അമേരിക്കയെക്കുറിച്ച് ആശങ്കപ്പെടുന്നവർ ഇന്ത്യന്‍ തെരുവിലെ കർഷകസമരത്തെക്കുറിച്ചുകൂടി ഓർത്താല്‍ കൊള്ളാം : വിജേന്ദർ സിംഗ്

Jaihind News Bureau
Saturday, January 9, 2021

ന്യൂഡല്‍ഹി : രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന കർഷകസമരത്തിന് നേരെ കണ്ണടയ്ക്കുന്ന കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ വിമർശനവുമായി ബോക്സിംഗ് താരം വിജേന്ദർ സിംഗ്. അമേരിക്കയെക്കുറിച്ചോര്‍ത്ത് ആശങ്കപ്പെടുന്നവര്‍ കൊടുംതണുപ്പത്ത് ഇന്ത്യന്‍ തെരുവുകളില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെക്കുറിച്ചും ഓര്‍ത്താല്‍ കൊള്ളാമെന്ന് വിജേന്ദര്‍ സിംഗ് പറഞ്ഞു.

‘ആളുകള്‍ക്ക് അമേരിക്കയെക്കുറിച്ച് ആശങ്കയുണ്ട്, അവിടെ എന്താണ് സംഭവിക്കുന്നതെന്നോര്‍ത്ത്. നമ്മുടെ രാജ്യത്തെ കര്‍ഷകര്‍ കൊടുംതണുപ്പില്‍ റോഡുകളിലാണ്, അതേക്കുറിച്ചോര്‍ത്തും വിഷമിക്കുക’ – വിജേന്ദർ സിംഗ് ട്വിറ്ററില്‍ കുറിച്ചു.

അമേരിക്കയിലെ അക്രമ സംഭവങ്ങളില്‍ ദുഃഖമുണ്ടെന്ന് പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തുവന്നതിന് പിന്നാലെയാണ് വിജേന്ദറിന്‍റെ പ്രതികരണം. ട്രംപ്​ അനുകൂലികൾ യു.എസ്​ പാർലമെന്‍റിൽ അതിക്രമിച്ചുകയറിയ സംഭവത്തെ അപലപിച്ച്​ പ്രധാനമന്ത്രി നരേന്ദ്രമോദി രംഗ​ത്തെത്തിയിരുന്നു. ചിട്ടയോടെയും സമാധാനപരമായും അധികാര കൈമാറ്റം തുടരണം. അക്രമ മാർഗങ്ങളിലൂടെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കുന്നത്​ അനുവദിക്കാനാകില്ലെന്നായിരുന്നു മോദിയുടെ ട്വീറ്റ്​. മോദിയുടെ പ്രതികരണത്തെ പരിഹസിച്ച്​ മുതിർന്ന അഭിഭാഷകൻ പ്രശാന്ത്​ ഭൂഷൺ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. മോദിയും ട്രംപും ഒരേ തൂവല്‍ പക്ഷികളാണെന്നായിരുന്നു  പ്രശാന്ത് ഭൂഷണ്‍ പറഞ്ഞത്.

ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസ് ഒഴിയാന്‍ പതിനാല് ദിവസം മാത്രം ബാക്കി നില്‍ക്കേയാണ് ക്യാപിറ്റോള്‍ മന്ദിരത്തില്‍ അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായി ഇത്രവലിയ ആക്രമണം നടക്കുന്നത്. ക്യാപിറ്റോള്‍ കെട്ടിടത്തില്‍ മുദ്രാവാക്യം വിളിച്ചെത്തിയ ട്രംപ് അനുകൂലികള്‍ സായുധ പൊലീസുമായി ഏറ്റുമുട്ടുകയായിരുന്നു.