വിമാനത്താവള കൈമാറ്റം; കണ്ണില്‍പ്പൊടിയിടാനുള്ള നീക്കത്തിനേറ്റ തിരിച്ചടി : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Monday, October 19, 2020

തിരുവവന്തപുരം വിമാനത്താവള നടത്തിപ്പ്‌ അദാനി ഗ്രൂപ്പിന്‌ തീറെഴുതിയശേഷം നല്‍കിയ ഹര്‍ജി തള്ളിയ ഹൈക്കോടതി നടപടിയില്‍ അത്ഭുതപ്പെടാനില്ലെന്നും ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ നീക്കത്തിനേറ്റ തിരിച്ചടിയാണിതെന്നും കെ.പി.സി.സി പ്രസിഡന്‍റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍.

വിമാനത്താവളം അദാനിക്ക്‌ വിട്ടുനല്‍കാനുള്ള തിരക്കഥ സിപിഎമ്മും ബിജെപിയും ചേര്‍ന്ന്‌ നേരത്തെ തയ്യാറാക്കിയതാണ്‌. പ്രധാനമന്ത്രിയുടെ ഏറ്റവും വിശ്വസ്‌തനും വന്‍കിട കുത്തകമുതലാളിയുമായ അദാനിക്ക്‌ ലാഭകരമായി പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം വിമാനത്താവളം സ്വര്‍ണ്ണത്തളികയില്‍ വച്ചുനല്‍കാന്‍ കേരള സര്‍ക്കാര്‍ തുടക്കം മുതല്‍ ഒളിച്ചുകളി നടത്തി.സുതാര്യമാല്ലാത്ത നടപടികളിലൂടെ അദാനിക്ക്‌ വിമാനത്താവളം ഏറ്റെടുക്കാന്‍ അവസരമൊരുക്കുകയാണ്‌ മുഖ്യമന്ത്രി ചെയ്‌തത്‌.

സ്വകാര്യവത്‌ക്കരിക്കാന്‍ നീക്കമുണ്ടായപ്പോള്‍ അതിനെ ശക്തിയുക്തം എതിര്‍ക്കുന്നതിന്‌ പകരം ലേലത്തില്‍ പങ്കെടുക്കുക എന്ന ഇരട്ടത്താപ്പ്‌ നയമാണ്‌ കേരള സര്‍ക്കാര്‍ സ്വീകരിച്ചത്‌.കെ.എസ്‌.ഐ.ഡി.സിയാണ്‌ കേരളത്തിന്‌ വേണ്ടി ലേലത്തില്‍ പങ്കെടുത്തത്‌. ടെന്‍ഡര്‍ നടപടികള്‍ക്ക്‌ അദാനിയുടെ മരുമകളുടെ സ്ഥാപനമായ സിറില്‍ അമര്‍ചന്ദ്‌ മംഗള്‍ദാസ്‌ എന്ന കമ്പനിയെയാണ്‌ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയത്‌.കേരള സര്‍ക്കാരിനെക്കാള്‍ കുറഞ്ഞ ടെന്‍ഡര്‍ തുക അദാനിക്ക്‌ നല്‍കാന്‍ ഈ നടപടി സഹായകരമായി.ഗൗതം അദാനിയുടെ മകന്‍ കരണിന്റെ ഭാര്യ പരീധി അദാനി ഈ കമ്പനിയില്‍ പാര്‍ട്ടണറാണ്‌. ഇതെല്ലാം മറച്ചു വയ്‌ച്ചാണ്‌ കേരള സര്‍ക്കാര്‍ നിയമസഭയില്‍ പ്രമേയം പാസ്സാക്കിയതും സര്‍വകക്ഷി യോഗം വിളിക്കുകയും ഉള്‍പ്പെടെയുള്ള നാടകം കളിച്ചത്‌.ഇതിലൂടെ മുഖ്യമന്ത്രി കേരള ജനതയെ വഞ്ചിക്കുകയായിരുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു.