വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: സിപിഎമ്മിന്‍റെ ഗൂഢാലോചന പുറത്ത്; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ലോക്കല്‍ സെക്രട്ടറി

Jaihind Webdesk
Tuesday, March 8, 2022

 

രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി. പാർട്ടി വിട്ട് സിപിഐയില്‍ ചേർന്ന ഡി സുനിലിന്‍റേതാണ് വെളിപ്പെടുത്തല്‍. സിപിഎം നേതാവും എംഎല്‍എയുമായ വ്യക്തിയുടെ മകനുമായുള്ള പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സിപിഎമ്മിന്‍റെ മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പറയുന്നു. തേമ്പാമൂട്ടില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിന് രാഷ്ട്രീയപരിവേഷം ചാർത്താന്‍ പരിശ്രമിച്ച സിപിഎമ്മിന്‍റെയും നേതാക്കളുടെയും നുണക്കഥകള്‍ പൊളിക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍.

”2020 തിരുവോണനാളിൽ നിങ്ങളുടെ നേതാവും ജനപ്രതിനിധിയും ആയ ആളെ കേട്ടാലറയ്ക്കുന്ന ഭാഷയിൽ ഗോകുലം മെഡിക്കൽ കോളേജിൽ വച്ച് തെറി വിളിച്ചത് നിങ്ങൾ തന്നെയല്ലേ….. ഞങ്ങൾ ആണോ?. ആ തിരുവോണനാളിൽ നിന്നും കൃത്യം 12 ദിവസം പുറകിലോട്ട് പോയാൽ അറിയാം എന്തുകൊണ്ട് തെറിവിളി കേൾക്കേണ്ടിവന്നുവെന്ന്. ഒരു ചെറുപ്പക്കാരനെ അസമയത്ത് ഒരിടത്തു വച്ച് ചില ആൾക്കാർ കാണുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നു ചോദ്യം ചെയ്തവരെ ആക്രമിക്കാൻ മരണപ്പെട്ട ഒരാൾക്ക് ഈ ചെറുപ്പക്കാരൻ കൊട്ടേഷൻ കൊടുക്കുന്നു ഇതല്ലേ സംഭവം?. ആ ചെറുപ്പക്കാരൻ്റെ അച്ഛന്‍റെ ധീരതയെ നിങ്ങൾ വാഴ്ത്തിപ്പാടികൊള്ളൂ. ഈ നാട്ടിലെ ജനങ്ങൾക്ക് വസ്തുതകൾ നന്നായി അറിയാം” – സുനില്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കേസില്‍ കോണ്‍ഗ്രസിന്‍റെ ആരോപണം ശരിവെക്കുന്നതാണ് വെളിപ്പെടുത്തല്‍. കൊലപാതകത്തിന് പിന്നാലെ സിപിഎം സംസ്ഥാനവ്യാപകമായി അക്രമം അഴിച്ചുവിടുകയായിരുന്നു. രാഷ്ട്രീയ കൊലപാതകം എന്നാരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഓഫീസുകള്‍ക്കും നേരെ വ്യാപക ആക്രമണമുണ്ടായി. കൊലപാതകത്തിന് രാഷ്ട്രീയ ബന്ധമില്ലെന്ന് തുടക്കത്തില്‍ വ്യക്തമാക്കിയ പോലീസിന് സിപിഎം ഭീഷണിക്കും സമ്മർദ്ദത്തിനും വഴങ്ങി നിലപാട് മാറ്റേണ്ടിവന്നു.

