കൊവിഡ് പ്രതിരോധം : ലോക ശ്രദ്ധ ആകർഷിച്ച് വിയറ്റ്നാം

Jaihind News Bureau
Monday, June 1, 2020

കൊവിഡ് പൊട്ടിപ്പുറപ്പെട്ട ഏഷ്യയിൽ, പ്രതിരോധ നടപടികൾ പല രാജ്യങ്ങളും സ്വീകരിക്കുന്നതിനു ലോകം സാക്ഷ്യം വഹിച്ചു. ചൈനയിലെ വുഹാനിൽ നിന്നു കൊറോണ ലോകമാകെ പടർന്നപ്പോൾ ദക്ഷിണ കൊറിയ, തായ്വാൻ തുടങ്ങിയ രാജ്യങ്ങൾ രോഗത്തെ വിജയകരമായി നിയന്ത്രിച്ചു. എന്നാൽ ഈ പട്ടികയിൽ ഉൾപ്പെടാത്ത ഒരു രാജ്യമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ചൈനയുമായി വലിയൊരു ഭാഗം അതിർത്തി പങ്കിടുന്ന രാജ്യമാണ് വിയറ്റ്‌നാം. പത്തു കോടിയോളം ജനസംഖ്യയുള്ള വിയറ്റ്‌നാമിൽ ഇതുവരെ 328 പേർക്കു മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം പിടിപെട്ടു മരണങ്ങൾ ഒന്നും റിപ്പോർട്ടു ചെയ്തിട്ടില്ല. കൊവിഡ് പ്രതിരോധത്തിൽ മുൻപന്തിയിലുള്ള മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു വിയറ്റ്‌നാമിന്‍റെ സാമ്പത്തിക മേഖലയേയും ആരോഗ്യ മേഖലയേയും താരതമ്യം ചെയ്യുമ്പോഴാണ് ഈ നേട്ടത്തിനു മാറ്റു കൂടുന്നത്. ആരോഗ്യ മേഖലയുടെ ആധുനികവൽക്കരണത്തിൽ അധികമൊന്നും മുൻപോട്ടു പോകാൻ ഇപ്പോഴും സാധിച്ചിട്ടില്ല. ലോകബാങ്കിന്‍റെ കണക്കനുസരിച്ച് 10,000 ആളുകൾക്ക് എട്ട് ഡോക്ടർമാർ മാത്രമാണ് വിയറ്റ്‌നാമിൽ ഉള്ളത്. വിയറ്റ്‌നാമിൽ കഴിഞ്ഞ 41 ദിവത്തിനിടെ സമ്പർക്കം വഴി ആർക്കും രോഗം പിടിപ്പെട്ടിട്ടില്ല.

സർക്കാരിന്‍റെ ഫലപ്രദമായ ക്വാറന്‍റൈൻ, രോഗികളുടെ സമ്പർക്കപ്പട്ടിക കണ്ടെത്തുന്നതിലെ കാർക്കശ്യം, ജനങ്ങളുമായുള്ള ഫലപ്രദമായ ആശനവിനിമയം ഇവയാണ് രാജ്യത്ത് കൊവിഡ് മുക്തമാക്കാൻ സഹായകമായത്. രാജ്യത്ത് ആദ്യ കൊവിഡ് കേസ് റിപ്പോർട്ടു ചെയ്യുന്നതിന് ആഴ്ചകൾക്കു മുൻപു തന്നെ വിയറ്റ്‌നാമിലെ പ്രതിരോധ നടപടികൾ ആരംഭിച്ചിരുന്നു. രോഗലക്ഷണങ്ങൾ ഉള്ളവരെ അപ്പോൾ തന്നെ നിരീക്ഷണത്തിലാക്കി. രാജ്യത്ത് കേവലം ആറ് രോഗികൾ മാത്രമുള്ളപ്പോൾ സർക്കാർ കൊവിഡിനെ ദേശീയ പകർച്ചവ്യാധിയായി പ്രഖ്യാപിച്ചു. ഓരോ കേസുകളും സ്ഥിരീകരിക്കുമ്പോൾ രോഗിയുടെ സഞ്ചാരപാത മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.

പകർച്ചവ്യാധികളെ നേരിട്ടിട്ടുള്ളതിന്‍റെ മുൻകാല അനുഭവങ്ങളും കൊവിഡ് പ്രതിരോധത്തിനു വിയറ്റ്‌നാമിനു തുണായായി. 2002ലെ സാർസ്, പിന്നീടു പടർന്നുപിടിച്ച ഏവിയൻ ഇൻഫ്‌ളുവൻസ തുടങ്ങിയവയെല്ലാം വിജയകരമായി പ്രതിരോധിച്ച ചരിത്രമാണ് വിയറ്റ്‌നാമിനുള്ളത്. ആ ചരിത്രത്താളുകളിലേക്ക് ഇനി കൊവിഡിന്‍റെ പേരും എഴുതിച്ചേർക്കപ്പെടും.