സ്ത്രീ പീഡനം ; വനം മന്ത്രി എ.കെ. ശശീന്ദ്രനെതിരെ പരാതിക്കാരി മൊഴി നല്‍കി

Jaihind Webdesk
Thursday, July 22, 2021

കുണ്ടറ പീഡന പരാതിയില്‍ മന്ത്രി എ.കെ ശശീന്ദ്രനെതിരെ പരാതിക്കാരിയുടെ മൊഴി. ഒന്നര മണിക്കൂറോളം സമയമെടുത്താണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്. കടയിലേക്ക് വിളിച്ചുവരുത്തി എന്‍.സി.പി നേതാവ് അപമാനിച്ചതിനെക്കുറിച്ചും സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപകരമായ പ്രചാരണം നടത്തിയതിനെക്കുറിച്ചും മൊഴിയെടുത്തിട്ടുണ്ട്.

കേസില്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ച മന്ത്രി എ.കെ ശശീന്ദ്രനെതിരെയും യുവതി മൊഴി നല്‍കി. മന്ത്രിക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ വേണ്ടിയാണ് മന്ത്രി ഇടപെട്ടത്. ഇത് പീഡനക്കേസിലെ പ്രതിയെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ്. അതുകൊണ്ട് തന്നെ കേസില്‍ മന്ത്രിയും കുറ്റക്കാരനാണെന്നും പെണ്‍കുട്ടി പറഞ്ഞു.

ജൂണ്‍ 28നാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. പരാതിക്ക് ശേഷം 24-ാം ദിവസമാണ് പൊലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുക്കുന്നത്. പീഡന ആരോപണത്തില്‍ ഇരയുടെ മൊഴിയെടുക്കാന്‍ ഇത്രയും വൈകിയത് രാഷ്ട്രീയ ഇടപെടല്‍ മൂലമാണെന്നും ആരോപണമുണ്ട്.