സിപിഎമ്മിന്‍റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പിന്നില്‍ ഒരു സിപിഎം എംഎല്‍എയുടെ മകനുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണെന്നും അടൂർ പ്രകാശ് എംപി തെളിവുകള്‍ സഹിതം ചൂണ്ടിക്കാട്ടി. എന്നാല്‍ അടൂർ പ്രകാശ് എംപിക്കെതിരെയും സിപിഎം ആക്രമണം അഴിച്ചുവിടുകയായിരുന്നു. അദ്ദേഹത്തെ പ്രതിക്കൂട്ടിലാക്കാനും ശ്രമമുണ്ടായി. ഏത് അന്വേഷണത്തിനും തയാറാണെന്ന കോണ്‍ഗ്രസ് നിലപാട് സിപിഎമ്മിനെ സമ്മർദ്ദത്തിലാക്കി. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വെഞ്ഞാറമൂട്ടില്‍ അടൂർ പ്രകാശ് എംപി ഉപവാസ സമരം നടത്തുകയും ചെയ്തു.

ഇപ്പോള്‍ സ്വന്തം പാര്‍ട്ടിയിലെ തന്നെ അംഗം ആയിരുന്ന ആളുടെ വെളിപ്പെടുത്തലോടെ വെഞ്ഞാറമൂട് കൊലപാതകത്തില്‍ സിപിഎം തീർത്തും പ്രതിക്കൂട്ടിലായിരിക്കുകയാണ്. വാമനപുരം എംഎല്‍എയുടെയും മകന്‍റേയും പങ്ക് അന്വേഷണവിധേയമാക്കേണ്ടതുണ്ട്. എതിരാളികളെ ആരോപണമുനയില്‍ നിര്‍ത്തി പൊതുസമൂഹത്തെ ബോധപൂര്‍വം തെറ്റിദ്ധരിപ്പിക്കുകയും സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കുകയും ചെയ്തതിന് സിപിഎം മറുപടി പറഞ്ഞേ മതിയാകൂ. എതിരാളികളെ മാത്രമല്ല, സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കളുടെ വ്യക്തിതാല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും രാഷ്ട്രീയ നേട്ടത്തിനുമായി ഇല്ലായ്മ ചെയ്യാന്‍ മടിയില്ലെന്നതാണ് സംഭവം തെളിയിക്കുന്നത്. ഇതോടെ കേസില്‍ വിശദമായ അന്വേഷണം വേണമെന്ന ആവശ്യം വീണ്ടും ശക്തമായിരിക്കുകയാണ്.

 

ഡി സുനിലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

 

