പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ കേന്ദ്രത്തില്‍ മന്ത്രിയാകാനുള്ള ശ്രമത്തിനുള്ള ചരടുവലികളുമായി വീരേന്ദ്രകുമാര്‍. ലാലു പ്രസാദ് യാദവിന്റെ ആര്‍.ജെ.ഡിയില്‍ ലയിച്ച് കോണ്‍ഗ്രസുമായും യു.ഡി.എഫുമായും വീണ്ടും ചങ്ങാത്തം കൂടാനാണ് ശ്രമം. ഇതിന്റെ മുന്നോടിയായി ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവുമായി എം.വി. ശ്രേയാംസ്‌കുമാര്‍ പ്രാഥമിക ചര്‍ച്ച നടത്തിക്കഴിഞ്ഞു. അതേസമയം വീരേന്ദ്രകുമാറിന്റെ നീക്കം മനസ്സിലാക്കിയ സി.പി.എം ഇതിന് തടയിടാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.
അടുത്തവര്‍ഷം പഞ്ചായത്ത് – കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വീരന്റെ പുതിയ രാഷ്ട്രീയ നീക്കം മുളയില്‍ തന്നെ നുള്ളാനാണ് സി.പി.എമ്മും ഇടതുപക്ഷ മുന്നണിയും ശ്രമിക്കുന്നത്. അതേസമയം വീണ്ടും കോണ്‍ഗ്രസുമായി ബന്ധം സ്ഥാപിക്കാനുള്ള കാര്യത്തില്‍ ലോക് താന്ത്രിക് അണികള്‍ വലിയ ആശയക്കുഴപ്പത്തിലുമാണ്. അധികാരത്തിനുവേണ്ടി അതാത് സാഹചര്യങ്ങളില്‍ നിലപാട് മാറ്റുന്ന വീരേന്ദ്രകുമാറിനെതിരെ വടകരയിലും കോഴിക്കോട് ജില്ലയിലെ പലഭാഗങ്ങളിലും സാധാരണ പ്രവര്‍ത്തകര്‍ എതിരാണ്.
യു.ഡി.എഫ് വിട്ട നടപടിയെപ്പോലും ഇപ്പോഴും ജനതാദള്‍ അണികള്‍ ചോദ്യം ചെയ്യുന്നുമുണ്ട്. വടകര ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനതാദള്‍ അണികള്‍ നിശ്ശബ്ധത പാലിച്ചതും ഈ കാരണങ്ങള്‍ കൊണ്ടായിരുന്നു. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ലോക്‌സതാന്ത്രിക ജനതാദളിന്റെ സംസ്ഥാന സമിതി യോഗം ചേര്‍ന്ന് പുതിയ രാഷ്ട്രീയ നിലപാട് അവതരിപ്പിക്കുമെന്നാണ് ജനതാദള്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.