കെവിൻ കൊലക്കേസിൽ വിധി ഇന്ന്

കേരളത്തെ ഞെട്ടിച്ച കെവിൻ കൊലക്കേസിൽ കോട്ടയം പ്രിൻസിപ്പൽ സെക്ഷൻസ് കോടതി ഇന്ന് വിധി പറയും. കെവിന്‍റേത് ദുരഭിമാനകൊലയാണെന്നും കേസ് അപൂർവ്വങ്ങളിൽ അപൂർവമായി കണക്കാക്കണമെന്നുമാണ് പ്രോസിക്യൂഷൻ ആവശ്യം. അതേ സമയം കെവിന്‍റേത് ദുരഭിമാനക്കൊലയാണോ എന്ന് വ്യക്തത വരുത്താൻ കഴിഞ്ഞ 14 ന് പ്രോസിക്യൂഷന്‍റെയും പ്രതിഭാഗത്തിന്‍റെയും വിശദീകരണം കോടതി കേട്ടിരുന്നു.

പുനലൂർ സ്വദേശി ചാക്കോയുടെ മകൾ നീനുവിനെ രജിസ്റ്റർ വിവാഹം ചെയ്തതിന്‍റെ പിറ്റേന്നാണ് നട്ടാശേരി സ്വദേശി കെവിൻ ജോസഫിനെ നീനുവിന്‍റെ സഹോദരൻ ഷാനു ചാക്കോയും സംഘവും തട്ടിക്കൊണ്ട് പോയത്. 2018 മെയ് 27നായിരുന്നു സംഭവം. 28 ന് പുലർച്ചെ കെവിന്‍റെ മൃതദേഹം ചാലിയേക്കര ആറിൽ കണ്ടെത്തി. കെവിൻ പിന്നാക്ക വിഭാഗത്തിൽ പെട്ടതിനാലാണ് നീനുവിന്‍റെ പിതാവ് ചാക്കോയും, സഹോദരൻ ഷാനുവും വിവാഹത്തെ എതിർത്തതെന്നാണ് പ്രോസിക്യൂഷൻ വാദം. കേസിലെ സാക്ഷിയും ചാക്കോയുടെ അയൽവാസിയുമായ ലിജോ നൽകിയ മൊഴിയും കൂടാതെ നീനുവിന്‍റെ രഹസ്യ മൊഴിയിലും ദുരഭിമാന കൊലയെന്ന സൂചനയുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദത്തിൽ വ്യക്തമാക്കി. കെവിൻ പിന്നോക്ക വിഭാഗത്തിൽ പെട്ടയാളാണെന്ന വില്ലേജ് രേഖകളും പ്രോസിക്യൂഷൻ പരാമർശിച്ചു. അഞ്ച് വർഷം മുമ്പ് തമിഴ്‌നാട്ടിൽ നടന്ന സമാന കേസ് ചൂണ്ടിക്കാട്ടി അപൂർവ്വങ്ങളിൽ അപൂർവ്വമായി കണക്കാക്കണമെന്ന ആവശ്യമാണ് ഉയർന്നത്. എന്നാൽ ഒരു മാസത്തിനകം കെവിനും നീനുവുമായുള്ള വിവാഹം നടത്താമെന്ന് ചാക്കോ സമ്മതിച്ചെന്നും, രണ്ടു പേരും ക്രൈസ്തവരാണെന്നും ഉള്ള അനീഷിന്‍റെ മൊഴിയും പ്രതിഭാഗം ഉയർത്തി. പ്രതികൾ വിവിധ ജാതിയിൽ പെട്ടവരാണെന്നും, ജാതീയമായ വൈരാഗ്യം വരില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ആഗസ്റ്റ് 14 ന് പ്രോസിക്യൂഷന്‍റെയും പ്രതിഭാഗത്തിന്‍റെയും വിശദീകരണം കേട്ടശേഷം വിധി പറയാൻ കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

അതേ സമയം, കെവിന്‍റെത് കൊലപാതകമാണെന്ന് സ്ഥിരീകരിക്കുന്ന നിർണായക മൊഴികളാണ് ഫോറൻസിക് വിദഗ്ധരും നൽകിയത്. പ്രോസിക്യൂഷൻ ഹാജരാക്കിയ 186 സാക്ഷികളിൽ 113 സാക്ഷികളെ വിസ്തരിച്ച കോടതി സാങ്കേതിക തെളിവുകളും പരിശോധിച്ചിരുന്നു.

kevin murder casekevin
Comments (0)
Add Comment