കൊല്ലം അഞ്ചലില്‍ സ്കൂള്‍ കുട്ടികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി അപകടം; രണ്ടുപേരുടെ നില ഗുരുതരം

Jaihind Webdesk
Thursday, June 6, 2019

Car Accident

കൊല്ലം അഞ്ചലില്‍ സ്കൂള്‍ കുട്ടികള്‍ക്കിടയിലേക്ക് കാർ പാഞ്ഞുകയറി കുട്ടികളുടെ അമ്മമാരുള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്ക്. സ്കൂളിലേക്ക് നടന്നുപോവുകയായിരുന്ന ഇവരുടെ നേര്‍ക്ക് നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറുകയായിരുന്നു.

ഒരു വിദ്യാര്‍ഥിയുടെയും കൂട്ടത്തിലുണ്ടായിരുന്ന ഒന്നര വയസുകാരിയുടെയും നില അതീവ ഗുരുതരമാണെന്നാണ് വിവരം. ഏറം എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്കൂള്‍ പ്രവേശനോത്സവ ദിനമായ ഇന്ന് സ്കൂളിലേക്ക് പോവുകയായിരുന്ന കുട്ടികളും രക്ഷിതാക്കളുമാണ് അപകടത്തില്‍ പെട്ടത്. അമിതവേഗത്തിലെത്തിയ കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് ഇവരുടെയിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. കാറ് ഒടിച്ചിരുന്ന അഞ്ചല്‍ കുരുവിക്കോണം സ്വദേശിയേയും വീട്ടമ്മയേയും കാറും അഞ്ചല്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്

ഒന്‍പതരയോടെ അഞ്ചല്‍ ഏറം ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. സ്കൂളിലേക്ക് നടന്നു പോകുകയായിരുന്ന വിദ്യാര്‍ഥികളും രക്ഷിതാക്കളുമാണ് അപകടത്തില്‍പെട്ടത്. ഏറം ഗവ. എല്‍പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥികളായ നൂര്‍ജഹാന്‍, ബിസ്മി, സഹോദരിയും ഒന്നരവയസുകാരിയുമായ സുമയ്യ, നൂര്‍ജഹാന്‍റെ അമ്മ അന്‍സിയ, ബിസ്മിയുടെയും സുമയ്യയുടെയും അമ്മ ഷീബ എന്നിവര്‍ക്കാണ് പരുക്കേറ്റത്.

ഓട്ടോയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ സ്കൂളിലേക്ക് പോയ സംഘത്തെ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ എല്ലാവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികില്‍സ നല്‍കിയ ശേഷം അപകടത്തില്‍ സാരമായി പരുക്കേറ്റ ബിസ്മിയേയും സഹോദരി സുമയ്യയേയും തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ പരുക്കേറ്റ മറ്റു മൂന്നു പേരും അ‍ഞ്ചലിലെ സ്വകാര്യ ആശുപത്രിയിലാണ്.