ഓണക്കിറ്റില്‍ തട്ടിപ്പെന്ന് വിജിലന്‍സ്; പറയുന്ന വിലയ്ക്കുള്ള സാധനം കിറ്റില്‍ ഇല്ല; ഓപ്പറേഷന്‍ ‘കിറ്റ് ക്ലീൻ’

Jaihind News Bureau
Thursday, August 20, 2020

സര്‍ക്കാരിന്‍റെ ഓണക്കിറ്റില്‍ തട്ടിപ്പെന്ന് വിജിലൻസ്. കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ഓണക്കിറ്റില്‍ ക്രമക്കേട് നടക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ സംസ്ഥാന വ്യാപകമായി വിജിലന്‍സ് റെയ്ഡ്. ഓപ്പറേഷന്‍ ക്ലീന്‍ കിറ്റ് എന്ന പേരിലാണ് പരിശോധന നടത്തിയത്.

റേഷന്‍ കടകളിലും മാവേലി സ്‌റ്റോറുകളിലുമാണ് പരിശോധന. വിജിലന്‍സ് ഡയറക്ടര്‍ അനില്‍ കാന്തിന്‍റെ നിര്‍ദേശപ്രകാരമാണ് പരിശോധന. കണ്ണുരിൽ വിവിധ ഇടങ്ങളിൽ വിജിലൻസ് പരിശോധന നടത്തി.സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണത്തില്‍ ക്രമക്കേട് നടക്കുന്നതായി വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യാപക പരിശോധനക്ക് വിജലന്‍സ് ഡയറക്ടര്‍ നിര്‍ദേശം നല്‍കിയത്. വിവിധ ഇടങ്ങളിൽ നടന്ന പരിശോധനയിൽ വിതരണം ചെയ്യാനായി എത്തിയ ഭക്ഷ്യവസ്തുക്കളുടെ തൂക്കത്തിൽ കുറവുള്ളതായി കണ്ടെത്തിയതായും സൂചനയുണ്ട്.

ഓണക്കിറ്റില്‍ 500 രൂപയ്ക്കുള്ള സാധനങ്ങളില്ലെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ശര്‍ക്കരയുടെ തൂക്കത്തില്‍ കുറവുണ്ട്. പല സാധനങ്ങളിലും ഉല്‍പാദന തീയതിയും കാലാവധിയും രേഖപ്പെടുത്തിയില്ലെന്നും ‘ഓപ്പറേഷന്‍ കിറ്റ് ക്ലീന്‍’ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഉല്‍പന്നങ്ങളുടെ തൂക്കക്കുറവ് സംബന്ധിച്ച് വീഡിയോകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന്‍റെ ചുവട് പിടിച്ചായിരുന്നു വിജിലന്‍സിന്‍റെ അന്വേഷണം.

കിറ്റിന്‍റെ ഭാഗമായി 500 രൂപയ്ക്ക് 11 ഇനങ്ങള്‍ ഉണ്ടെന്ന് പറയുമ്പോഴും ഇവ പൊതുവിപണിയില്‍ പോയി വാങ്ങിയാല്‍ ഇത്രയും തുക ആകില്ലെന്ന് കണക്കുകള്‍ തെളിയിക്കുന്നുവെന്നതായിരുന്നു പല വീഡിയോകളുടെയും ഉള്ളടക്കം. അതേസമയം, അഞ്ഞൂറ് രൂപയെന്നത് ഏകദേശ കണക്കാണെന്നാണ് സപ്ലൈകോയുടെ വിശദീകരണം. സപ്ലൈകോ സര്‍ക്കാരിലേക്ക് നല്‍കിയ കണക്കിലും പായ്ക്കിങ് ചാര്‍ജ് ഉള്‍പ്പടെ ഒരു കിറ്റിന് ചെലവ് അഞ്ഞൂറ് രൂപ. എന്നാല്‍ ഇതേ സാധനങ്ങള്‍ 11 എണ്ണവും സപ്ലൈകോയുടെ ഔട്ട്‌ലെറ്റിൽ നേരിട്ട് പോയി വാങ്ങിയാല്‍ ചെലവാകുന്നത് 357രൂപ മാത്രമാണെന്നും സാധനങ്ങള്‍ കൊണ്ടുപോരാന്‍ ഇരുപത് രൂപയുടെ തുണിസഞ്ചിയും കിറ്റിന്‍റെ പായ്ക്കിങ് ചാര്‍ജ് ആയി അഞ്ചുരൂപയും കൂടി കൂട്ടിയാല്‍പോലും ആകെ 382 രൂപയേ ആകുകയുള്ളു എന്നാണ് കണക്ക് എടുത്തുകാട്ടി സമൂഹമാധ്യമങ്ങളില്‍ വരുന്ന വീഡിയോകളില്‍ പറയുന്നത്. സപ്ലൈകോയില്‍ നിന്നല്ലാതെ പൊതുവിപണിയിലെ മുന്തിയ ബ്രാന്‍ഡുകള്‍ നോക്കി വാങ്ങിയാല്‍ പോലും അഞ്ഞൂറ് രൂപ വരുന്നില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.