുടെ വാദം. വിചാരണ തുടരാന്‍ അനുവദിക്കണമെന്നും സിബിഐ ആവശ്യപ്പെട്ടിരുന്നു. ഈ വാദം ഹൈക്കോടതി തള്ളി.