ചെന്നൈ: മാസപ്പടിക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ മൊഴി എടുത്ത് എസ്എഫ്ഐഒ. ചെന്നൈയില്‍ വച്ചാണ് മൊഴി എടുത്തത്. വീണ നേരിട്ട് എസ്എഫ്ഐഒ ഓഫീസില്‍ ഹാജരാകുകയായിരുന്നു. എസ്.എഫ്.ഐ.ഒ അന്വേഷണ ഉദ്യോഗസ്ഥന്‍ അരുണ്‍ പ്രസാദ് വീണാ വിജയനില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചത്. കേസ് ഏറ്റെടുത്ത് 10 മാസത്തിനു ശേഷമാണ് നടപടി.
കഴിഞ്ഞ ജനുവരിയിലാണ് കേസില്‍ എസ്എഫ്‌ഐഒ അന്വേഷണം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ എക്സാലോജിക് കമ്പനിയുമായുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിലാണ് എസ് എഫ് ഐ ഒ അന്വേഷണം നടക്കുന്നത്. കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലില്‍ നിന്നും വീണ വിജയന്‍ ചെയ്യാത്ത സേവനത്തിന്റെ പേരില്‍ മാസപ്പടിയായി പണമിടപാട് നടത്തിയെന്നാണ് കേസ്.
നേരത്തേ സ്വകാര്യ കരിമണല്‍ കമ്പനിയുമായുള്ള ഇടപാടുകളില്‍ എസ്.എഫ്.ഐ.ഒ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് വീണ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. മാസപ്പടി കേസില്‍ തനിക്ക് ബന്ധമില്ലെന്നാണ് വീണയുടെ നിലപാട്. താന്‍ ഐടി പ്രൊഫഷണല്‍ മാത്രമാണെന്നും രാഷ്ട്രീയ പാര്‍ട്ടികളുമായി തനിക്ക് ബന്ധമില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.