സുരേന്ദ്രന്റെ പ്രചാരണ വീഡിയോ ചട്ടലംഘനം; മത ചിഹ്നം ദുരുപയോഗം ചെയ്തു; അടിയന്തരമായി നീക്കണം

Jaihind Webdesk
Sunday, October 20, 2019

K Surendran

കോന്നിയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള വീഡിയോ ചട്ടലംഘനമെന്ന് കണ്ടെത്തി. മത ചിഹ്നങ്ങള്‍ ദുരുപയോഗം ചെയ്തുകൊണ്ടുള്ള വീഡിയോയാണ് പ്രചരിപ്പിക്കപ്പെട്ടതെന്ന് കണ്ടെത്തുകയായിരുന്നു. യു.ഡി.എഫ് ഉള്‍പ്പെടെയുള്ള മുന്നണികള്‍ ഉയര്‍ത്തിയ പരാതിയെത്തുടര്‍ന്നാണ് ഇപ്പോള്‍ നടപടി. വ്യാജ വീഡിയോ നിര്‍മ്മിച്ചവരെയും പ്രചരിപ്പിച്ചവരെയും കണ്ടെത്തണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സഭയുടെ ഔദ്യോഗിക ചിഹ്നം ദുരുപയോഗപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി വിശ്വാസികള്‍ പരാതി നല്‍കിയിരുന്നു. ഓര്‍ത്തോഡോക്‌സ് സഭയുടെ പരമാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തയുമായ കാതോലിക്കാ ബാവയുടെ ഔദ്യോഗിക ചിഹ്നവും ഫോട്ടോയും കെ സുരേന്ദ്രന്‍ പ്രചാരണത്തിനായി ഉപയോഗിച്ചതിനെതിരെയാണ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയത്.

‘ഇസ്രായേലിന്‍ നാഥനായി വാഴുമേക ദൈവം’ എന്ന ക്രിസ്ത്യന്‍ ഗാനത്തിന്റെ ഈണത്തില്‍ കെ സുരേന്ദ്രന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണ ഗാനം ഒരുക്കിയതും വിശ്വാസികള്‍ക്കിടയില്‍ വ്യാപക പ്രതിഷേധത്തിന് വഴിയൊരുക്കി. സഭാവ്യത്യാസമില്ലാതെ വിശ്വാസികള്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു.

അതേസമയം ഒരുമുന്നണിക്കും പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഓര്‍ത്തഡോക്‌സ് സഭ വാര്‍ത്താക്കുറിപ്പിറക്കിയോടെ ബി.ജെ.പി വെട്ടിലായി. സഭാ നേതൃത്വം വിശ്വാസികള്‍ക്ക് മുകളില്‍ ഒന്നും അടിച്ചേല്‍പിക്കുന്നില്ലെന്നും നെല്ലും പതിരും തിരിച്ചറിഞ്ഞ് വോട്ട് ചെയ്യാന്‍ വിശ്വാസികള്‍ക്ക് കഴിവുണ്ടെന്നും സഭ വ്യക്തമാക്കി. ഓര്‍ത്തഡോക്‌സ് സഭയുടെ ഔദ്യോഗിക ചിഹ്നവും ഭക്തി ഗാനവും ദുരുപയോഗപ്പെടുത്തിയതിന് വിശദീകരണം നല്‍കേണ്ട അവസ്ഥയിലാണ് ബി.ജെ.പി. അതേസമയം പോസ്റ്ററിന് പിന്നില്‍ സി.പി.എം സൈബര്‍ സഖാക്കളാണെന്നാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ വിശദീകരണം.