സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ സഭയില്‍; സര്‍ക്കാര്‍ ലാഘവത്തോടെ കാണുന്നുവെന്ന് പ്രതിപക്ഷം

 

തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ പ്രക്ഷുബ്ധമായി നിയമസഭ. അതിക്രമങ്ങള്‍ നിയമസഭയില്‍ എണ്ണിപ്പറഞ്ഞ് കെ.കെ. രമ. ഇരയ്‌ക്കൊപ്പം എന്ന് പറഞ്ഞ് സര്‍ക്കാര്‍ നില്‍ക്കുന്നത് വേട്ടക്കാര്‍ക്കൊപ്പമാണെന്ന് അവര്‍ പറഞ്ഞു. അതേസമയം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. മന്ത്രി വീണ ജോര്‍ജിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്തെത്തി. കാപ്പ കേസ് പ്രതിയെ മാലയിട്ട് സ്വീകരിച്ച ആളാണ് പറയുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ നിയമസഭയില്‍ ആഞ്ഞടിച്ച് പ്രതിപക്ഷം. കാപ്പാ കേസില്‍ പ്രതിയായ ഒരാളെ മാലയിട്ട് സ്വീകരിച്ച മന്ത്രിയാണ് നിലപാടിനെ കുറിച്ച് പറയുന്നതെന്ന രൂക്ഷ വിമര്‍ശനമാണ് വി.ഡി. സതീശന്‍ ഉന്നയിച്ചത്. ടിപിയെ ക്രൂരമായി വധിച്ചതും വി.ഡി. സതീശന്‍ സഭയില്‍ ഉന്നയിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ സര്‍ക്കാരിന് ഒരു നിലപാടേ ഉള്ളൂ എന്ന വീണ ജോര്‍ജിന്‍റെ മറുപടിയിലായിരുന്നു വി.ഡി. സതീശന്‍റെ വിമര്‍ശനം.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമം സര്‍ക്കാര്‍ ലാഘവത്തോടെ കാണുന്നുവെന്നാണ് കെ.കെ. രമ അടിയന്തര പ്രമേയം അവതരിപ്പിച്ച് പറഞ്ഞത്. വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ മുഖ്യമന്ത്രിയാണ് മറുപടി പറയേണ്ടത്. എന്നാല്‍ മുഖ്യമന്ത്രി സഭയില്‍ ഹാജരായിട്ടില്ലെന്നും ഇതുതന്നെ സര്‍ക്കാര്‍ വിഷയത്തെ ലാഘവത്തോടെ കാണുന്നു എന്നതിന്‍റെ തെളിവാണെന്നും കെ.കെ. രമ ചൂണ്ടിക്കാട്ടി. സ്ത്രീകള്‍ക്കെതിരായ ഓരോ അതിക്രമങ്ങളും കെ.കെ. രമ എണ്ണിപ്പറഞ്ഞതോടെ ഭരണപക്ഷം ബഹളവുമായി രംഗത്തെത്തി. തുടര്‍ന്ന് പ്രതിപക്ഷ ഭരണപക്ഷ വാക്കേറ്റമുണ്ടായി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങി.

Comments (0)
Add Comment