കണ്ണൂർ : കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കതിരൂർ മനോജ് വധക്കേസ് പ്രതിയുടെ ഗൃഹപ്രവേശച്ചടങ്ങ്. തലശേരി കിഴക്കേ കതിരൂർ സ്വദേശി സിപി ജിതേഷിന്‍റെ ഗൃഹപ്രവേശമാണ് കൊവിഡ് മാനദണ്ഡം പാലിക്കാതെ നടത്തിയത്. സിപിഎം മുൻ ജില്ലാ സെക്രട്ടറി പി ജയരാജൻ ഉൾപ്പടെയുളള നേതാക്കൾ ഗൃഹപ്രവേശനത്തിന് എത്തി.
കൊവിഡ് വ്യാപകമായതിനെ തുടർന്ന് വിവാഹത്തിനും ഗൃഹപ്രവേശത്തിനും ഉൾപ്പടെ അമ്പതിൽ താഴെ ആളുകൾ മാത്രമേ പങ്കെടുക്കാൻ പാടുള്ളുവെന്നാണ് സർക്കാർ ഉത്തരവ്. എന്നാൽ മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെയാണ് സിപിഎം പ്രവർത്തകനായ തലശേരി കിഴക്കേ കതിരൂർ സ്വദേശി സിപി ജിതേഷിന്‍റെ ഗൃഹപ്രവേശ ചടങ്ങ് നടന്നത്. കിഴക്കേ കതിരൂരിലെ ഇംഎംഎസ് വായനശാലയ്ക്ക് സമീപമാണ് ഗൃഹപ്രവേശം നടന്ന തിരുവാതിര എന്ന വീട്. ഇന്നലെയാണ് ഗൃഹപ്രവേശച്ചടങ്ങ് നടന്നത്. എന്നാൽ ശനിയാഴ്ച മുതൽ ആളുകൾ വന്നുതുടങ്ങിയിരുന്നു. സിപിഎം നേതാവ് പി ജയരാജൻ ഇന്നലെയാണ് ഇവിടെ സന്ദർശിച്ചത്. ഒരു മണിക്കൂറോളം ജയരാജന്‍ ഇവിടെ ഉണ്ടായിരുന്നു. സിപിഎമ്മിന്‍റെ പ്രാദേശിക നേതാക്കൾ അടക്കമുള്ളവർ വീട്ടിൽ എത്തിയിരുന്നു. ശനിയാഴ്ച പുലർച്ചെ വരെ വലിയ ശബ്ദത്തിൽ ഉച്ചഭാഷിണിയിൽ സിനിമാ ഗാനങ്ങളും വിപ്ലവഗാനങ്ങളും വെച്ചിരുന്നു.
ഇതിനെ തുടർന്നാണ് നാട്ടുകാർ കതിരൂർ എസ്ഐയെ നേരിട്ട് വിളിച്ച് പരാതി നൽകി.എന്നാൽ പോലീസ് നടപടി സ്വീകരിച്ചില്ല. കതിരൂർ മനോജ് വധക്കേസ് പ്രതിയായ സിപി ജിതേഷിന് സിപിഎം ഉന്നത നേതാക്കളുമായി അടുത്ത ബന്ധമാണുള്ളത്. അതുകൊണ്ടാണ് പോലീസ് നടപടി എടുക്കാതിരുന്നത് എന്നാണ് പ്രദേശവാസികൾ പറയുന്നത്.