മതേതരത്വത്തെ തകര്‍ക്കാന്‍ ശ്രമിച്ചതിനെതിരായ ജനവിധി: എം.എം.ഹസ്സന്‍

Jaihind Webdesk
Thursday, December 13, 2018

MM-Hassan-PP

ജനാധിപത്യത്തെയും മതേതരത്വത്തെയും തകര്‍ക്കാന്‍ ശ്രമിക്കുന്ന ഏത് ഗവണ്‍മെന്റിനേയും ജനങ്ങള്‍ അധികാരത്തില്‍ നിന്നും പുറന്തളളുമെന്നതിന് തെളിവാണ് അഞ്ച് സംസ്ഥാനങ്ങളിലെ ജനവിധിയെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസ്സന്‍ പറഞ്ഞു.

കോണ്‍ഗ്രസ്സ് നേതാവും ആനാട് ഫാര്‍മാഴേസ്സ് ബാങ്ക് പ്രസിഡന്റുമായിരുന്ന പി.പ്രഭാകരന്റെ പേരില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം പ്രമുഖ സഹകാരിയും കെ.പി.സി.സി മെമ്പറുമായ എന്‍.സുദര്‍ശന് സമ്മാനിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതേതരത്വത്തെ തകര്‍ത്ത് വര്‍ഗീയത ആളിക്കത്തിക്കാനും, ജനാധിപത്യത്തെ തകര്‍ത്ത് ഏകാധിപത്യം അരക്കിട്ടുറപ്പിക്കാനും ശ്രമിക്കുന്ന നരേന്ദ്രമോദിയ്ക്കും ബി.ജെ.പിക്കുമുള്ള മുന്നറിയിപ്പാണ് തെരഞ്ഞെടുപ്പു ഫലത്തില്‍ പ്രതിഫലിക്കുന്നത്.

കോണ്‍ഗ്രസ്സിന്റെ ഉയര്‍ത്തെഴുന്നേല്പിന് നേത്യത്വം നല്കാന്‍ രാഹുല്‍ ഗാന്ധിയുടെ ശക്തമായ നേത്യത്വത്തിന് കഴിയുമെന്ന് തെളിയിച്ചതായി ഹസ്സന്‍ പറഞ്ഞു. ബി.ജെ.പിയുടെ ദുര്‍ഭരണത്തില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ്സിന്റെ നേത്യത്വത്തില്‍ ജനാധിപത്യ മതേതരകക്ഷികള്‍ ഒറ്റക്കെട്ടായി മുന്നേറേണ്ടതിന്റെ പ്രാധാന്യമാണ് തെരഞ്ഞെടുപ്പു ഫലം നല്കുന്ന സന്ദേശമെന്ന് ഹസ്സന്‍ ചുണ്ടിക്കാട്ടി.

ആനാട് ജയന്‍ അദ്ധ്യക്ഷനായിരുന്നു. മുന്‍ എം.എല്‍.എമാരായ പാലോട് രവി, ശരത്ചന്ദ്രപ്രസാദ് എന്നിവരും ഇ.ഷംസുദ്ദീന്‍ കല്ലറ അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.