ലൈഫിലെ ആരോപണങ്ങള്‍ ശരിവെച്ച് വിജിലന്‍സ് ; സർക്കാരിനെ കുരുക്കിലാക്കി റിപ്പോർട്ട്

Jaihind News Bureau
Wednesday, October 7, 2020

 

തിരുവനന്തപുരം:  ലൈഫ് മിഷന്‍ കേസില്‍ സർക്കാരിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ശരിവെക്കുന്ന റിപ്പോര്‍ട്ടുമായി വിജിലന്‍സ് കോടതിയില്‍. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ നിർദേശിച്ചതനുസരിച്ചാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ഫയൽ നടപടികൾ ആരംഭിച്ചതെന്നും നടപടിക്രമങ്ങൾ പാലിക്കാതെയാണ് റെഡ് ക്രസന്‍റുമായുള്ള  കരാറിലേക്ക് പോയതെന്നും വിജിലൻസ് പ്രാഥമിക റിപ്പോർട്ടില്‍ പറയുന്നു.

ലൈഫ് മിഷന്‍ ഫ്ലാറ്റിലെ കമ്മീഷൻ ഇടപാടും  വിജിലൻസ് തള്ളുന്നില്ല. കമ്മീഷന്‍ കൈപ്പറ്റിയോ എന്ന് കണ്ടെത്താന്‍  സെക്രട്ടറിയേറ്റിലെ വിവിധ വകുപ്പുകളിലെ ഫയലുകൾ പരിശോധിക്കണമെന്നും പറയുന്നു. ഫ്ലാറ്റുകളുടെ നിർമാണം ഹാബിറ്റാറ്റിനെയാണ് ചുമതലപ്പെടുത്തിയത്. ഹാബിറ്റാറ്റിന്‍റെ പദ്ധതിക്ക് നഗരസഭ ഭരണാനുമതി നൽകിയെങ്കിലും ശിവശങ്കറിന്‍റെ കത്തിന്‍റെ അടിസ്ഥാനത്തില്‍ സർക്കാർ ഭൂമി റെഡ് ക്രസന്‍റിനു നൽകുകയായിരുന്നു.  പിന്നീട് പദ്ധതിയിലേക്ക് യൂണിടാക് എത്തി.

എന്നാൽ ഇതു സംബന്ധിച്ചുള്ള ഒരു ഫയലും ഇല്ലെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു.  വിദേശ ഫണ്ട് ഉപയോഗിച്ചുള്ള നിർമാണ പ്രവർത്തനങ്ങൾ കേന്ദ്രത്തെ അറിയിച്ചിട്ടില്ലെന്നു നേരത്തെ ചീഫ് സെക്രട്ടറി ഇ.സിക്ക് കൈമാറിയ കത്തിൽ സമ്മതിക്കുന്നുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഫ്ലാറ്റിന്റെ വൈദ്യുത ഇടപാടിലും നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിജിലന്‍സ് റിപ്പോർട്ട്. 2019 ഓഗസ്റ്റ് 1 മുതല്‍ 2020 ജനുവരി 21 വരെ യുണീടാക്കിനും സഹോദരസ്ഥാപനമായ സെയ്ന്‍ വെഞ്ചേഴ്സിനും വിവിധ അക്കൗണ്ടുകളിലായി വന്ന പണത്തിന്റെ വിശദാംശങ്ങളും റിപ്പോര്‍ട്ടിനൊപ്പം ചേര്‍ത്തിട്ടുണ്ട്.