ഇരുട്ട് വീണാല്‍ വന്യമൃഗ ഭീതിയില്‍ വയനാട്ടിലെ കൂടല്ലൂർ ഗ്രാമം; കെഎസ്ആർടിസി സർവീസും വെട്ടിച്ചുരുക്കിയതോടെ പ്രതിസന്ധിയിലായി പ്രദേശവാസികള്‍

 

വയനാട്: വന്യമൃഗ ശല്യത്താൽ പൊറുതിമുട്ടുന്ന വയനാട് കൂടല്ലൂർ ഗ്രാമത്തിലേക്ക് മതിയായ പൊതു ഗതാഗത സൗകര്യമില്ല. നിലവിലെ ആശ്വാസമായിരുന്ന കെഎസ്ആർടിസി ട്രിപ്പ് വെട്ടിക്കുറച്ചതോടെ പ്രതിസന്ധിയിലാണ് പ്രദേശവാസികൾ. സന്ധ്യമയങ്ങിയാൽ വന്യമൃഗ ശല്യം കാരണം ടാക്സി വാഹനങ്ങൾ വരാത്തതും പ്രദേശവാസികളെ കൂടുതൽ ദുരിതത്തിലാക്കിയിരിക്കുകയാണ്.

ഏതു സമയവും ആനയും കടുവയും ഇറങ്ങുന്ന കൂടല്ലൂർ ഗ്രാമത്തിൽ ഏക പൊതുഗതാഗത മാർഗം കെഎസ്ആർടിസി ആണ്. മുമ്പ് 8 ട്രിപ്പ് ഉണ്ടായിരുന്ന സർവീസ് കൊവിഡിനു ശേഷം രണ്ട് ട്രിപ്പുകൾ വെട്ടിച്ചുരുക്കി. അതിരാവിലെയും വൈകുന്നേരവും ആയിരുന്നു ഈ ട്രിപ്പുകൾ ഉണ്ടായിരുന്നത്. തോട്ടം തൊഴിലാളികളും കർഷകരും ആശ്രയിക്കുന്നത് കെഎസ്ആർടിസിയെ ആണ്. വെളുപ്പിന് കൂലിപ്പണിക്ക് പോകുന്നവർക്കും വിദ്യാർത്ഥികൾക്കും ഈ സമയത്ത് ബസ് ഇല്ലാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

ഇരുട്ടു വീണാല്‍ വന്യമൃഗങ്ങളെ പേടിച്ച് ഓട്ടോ വിളിച്ചാൽ പോലും വാഹനങ്ങൾ വരാത്ത സ്ഥിതിയാണ്. പ്രദേശവാസികള്‍ക്ക് ഏറെ പ്രയോജനകരമായിരുന്ന സർവീസാണ് കെഎസ്ആർടിസി വെട്ടിച്ചുരുക്കിയത്. നേരത്തെ ഓടിക്കൊണ്ടിരുന്ന രണ്ടു ട്രിപ്പ് കെഎസ്ആർടിസി പുനഃരാരംഭിക്കണം എന്നതാണ് നാട്ടുകാരുടെ ആവശ്യം.

Comments (0)
Add Comment