സിപിഎം നെല്ലനാട് ലോക്കൽ കമ്മിറ്റിയ്ക്ക്….. വ്യക്തിപരമായ ചില കാരണങ്ങളാൽ മറുപടി എഴുതാൻ വൈകിയതാണ്. അല്ലാതെ ഭയന്നു മാറി നിന്നതല്ല…. ഞാൻ എൻ്റെ പ്രദേശത്ത് സംഘടനാ പ്രവർത്തനം നടത്തി ആ പ്രദേശത്തെ മുഴുവൻ ജനങ്ങളെയും പുരോഗമന ജനാധിപത്യ പ്രസ്ഥാനത്തിൻ്റെ ഭാഗമായി മാറ്റിയാണ് ഞാൻ നേതൃസ്ഥാനത്തേക്ക് കടന്നുവന്നത്. അതിൻറെ ഭാഗമായി ഞാൻ നിരന്തരം വേട്ടയാടലും ആക്രമണങ്ങൾക്കും വിധേയനായി അപ്പോഴും ഞാൻ ഒരു ഭീഷണിക്കുമുന്നിലും പതറിയിട്ടില്ല. അതുകൊണ്ട് സ്നേഹപൂർവ്വം ഒരു കാര്യം ഓർമ്മപെടുത്താം എന്നെ ഭീഷണിപ്പെടുത്തി നിശബ്ദമാക്കാം എന്ന് കരുതണ്ട…..
ഇനി വിഷയത്തിലേക്ക് വരാം….. എന്നെ നിങ്ങളുടെ പാർട്ടി പുറത്താക്കുന്നത് വരെ ഞാൻ ശരിയായിരുന്നു. എനിക്കെതിരെ നടപടി എടുത്തതിനുശേഷം നിങ്ങളുടെ ഏരിയാ കമ്മിറ്റിയുടെ സെക്രട്ടറി നടത്തിയ ആദ്യ പത്രസമ്മേളനത്തിൽ എന്താണ് പറഞ്ഞത് മെമ്പർഷിപ്പ് കൃത്യമായി തരാത്തതിന് ചെറിയൊരു നടപടി എന്നാണ്. എനിക്കെതിരെ വ്യക്തിപരമായി ഒന്നും പറയാനില്ലാതെ വല്ലാതെ പതറുന്നത് നമ്മൾ എല്ലാവരും കണ്ടതാണ്. എൻ്റെ നിലവിലെ സംഘടനാപ്രവർത്തനം നിങ്ങളെ വല്ലാതെ ചൊടിപ്പിക്കുന്നുണ്ട് എന്ന് എനിക്കറിയാം അതുകൊണ്ടാണല്ലോ വ്യക്തിപരമായ ആക്ഷേപങ്ങൾ ഇപ്പോൾ പറയുന്നത്. നിങ്ങൾ പറഞ്ഞാലേ എനിക്കും പറയാൻ പറ്റൂ അതുകൊണ്ട് നമ്മൾക്ക് ഇത് തുടരാം ……
ഇനി റിയൽ എസ്റ്റേറ്റ് ബന്ധത്തെ സംബന്ധിച്ച് ചർച്ച ചെയ്യാം. തണ്ണീർത്തടം നികത്തി തേക്ക് മോഷണം നടത്തി വൻതോതിൽ ഭൂമി കയ്യേറ്റം നടത്തുന്ന ഒരു എൽ സി സെക്രട്ടറി ഒരുഭാഗത്ത്….. 10 പേർ അടങ്ങുന്ന ഒരു ഗ്രൂപ്പ് ഉണ്ടാക്കി നാടാകെ ഭൂമി വാങ്ങിക്കൂട്ടുന്ന മറ്റൊരു എൽ സി സെക്രട്ടറി…. ഭൂമി തരം മാറ്റാനും, വസ്തു കച്ചവടം, പാറ,മണ്ണ് നിലംനികത്തൽ, കോറികളിൽ സീനിയോറിറ്റിക്ക് വരെ റേറ്റ് പറഞ്ഞു ഉറപ്പിക്കുന്ന ഏരിയ സെക്രട്ടറി…. ഇതെല്ലാം നിങ്ങൾക്കും അറിയാം ഈ നാട്ടിലെ ജനങ്ങൾക്കും അറിയാം…. പാവം നിങ്ങൾ ന്യായീകരണ തൊഴിലാളികൾ….. നിങ്ങളുടെ ഏരിയ കമ്മിറ്റി അംഗത്തെയും ഏരിയാ സെക്രട്ടറിയേയും പോലീസ് 14/ 2/ 2022 ന് പിടിച്ചതും പെറ്റി അടിച്ചതും മദ്യപിച്ച് വാഹനം ഓടിച്ച തുകൊണ്ടാണ് എന്ന് ഞങ്ങൾ ആരോടും പറയുന്നില്ല അതെല്ലാം