വിനേഷ് ഫോഗട്ടിന് ഉജ്വല സ്വീകരണം; നന്ദി പറഞ്ഞ് ഗുസ്തി താരം

 

ന്യൂഡല്‍ഹി: പാരീസ് ഒളിമ്പിക്‌സില്‍ അയോഗ്യയാക്കപ്പെട്ട ഗുസ്തിതാരം വിനേഷ് ഫോഗട്ട് പാരിസില്‍ നിന്ന് തിരിച്ചെത്തി. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വികാര നിര്‍ഭരമായ വരവേല്‍പ്പാണ് ഉണ്ടായത്. വിരമിക്കല്‍ പ്രഖ്യാപനം പിന്‍വലിച്ചേക്കുമെന്ന് സൂചന നല്‍കുന്ന വിനേഷിന്‍റെ തുറന്ന കത്ത് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഗംഭീര സ്വീകരണമാണ് ബന്ധുക്കളും മറ്റു ഗുസ്തി താരങ്ങളും നാട്ടുകാരും ഒരുക്കിയത്. കനത്ത സുരക്ഷയും ഡല്‍ഹിയില്‍ ഒരുക്കിയിരുന്നു. വികാര നിര്‍ഭരമായാണ് വിനേഷ് കാണികളെ കണ്ട് നന്ദി അറിയിച്ചത്. ഇത്തരത്തില്‍ ഒരു പിന്തുണ ലഭിച്ചതില്‍ ഭാഗ്യവതിയാണെന്നും വിനേഷ് വ്യക്തമാക്കി. ജന്മനാടായ ഹരിയാനയിലെ ചാര്‍ഖി ദാദ്രിയില്‍ വെച്ച് ഖാട്ട് പഞ്ചായത്ത് തീരുമാനിച്ച സ്വീകരണ പരിപാടികളില്‍ വിനേഷ് പങ്കെടുക്കും.

സാക്ഷി മാലിക്, ബജ്റംഗ് പൂനിയ തുടങ്ങിയവര്‍ താരത്തെ സ്വീകരിക്കാന്‍ എത്തിയിരുന്നു. അതേസമയം വിരമിക്കല്‍ തീരുമാനം പിന്‍വലിച്ചേക്കുമെന്ന പരോക്ഷ സൂചന നല്‍കി വിനേഷ് ഫോഗട്ടിന്‍റെ തുറന്ന കത്ത് ചര്‍ച്ചയായിരുന്നു. വനിതകളുടെ അന്തസ്സിനും രാജ്യത്തിന്‍റെ മൂല്യങ്ങള്‍ക്കുമായാണ് ഗുസ്തി സമരത്തില്‍ പൊരുതിയത്. നീതിക്കായുള്ള പോരാട്ടം ഇനിയും തുടരും. പാരിസില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും വിനേഷ് പങ്കുവെച്ച കത്തില്‍ പറയുന്നു.

Comments (0)
Add Comment