കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക മതസംഘടനകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി പ്രവര്‍ത്തിക്കുകയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കാന്തപുരം പറയുന്നത് കേട്ട് മാത്രം ഭരിച്ചാല്‍ മതി കേരളാ ഗവണ്മെന്റ് എന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തി. സര്‍ക്കാര്‍ എന്ത് നിയമം കൊണ്ടുവന്നാലും മലപ്പുറത്ത് ചോദിച്ചില്ലെങ്കില്‍ അത് കുഴപ്പമാകുന്ന സാഹചര്യമാണെന്നും അദ്ദേഹം കോട്ടയത്ത് നടന്ന എസ്എന്‍ഡിപി യോഗത്തിന്റെ നേതൃയോഗത്തില്‍ കുറ്റപ്പെടുത്തി.
സ്കൂള്‍ കുട്ടികള്‍ക്ക് ‘സൂംബ’ പരിശീലനം നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെയും സ്കൂള്‍ സമയമാറ്റത്തെയും സമസ്ത എതിര്‍ത്തതിനെതിരെ വെള്ളാപ്പള്ളി ആഞ്ഞടിച്ചു. ‘കോടതിയുടെ നിര്‍ദേശപ്രകാരം സ്കൂള്‍ സമയം ക്രമീകരിച്ചപ്പോള്‍ ഓണം, ക്രിസ്മസ് അവധികള്‍ വെട്ടിക്കുറയ്ക്കണമെന്നാണ് സമസ്ത ആവശ്യപ്പെട്ടത്. ഈ രാജ്യം എങ്ങോട്ടേക്കാണ് പോകുന്നത്? ഇവിടെ മതാധിപത്യമായിക്കഴിഞ്ഞു,’ വെള്ളാപ്പള്ളി പറഞ്ഞു. സര്‍ക്കാര്‍ ഒരു തീരുമാനമെടുത്താല്‍ അതില്‍ നിന്ന് പിന്നോട്ട് പോകുന്നത് ഇത്തരം സംഘടനകളെ ഭയന്നാണ്. ഇരിക്കാന്‍ പറഞ്ഞാല്‍ ഇപ്പുറത്തുള്ളവര് കിടക്കുന്ന അവസ്ഥയാണെന്നും അദ്ദേഹം പരിഹസിച്ചു.
അവകാശങ്ങള്‍ക്കായി ഈഴവര്‍ രാഷ്ട്രീയ ശക്തിയാകണം
കോട്ടയം ഇപ്പോള്‍ ചില സംഘടകളുടെ സ്വാധീനത്തിലാണ്. കേരളത്തിലെ മറ്റ് സമുദായങ്ങള്‍ ജാതി പറഞ്ഞ് എല്ലാം നേടുമ്പോള്‍ ഈഴവര്‍ ജാതി പറഞ്ഞാല്‍ വിമര്‍ശനമാണ് നേരിടേണ്ടി വരുന്നതെന്നും വെള്ളാപ്പള്ളി പരാതിപ്പെട്ടു. ഈഴവര്‍ക്ക് പ്രാധാന്യം കിട്ടുന്നത് തൊഴിലുറപ്പ് പദ്ധതിയില്‍ മാത്രമായി ഒതുങ്ങി. അധികാരത്തില്‍ കൃത്യമായ പ്രാതിനിധ്യം ലഭിക്കണം. അതിനായി എസ്എന്‍ഡിപി യോഗം ഒരു രാഷ്ട്രീയ ശക്തിയായി മാറണമെന്നും, യോഗാംഗങ്ങള്‍ അവര്‍ വിശ്വസിക്കുന്ന പാര്‍ട്ടികളില്‍ നിന്നും അവകാശങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സമുദായത്തിന് സ്വാധീനമുള്ള സ്ഥലങ്ങളില്‍ അധികാരത്തിലെത്താനും തദ്ദേശ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ പ്രാതിനിധ്യം ഉറപ്പാക്കാനും ശ്രമം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വി.എസിന്റെ വാക്കുകള്‍ ഓര്‍മ്മിപ്പിച്ച് വെള്ളാപ്പള്ളി
കേരളം മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമാകുമെന്ന് മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് മുന്‍പ് പറഞ്ഞിട്ടുള്ളത് വെള്ളാപ്പള്ളി യോഗത്തില്‍ ഓര്‍മ്മിപ്പിച്ചു. എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ ഒരുപോലെ മുസ്ലിം സമുദായത്തെയാണ് സഹായിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ‘കേരളത്തില്‍ മറ്റിടങ്ങളില്‍ നിയമസഭാ മണ്ഡലങ്ങള്‍ കുറഞ്ഞപ്പോള്‍ മലപ്പുറത്ത് സീറ്റ് കൂടി. അവര്‍ ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി സ്ഥാനമാണ്. ഇങ്ങനെ പോയാല്‍ അച്യുതാനന്ദന് പറഞ്ഞ പോലെ കേരളം ഒരു മുസ്ലിം ഭൂരിപക്ഷ നാടാകും,’ അദ്ദേഹം മുന്നറിയിപ്പ് നല്കി. ‘പൊന്നു പെങ്ങന്മാരെ പ്രൊഡക്ഷന്‍ കുറയ്ക്കല്ലേ’ എന്നും സമ്മേളനത്തിനെത്തിയവരോട് അദ്ദേഹം പറഞ്ഞു.