മന്ത്രി റിയാസ് നല്‍കിയ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ വീണയുടെ വരുമാനം കുറച്ചുകാട്ടി; രേഖകള്‍ പുറത്ത്

 

തിരുവനന്തപുരം: മാസപ്പടി വിവാദത്തിന് പിന്നാലെ മന്ത്രി മുഹമ്മദ് റിയാസ് നൽകിയ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലും ഭാര്യ വീണാ വിജയന്‍റെ വരുമാനം കുറച്ചുകാട്ടിയതായ രേഖകൾ പുറത്തു വന്നു. 2017 മുതൽ 2021 വരെ വിവിധ കമ്പനികളുമായുള്ള കരാറിലൂടെ വീണാ വിജയനും കമ്പനിക്കും ലഭിച്ച വരുമാനം 4.05 കോടി രൂപയാണ്. എന്നാൽ വീണയുടെ ഭർത്താവായ മന്ത്രി പി.എ. മുഹമ്മദ് റിയാസ് 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് കമ്മീഷനു നൽകിയ സത്യവാങ്മൂലത്തിൽ ആദായ നികുതി റിട്ടേൺ പ്രകാരം വീണയുടെ വരുമാനമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത് കേവലം 1.08 കോടി രൂപ മാത്രമാണെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.

മന്ത്രി പി.എ. മുഹമ്മദ് റിയാസ് സത്യവാങ്മൂലത്തില്‍ ഭാര്യ വീണാ വിജയന്‍റെ വരുമാനത്തിൽ 2.97 കോടി രൂപ മറച്ചുവെച്ചു എന്നതിന്‍റെ രേഖകളാണ് പുറത്തുവന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മകൾക്കും കമ്പനിക്കും ജിഎസ്ടി രേഖകളനുസരിച്ച് 2017 മുതൽ 2021 വരെ വിവിധ കമ്പനികളുമായുള്ള കരാറിലൂടെ ലഭിച്ച വരുമാനം 4.05 കോടി രൂപയാണ്. എന്നാൽ സത്യവാങ്മൂലത്തില്‍ വീണയുടെ വരുമാനമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത് കേവലം 1.08 കോടി രൂപ മാത്രം. 2.97 കോടിയുടെ വരുമാന വ്യത്യാസം. ജിഎസ്ടി രേഖകൾ പ്രകാരം വീണയ്ക്ക് 2018 മുതൽ 2021 വരെ 1.55 കോടി രൂപയാണു വിറ്റുവരവ്. വീണയുടെ കമ്പനിയായ എക്സാലോജിക്കിന് 2017 മുതൽ 2021 വരെ കിട്ടിയതാകട്ടെ 2.50 കോടി രൂപയും. ഇതു രണ്ടും ചേർത്തുള്ള ആകെ വരുമാനമാണ് 4.05 കോടി രൂപ.

ഇതിനുപുറമേ സ്ഥാനാർത്ഥിയോ ജീവിതപങ്കാളിയോ പൊതുമേഖലാ സ്ഥാപനങ്ങളുമായോ സ്വകാര്യ സ്ഥാപനങ്ങളുമായോ കരാറിലേർപ്പെട്ടിട്ടുണ്ടോ എന്ന സത്യവാങ്മൂലത്തിലെ ചോദ്യത്തിനും “ഇല്ല” എന്നായിരുന്നു റിയാസിന്‍റെ മറുപടി. വീണയും വീണയുടെ കമ്പനിയും സിഎംആർഎൽ അടക്കമുള്ള കമ്പനികളുമായി കരാറിലേർപ്പെടുകയും പ്രതിഫലം കൈപ്പറ്റുകയും ചെയ്തപ്പോഴാണ് സത്യവാങ്മൂലത്തിൽ “ഇല്ല” എന്ന മറുപടി നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടിയും നികുതി രേഖകളും മുഹമ്മദ് റിയാസിന്‍റെ സത്യവാങ്മൂലവും ഒട്ടനവധി ചോദ്യങ്ങളും ദുരൂഹതകളും ബാക്കിയാക്കുകയാണ്.

Comments (0)
Add Comment