വെഞ്ഞാറമൂട് കൊലപാതകം : ഏറ്റുമുട്ടലിന് പിന്നില്‍ കൃത്യമായ ഗൂഢാലോചനയെന്ന് പൊലീസ്; തമ്മിലടിപ്പിക്കാന്‍ ബോധപൂര്‍വം ആരോ ശ്രമിച്ചുവെന്നും നിഗമനം

Jaihind News Bureau
Friday, September 11, 2020

വെഞ്ഞാറമൂട് കൊലപാതകത്തിൽ കൊല്ലപ്പെട്ടവരുടെ സംഘത്തെയും കൊലയാളി സംഘത്തെയും തമ്മില്‍ അടിപ്പിക്കാന്‍ ബോധപൂര്‍വം ആരോ ശ്രമിച്ചുവെന്ന് സൂചന. വെഞ്ഞാറമൂട്ടില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തിന് കാരണമായ ഏറ്റുമുട്ടലിന് പിന്നില്‍ കൃത്യമായ ഗൂഡാലോചനയുണ്ടെന്നാണ് പോലീസിന്‍റെ നിഗമനം.

വെഞ്ഞാറമൂട് ഇരട്ട കൊലപാതകത്തിന് കാരണമായ ഏറ്റുമുട്ടലിന് പിന്നില്‍ കൃത്യമായ ഗൂഡാലോചനയുണ്ടായെന്നാണ് പൊലീസ് നിഗമനം. കൊല്ലപ്പെട്ടവരുടെ സംഘത്തെയും കൊലയാളി സംഘത്തെയും തമ്മില്‍ അടിപ്പിക്കാന്‍ ബോധപൂര്‍വം ആരോ ശ്രമിച്ചു എന്നതിന്‍റെ സൂചനയാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. അക്രമത്തിന് തൊട്ടുമുമ്പ് തേമ്പാമൂട് ജംഗ്ഷനിൽ ഇരുചക്ര വാഹനത്തില്‍ രണ്ടു തവണ വന്നു പോയ ആളെ കേന്ദ്രീകരിച്ചാണ് പോലീസിന്‍റെ അന്വേഷണം.

കൊല്ലപ്പെട്ടവരുടെ കയ്യിലും കൊലയാളികളുടെ കയ്യിലും എങ്ങനെ ആയുധങ്ങള്‍ വന്നു എന്നതിനെ കുറിച്ചുളള അന്വേഷണത്തിനൊടുവിലാണ് ഇരുകൂട്ടര്‍ക്കുമിടയിലെ കുടിപ്പക മുതലെടുക്കാന്‍ ആരോ ശ്രമിച്ചിരുന്നെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. കൊല്ലപ്പെട്ട മിഥിലാജും ഹഖും അടങ്ങുന്ന സംഘം കന്യാകുളങ്ങര ജംഗ്ഷനിൽ നിന്ന് ആക്രമിക്കാന്‍ വരുന്നുണ്ടെന്ന് ആരോ ഒരാള്‍ കൊലയാളി സംഘത്തെ അറിയിച്ചിരുന്നു. ഇതറിഞ്ഞ പ്രതികളടങ്ങിയ സംഘം കയ്യില്‍ ആയുധങ്ങള്‍ കരുതി കാത്തിരുന്നു. ഇതേസമയം തന്നെ സജീവിന്‍റെ നേതൃത്വത്തിലുളള സംഘം ആക്രമിക്കാന്‍ തയാറെടുത്തിരിക്കുകയാണെന്ന് മിഥിലാജിനും കൂട്ടര്‍ക്കും വിവരം കിട്ടി. രണ്ടു സംഘങ്ങള്‍ക്കും ഈ വിവരം കൈമാറിയത് ഒരേ ആള്‍ തന്നെയാണെന്ന് പൊലീസ് വിലയിരുത്തുന്നു.

കൃത്രിമമായി സൃഷ്ടിക്കപ്പെട്ട ആക്രമണ ഭീതിയാണ് ഇരുസംഘങ്ങളും ആയുധങ്ങള്‍ കരുതാനുളള കാരണമെന്നും പൊലീസ് അനുമാനിക്കുന്നു. കൊല്ലപ്പെട്ടവര്‍ക്ക് ഒപ്പം ഉണ്ടായിരുന്ന ചെറുപ്പക്കാരുടെയും പ്രതികളില്‍ ചിലരുടെയും മൊഴികളില്‍ നിന്നാണ് ഇങ്ങനെയൊരു സാധ്യതയിലേക്ക് പൊലീസ് എത്തിയത്. ഇരുകൂട്ടരെയും തമ്മില്‍ തല്ലിക്കാനുളള ആസൂത്രിതമായ ശ്രമം നടത്തിയത് ആരെന്ന അന്വേഷണമാണ് പോലീസ് നടത്തുന്നത്.ഇതിനായി ആക്രമണ സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നവരുടെയെല്ലാം ടെലിഫോണ്‍ രേഖകള്‍ വീണ്ടും വിശദമായി പരിശോധിക്കും. റിമാന്‍ഡില്‍ കഴിയുന്ന രണ്ടു പ്രതികളെ വീണ്ടും ചോദ്യം ചെയ്യുന്നതോടെ ഗൂഢാലോചന നടത്തിയ ആളെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

teevandi enkile ennodu para