വ്യക്തിപരമായ കാര്യങ്ങളാണ്. മദ്യപാനത്തെ സംബന്ധിച്ച് നിങ്ങൾ വലിയ പ്രസംഗം നടത്തുമ്പോൾ ചില കാര്യങ്ങൾ പറയാതെ പോകുന്നത് ശരിയല്ല…. നിങ്ങളുടെ വലിയ ജനപ്രതിനിധി വീട്ടിലേക്ക് കയറി പോകുന്നത് മദ്യപന്മാരുടെ ഇടയിൽ കൂടി അവരുടെ ശർദ്ധിലിൽ ചവിട്ടി കൊണ്ടല്ലേ…. നിങ്ങളുടെ പാർട്ടിയുടെ ഏരിയ കമ്മിറ്റി അംഗം മുതൽ പാർട്ടി അംഗം വരെ ഈ ലോക്ക് ഡൗൺ കാലത്ത് നടത്തിയ മദ്യ കച്ചവടത്തിൻ്റെ ലാഭം ഈ നാട്ടിലെ സാധാരണ ജനങ്ങൾക്ക് അറിയാം. പിന്നെ കഞ്ചാവിൻ്റെ വിതരണത്തെയും ഉപയോഗത്തെയും സംബന്ധിച്ച് അന്വേഷണം നടത്താം. അന്വേഷണ ഏജൻസികൾ എല്ലാം നിങ്ങളുടെ കയ്യിൽ ഉണ്ടല്ലോ…. അന്വേഷണം നടത്തിയാൽ ആരൊക്കെയാണ് അകത്താക്കുന്നത് എന്ന് നിങ്ങൾക്ക് നന്നായി അറിയാമല്ലോ ഞാൻ പറയണമെങ്കിൽ അതും പറയാം…… നിങ്ങൾ പറഞ്ഞതുപോലെ ഫോട്ടോസും വീഡിയോസും ഇടുന്ന കളിക്ക് വേണ്ടി വെയിറ്റ് ചെയ്യുകയാണ്…… പിന്നെ നിങ്ങളുടെ ബഹുഭൂരിപക്ഷം ജനങ്ങളുടെ പിന്തുണയുള്ള നേതാക്കന്മാരെ സംബന്ധിച്ച് ഞാനൊന്നും പറയുന്നില്ല….2020 തിരുവോണനാളിൽ നിങ്ങളുടെ നേതാവും ജനപ്രതിനിധിയും ആയ ആളെ കേട്ടാലറയ്ക്കുന്ന ഭാഷയിൽ ഗോകുലം മെഡിക്കൽ കോളേജിൽ വച്ച് തെറി വിളിച്ചത് നിങ്ങൾ തന്നെയല്ലേ….. ഞങ്ങൾ ആണോ?. ആ തിരുവോണനാളിൽ നിന്നും കൃത്യം 12 ദിവസം പുറകിലോട്ട് പോയാൽ അറിയാം എന്തുകൊണ്ട് തെറിവിളി കേൾക്കേണ്ടിവന്നുവെന്ന്. ഒരു ചെറുപ്പക്കാരനെ അസമയത്ത് ഒരിടത്തു വച്ച് ചില ആൾക്കാർ കാണുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നു ചോദ്യം ചെയ്തവരെ ആക്രമിക്കാൻ മരണപ്പെട്ട ഒരാൾക്ക് ഈ ചെറുപ്പക്കാരൻ കൊട്ടേഷൻ കൊടുക്കുന്നു ഇതല്ലേ സംഭവം?. ആ ചെറുപ്പക്കാരൻ്റെ അച്ഛൻ്റെ ധീരതയെ നിങ്ങൾ വാഴ്ത്തിപ്പാടികൊള്ളൂ. ഈ നാട്ടിലെ ജനങ്ങൾക്ക് വസ്തുതകൾ നന്നായി അറിയാം. കൂടെ നടക്കുമ്പോഴും , കൂട്ടിരിക്കുമ്പോഴും ഒരുമിച്ച് അത്താഴമുണ്ണുമ്പോഴും നിങ്ങളിൽ പലരുടേയും കണ്ണ് മറ്റവന്റെ സ്വകാര്യതകളിലേക്കാണല്ലോ കസ്തൂരിമാനിൻ്റെ കസ്തൂരിക്ക് മാത്രമേ മണം കാണുകയുള്ളൂ മലത്തിന് നല്ല നാറ്റം തന്നെ ആയിരിക്കും. അതും നിങ്ങൾക്ക് മണം ആണെങ്കിൽ ചുമന്ന് നടന്നോളൂ….. ഞങ്ങളുടെ മേൽ ചാരാൻ നിൽക്കണ്ട…..
സംവാദം തുടരണമെന്ന ആഗ്രഹത്തോടെ…..

ഡി സുനിൽ