വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ തറപറ്റിച്ച വിജയം; രമേശ് ചെന്നിത്തല


തിരുവനന്തപുരം : കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന വയനാട് ലോക്‌സഭാ നിയോജക മണ്ഡലത്തിലും പാലക്കാട് നിയമസഭാ നിയോജകമണ്ഡലത്തിലും യുഡിഎഫിന് ചരിത്ര വിജയം നല്‍കിയ വോട്ടര്‍മാര്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല നന്ദി രേഖപ്പെടുത്തി. വയനാട്ടില്‍ ചരിത്ര വിജയം നേടി പ്രിയങ്ക ഗാന്ധി കേരളത്തിന്റെ പ്രിയങ്കരിയാണെന്നു തെളിയിച്ചു. പ്രിയങ്ക ഗാന്ധിക്കും വയനാട്ടിലെ ജനങ്ങള്‍ക്കും അഭിനന്ദനങ്ങള്‍.

പാലക്കാട്ട് വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ കൂട്ടുപിടിച്ച്, കോണ്‍ഗ്രസിനെയും യുഡിഎഫിനെയും തകര്‍ക്കാനുള്ള സിപിഎം തന്ത്രത്തിനേറ്റ കനത്ത തിരിടച്ചടിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ റെക്കോഡ് ഭൂരിപക്ഷം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ ചെയ്തതു പോലെ ബിജെപിക്ക് വിജയിക്കാനുള്ള എല്ലാ സാഹചര്യങ്ങളും സിപിഎം പാലക്കാട്ട് ഒരുക്കിക്കൊടുത്തു. എന്നാല്‍ പാലക്കാട്ടെ പ്രബുദ്ധരായ വോട്ടര്‍മാര്‍ ഈ കെണി തിരിച്ചറിഞ്ഞതുകൊണ്ടാണ് രാഹുല്‍ മാങ്കൂട്ടിത്തിലിന് ഇത്രയും വലിയ ഭൂരിപക്ഷം ലഭിച്ചതെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

പിണറായി വിജയന്റെ ദുര്‍ഭരണത്തെ ജനങ്ങള്‍ എത്രമാത്രം വെറുക്കുന്നു എന്നതിന്റെ കൂടി തെളിവാണ് കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് ഫലം. ചേലക്കരയില്‍ ഭരണ സ്വാധീനവും പാര്‍ട്ടി സംവിധാനവും പണക്കൊഴുപ്പും ദുരുപയോഗപ്പെടുത്തി വിജയിക്കാനായെങ്കിലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി തന്നെയാണ് ഉപതെരഞ്ഞെടുപ്പിലും ഇടതുമുന്നണിക്കു പൊതുവിലും സിപിഎമ്മിനു പ്രത്യേകിച്ചും സംഭവിച്ചത്. എല്‍ഡിഎഫിന്റെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷത്തെ നാലിലൊന്നായി കുറച്ച ചേലക്കരയിലെ മതേതര വിശ്വാസികള്‍ക്കും യു. എഡി എഫ് പ്രവര്‍ത്തകര്‍ക്കും ചെന്നിത്തല അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. പാലക്കാട്ട് തുടര്‍ച്ചയായി മൂന്നാം സ്ഥാനത്തേക്കു പാര്‍ട്ടി പിന്തള്ളപ്പെട്ടതിന്റെ കാരണവും ഇതാണ്.

രാഹൂല്‍ മാങ്കൂട്ടത്തിലിന്റെ ഉജ്ജ്വല വിജയം പിണറായി വിജയന്റെ ദുര്‍ഭരണത്തിനെതിരെയും ബി ജെ പി – സി പി എം അവിശുദ്ധ സഖ്യത്തിനെതിരെയും ഉള്ള ജനാധിപത്യ മതേതര ചേരിയുടെ വിജയമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Comments (0)
Add Comment