പിരപ്പന്‍കോട്-കോലിയക്കോട് പോരില്‍ തെളിയുന്നത് പ്രമുഖ നേതാക്കളുടെ പേരുകളും; തലവേദനയായതോടെ ഇടപെട്ട് നേതൃത്വം; പരസ്യപ്രസ്താവനകള്‍ക്ക് വിലക്ക്

Jaihind Webdesk
Monday, May 9, 2022

തിരുവനന്തപുരം: സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ ആത്മകഥാ വിവാദത്തിൽ പിരപ്പൻകോട് മുരളിക്ക് പൂട്ടിട്ട് നേതൃത്വം. 1996 ലെ വാമനപുരം തെര‍ഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ പിണറായി പക്ഷത്ത് നിന്ന കോലിയക്കോട് കൃഷ്ണൻ നായര്‍ നടത്തിയ നീക്കങ്ങൾ പിരപ്പൻകോട് മുരളി തുറന്നെഴുതിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. അതേസമയം ആരോപണ പ്രത്യാരോപണങ്ങളുമായി തലസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള കുടിപ്പക പുറത്തുവന്നതു സിപിഎമ്മിന് തലവേദനയായി മാറി.

തിരുവനന്തപുരം ജില്ലയിലെ മുതിര്‍ന്ന സിപിഎം നേതാക്കൾ,  അതിൽ രണ്ട് പേരും ഒരു കാലത്ത് കൊടികുത്തി വാണ വി.എസ് – പിണറായി പക്ഷ വിഭാഗീയതയിൽ രണ്ടറ്റത്ത് നിലയുറപ്പിച്ചിരുന്നവര്‍. വര്‍ഷങ്ങൾ പഴക്കമുള്ള വിഭാഗീയതയുടേയും വ്യക്തിവിരോധങ്ങളുടെയും പരസ്യ പ്രകടനത്തിനാണ് പിരപ്പൻകോട് മുരളിയുടെ ആത്മകഥ വഴിവെച്ചത്. 1996 വാമനപുരം മണ്ഡലത്തിലേക്ക് നടന്ന തെര‍ഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ പിണറായി പക്ഷത്ത് എന്നും നിന്ന കോലിയക്കോട് കൃഷ്ണൻ നായര്‍ നടത്തിയ നീക്കങ്ങൾ പിരപ്പൻകോട് മുരളി തുറന്നെഴുതിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതൽ പ്രചാരണ വേദിയിൽ വരെ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാനും പാര്‍ട്ടി വോട്ടുകൾ ജെഎസ്എസ് സ്ഥാനാര്‍ത്ഥിയിലേക്ക് എത്തിക്കാനും കോലിയക്കോട് കൃഷ്ണൻ നായര്‍ പരിശ്രമിച്ചെന്നാണ് പിരപ്പൻകോട് മുരളി പ്രസാധകനിൽ പ്രസിദ്ധീകരിക്കുന്ന ആത്മകഥയിലെഴുതിയത്. എല്ലാം പച്ചക്കള്ളമെന്ന ഒറ്റവാക്കിൽ പ്രതികരണം ഒതുക്കിയ കോലിയക്കോട് പക്ഷേ പറയാനാണെങ്കിൽ പലതും പറയേണ്ടിവരുമെന്നും ഓര്‍മ്മിപ്പിച്ചു.

പിരപ്പൻകോട് മുരളി ഇപ്പോൾ പാര്‍ട്ടിയല്ല, പക്ഷേ പാര്‍ട്ടി ചട്ടക്കൂടിനകത്ത് ഇപ്പോഴും നിൽകുന്നതിനാൽ നേതൃത്വത്തോട് ആലോചിച്ച ശേഷം ബാക്കി പ്രതികരണമെന്ന് പറഞ്ഞുവച്ച കോലിയക്കോട് പുതിയ പോര്‍മുഖം തുറന്നു. പിരപ്പൻകോട് മുരളിയും വെറുതെ ഇരുന്നില്ല. അന്നത്തെ ജില്ലാ സമ്മേളനത്തിന്‍റെ പ്രവര്‍ത്തന റിപ്പോര്‍ട്ടെടുത്ത് പുറത്തിട്ടു. വിവിധ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങൾ അവലോകനം ചെയ്യുന്ന പ്രവര്‍ത്തന റിപ്പോര്‍ട്ട് വാമനപുരത്തെത്തുമ്പോൾ എണ്ണിയെണ്ണി പറയുന്നത് കോലിയക്കോടിന്‍റെ വീഴ്ചകളാണ്.

സ്വന്തം സ്ഥാനാര്‍ത്ഥിയെ തോൽപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ റിപ്പോര്‍ട്ടിൽ വിശദമായി പ്രതിപാദിക്കുന്നുമുണ്ട്. ഇതിനൊപ്പം പ്രത്യക്ഷമായും പരോക്ഷമായും പ്രശ്നത്തിൽ ഇടപെട്ട പ്രമുഖ നേതാക്കളുടെ പേരുകൂടി പൊതു സമൂഹത്തിന് മുന്നിലേക്ക് എത്തുന്ന സാഹചര്യത്തിലാണ് പാര്‍ട്ടി നേതൃത്വം ഇടപെട്ടത്. വിവാദം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് സിപിഎം നേതൃത്വം നേതാക്കൾക്ക് നിര്‍ദ്ദേശം നൽകി. പരസ്യ പ്രസ്താവനകൾക്കും വിലക്ക് ഏര്‍പ്പെടുത്തി.