കൊല്ലം: എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയെ കായികമായി ആക്രമിച്ചും കല്ലുവെച്ച നുണപ്രചരപ്പിച്ചും രാഷ്ട്രീയ മുതലെടുപ്പിനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി.
മതേതര നിലപാടുകളില്‍ അടിയുറച്ച് നിന്നുകൊണ്ട് ബിജെപിയുടെ വര്‍ഗീയതയ്‌ക്കെതിരെ ശക്തമായ മതേതരനിലപാട് എക്കാലവും സ്വീകരിക്കുന്ന പൊതുപ്രവര്‍ത്തകനാണ് പ്രേമചന്ദ്രന്‍. അതിലുള്ള അസഹിഷ്ണുതയാണ് ബിജെപി പ്രകടിപ്പിക്കുന്നത്. ഇംഗ്ലീഷ് ചാനലിന് നല്‍കിയ അഭിമുഖത്തിലെ ചില ഭാഗങ്ങള്‍ അടര്‍ത്തി എടുത്താണ് അദ്ദേഹത്തിനെതിരെ വ്യക്തിഹത്യ നടത്തുന്നതെന്നും അഭിമുഖത്തിന്‍റെ പൂര്‍ണ്ണരൂപം കേട്ടാല്‍ അദ്ദേഹത്തിന്‍റെ നിലപാട് എന്താണെന്ന് വ്യക്തമാകുമെന്നും സുധാകരന്‍ പറഞ്ഞു.
ഏത് രാജ്യത്തും ന്യൂനപക്ഷ വിഭാഗങ്ങള്‍ ആക്രമിക്കപ്പെടുന്നത് ശരിയല്ലെന്നാണ് പ്രേമചന്ദ്രന്‍ വ്യക്തമാക്കിയത്. എന്നാല്‍ വരികള്‍ക്കിടയില്‍ നിന്ന് ചിലഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനം ചെയ്ത് അദ്ദേഹത്തെ കായികമായി ആക്രമിക്കാന്‍ ശ്രമിച്ചാല്‍ അത് അംഗീകരിക്കാനാവില്ലെന്നും എംപി വ്യക്തമാക്കി. മതത്തിന്‍റെ പേരില്‍ ആരും ആക്രമിക്കപ്പെടരുതെന്ന മതേതര നിലപാടാണ് അദ്ദേഹം ആവര്‍ത്തിച്ചത്. രാഷ്ട്രീയ പ്രതിയോഗികളെ ആശപരമായി നേരിടുന്നതില്‍ ബിജെപി എന്നും പരാജയമാണ്. അതിനാലാണ് വര്‍ഗീയത ആരോപിച്ച് വ്യക്തിഹത്യ നടത്തുന്നതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
അദ്ദേഹത്തെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് അപായപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നത് ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹത്തിന് മതിയായ സുരക്ഷ ഉറപ്പാക്കാന്‍ കേരള പോലീസ് തയ്യാറാകണമെന്നും കെ.സുധാകരന്‍ ആവശ്യപ്പെട്ടു.