നിയമസഭാ തെരഞ്ഞെടുപ്പ് : അസമിലും ബംഗാളിലും ആദ്യഘട്ടം ; ബംഗാളില്‍ അക്രമം, ബസ് കത്തിച്ചു

Jaihind News Bureau
Saturday, March 27, 2021

നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന അസം, ബംഗാൾ സംസ്ഥാനങ്ങളിലെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. ബംഗാളിൽ ആകെയുള്ള 294 മണ്ഡലങ്ങളിൽ 30 ഇടത്തും അസമിലെ 126 മണ്ഡലങ്ങളിലെ 47 ഇടത്തുമാണ് വോട്ടെടുപ്പ്. രാവിലെ 8 മണി മുതൽ വൈകിട്ട് 7 വരെയാണ് വോട്ടെടുപ്പ് നടക്കുക. എട്ട് ഘട്ടങ്ങളിലായാണ് ബംഗാളിലെ വോട്ടെടുപ്പ് പൂർത്തിയാകുന്നത്.

അതിനിടെ ബംഗാളില്‍ ആദ്യഘട്ട പോളിംഗിന് തൊട്ടുമുമ്പ് അക്രമം റിപ്പോർട്ട് ചെയ്തു. പോളിംഗ് ഉദ്യോഗസ്ഥരെ ബൂത്തിലാക്കി മടങ്ങിയ ബസ് അക്രമികള്‍ അഗ്നിക്കിരയാക്കി. ജംഗൾ മഹൽ മേഖലയിലെ തുൽസിഡി ഗ്രാമത്തിലാണ് അക്രമം നടന്നത്. സമീപത്തെ വനത്തിൽ നിന്ന് ഇരച്ചെത്തിയ മൂന്നംഗ സംഘം ബസ് തടയുകയും കത്തിക്കുകയുമായിരുന്നുവെന്നാണ് ദൃക്‌സാക്ഷി മൊഴി. സംഭവവുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവറെ ചോദ്യം ചെയ്യുകയാണ്.

ആകെ 1.54 കോടി വോട്ടർമാരാണ് ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കുക. ബംഗാളിൽ, 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കൂടുതൽ സീറ്റുകൾ നേടാനായ ജംഗൽമഹൽ മേഖലയിലാണ് ആദ്യഘട്ട പോളിംഗ്. ബിജെപിയും ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസും തമ്മിലുള്ള നേർക്കുനേർ പോരാട്ടമായിരിക്കും ഇവിടെ. 7,061 ഇടത്തായി 10,288 പോളിംഗ് ബൂത്തുകളാണുള്ളത്. 684 കമ്പനി അർധസൈനിക വിഭാഗത്തെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. ആയിരത്തിലേറെ പൊലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചു.

തെരഞ്ഞെടുപ്പ് നടക്കുന്ന 30 മണ്ഡലങ്ങളിൽ 29 വീതം മണ്ഡലങ്ങളിലാണ് തൃണമൂൽ കോൺഗ്രസും ബിജെപിയും മത്സരിക്കുന്നത്. ജോയ്പുർ മണ്ഡലത്തിലെ തൃണമൂൽ സ്ഥാനാർഥിയുടെ പത്രിക തള്ളിതയതിനെ തുടർന്ന് അവർ സ്വതന്ത്രനെ പിന്തുണയ്ക്കുന്നു. ബാഗ്മുണ്ഡിയിൽ എൻഡിഎ ഘടകകക്ഷിയായ എ.ജെ.എസ്.യു ആണ് മത്സരിക്കുന്നത്. സിപിഎം കോൺഗസ് സഖ്യം 30 മണ്ഡലങ്ങളിലും മത്സരിക്കുന്നുണ്ട്.

അസമിലെ ആദ്യഘട്ട വോട്ടെടുപ്പിൽ മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ, സ്പീക്കർ ഹിതേന്ദ്രനാഥ് ഗോസ്വാമി, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ റിപ്പുൻ ബോറ, നിരവധി മന്ത്രിമാർ ഉൾപ്പെടെ ഒട്ടേറ പ്രമുഖർ ജനവിധി തേടുന്നുണ്ട്. ഭരണകക്ഷിയായ ബിജെപി-എജിപി സഖ്യം, കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ മഹാസഖ്യം, പുതുതായി രൂപീകരിച്ച അസം ജതിയ പരിഷത്ത് (എജെപി) എന്നിവർ തമ്മിലുള്ള ത്രികോണ മത്സരമാണ് മിക്ക സീറ്റുകളിലും.
47 മണ്ഡലങ്ങളിൽ ഭരണകക്ഷിയായ ബിജെപി 39 ഇടത്ത് മത്സരിക്കുന്നു. സഖ്യകക്ഷിയായ എജിപി 10 ഇടത്തും. ലഖിംപുർ, നഹർകതിയ മണ്ഡലങ്ങളിൽ ഇരു പാർട്ടികളും സൗഹൃദ മത്സരത്തിൽ ഏർപ്പെട്ടിരിക്കുന്നു.

പ്രതിപക്ഷ മഹാസഖ്യത്തിൽ കോൺഗ്രസ് 43 മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. എയുയുഡിഎഫ്, സിപിഐ (എംഎൽ-എൽ), ആർജെഡി, അഞ്ചാലിക് ഗണ മോർച്ച എന്നീ പാർട്ടികൾ ഓരോ സീറ്റിലും മത്സരിക്കുന്നു. പുതുതായി രൂപീകരിച്ച എജെപി 41 മണ്ഡലങ്ങളിൽ മത്സരിക്കുന്നുണ്ട്.