സിസ്റ്റർ അഭയ കേസിൽ വിധി ഇന്ന്

Jaihind News Bureau
Tuesday, December 22, 2020

28 വർഷങ്ങൾക്ക് ശേഷം സിസ്റ്റർ അഭയ കേസിൽ ഇന്ന് വിധി. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് വിധി പറയുന്നത്. ഫാദർ തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കേസിലെ പ്രതികൾ. വിചാരണ നടപടികൾ ഈ മാസം പത്തിന് ആണ് പൂർത്തിയാക്കിയത്.

1992 മാർച്ച് 27നാണ് കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ സിസ്റ്റർ അഭയയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. മരണം ആത്മഹത്യയെന്നഴുതി തള്ളാനാണ് ലോക്കൽ പോലീസ് ശ്രമിച്ചത്. പിന്നീട് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.  വലിയ പ്രക്ഷോഭങ്ങൾക്കൊടുവിൽ  1992 മേയ് 18 നാണ് കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ സിബിഐ കേസ്ഏറ്റെടുക്കുന്നത്. കൊലപാതകത്തിന് തെളിവില്ലെന്ന് മൂന്ന് തവണ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും കോടതി അംഗീകരിച്ചില്ല.സിബിഐയുടെ പുതിയ സംഘം നടത്തിയ അന്വേഷണത്തിലാണ് അഭയയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തിയത്. 16 വർഷങ്ങൾക്കു ശേഷം തോമസ് കോട്ടൂർ ജോസ് പുതൃക്കയിൽ സിസ്റ്റർ സെഫി എന്നിവരെ പ്രതിചേർത്തു.

പ്രതികളായ മൂന്ന് പേരും ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് സിസ്റ്റർ അഭയ കാണാനിടയായി എന്നും തുടർന്ന് കോടാലി കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി കിണറ്റിലിട്ടതായുമാണ് സിബിഐയുടെ കണ്ടെത്തൽ .49 പേരെ സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു.

രഹസ്യ മൊഴി നൽകിയ സാക്ഷികൾ ഉൾപ്പെടെ 8 പേർ കൂറുമാറി. മൂന്നാം സാക്ഷി അടയ്ക്ക രാജുവിന് മൊഴിയാണ് നിർണായകമായത്. പയസ് ടെൻത്ത് കോൺവെൻറ്റിൽ പുലർച്ചെ മോഷ്ടിക്കാൻ എത്തിയ അടയ്ക്ക രാജു പ്രതികളെ അവിടെ കണ്ടതായാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളും ആണ് സിബിഐ കോടതിയിൽ നിരത്തിയത്.  ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തെളിവു നശിപ്പിക്കാൻ ശ്രമിച്ചെന്ന പേരിൽ എസ്.പിയായിരുന്ന കെ.ടി. മൈക്കിളിനെ സിബിഐ നാലാം പ്രതിയാക്കിയിരുന്നു. ഇതിനെതിരെ മൈക്കിൾ ഹൈക്കോടതിയെ സമീപിച്ചു. തൽക്കാലം പ്രതിപ്പട്ടികയിൽ ഒഴിവാക്കുന്നതായും വിചാരണ ഘട്ടത്തിൽ തെളിവു ലഭിച്ചാൽ പ്രതിയാക്കാവുന്നതാണെന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. ഫാ.ജോസ് പുതൃക്കയിലിനെയും തെളിവില്ലെന്ന് കണ്ടാണ് കോടതി ഒഴിവാക്കിയത്. പതിനാറ് വര്‍ഷം നീണ്ട സി.ബി.ഐ അന്വേഷണം. ഒരു വര്‍ഷവും മൂന്നര മാസവും നീണ്ട വിചാരണ. കേരള ചരിത്രത്തില്‍ തന്നെ ഏറ്റവും നീണ്ട കുറ്റാന്വേഷണത്തില്‍ ആണ് കോടതി ഇന്ന് വിധി പറയുന്നത്.