‘ക്യാബിനറ്റ് റാങ്കോടെ സർക്കാർ പണം വാങ്ങിയിട്ട് നിങ്ങള്‍ എന്താണ് മലയാളികള്‍ക്ക് വേണ്ടി ചെയ്തത് ?’ സമ്പത്തിന് വീണയുടെ തുറന്ന കത്ത്

Jaihind News Bureau
Tuesday, March 2, 2021

 

എ സമ്പത്തിനെ ക്യാബിനറ്റ് റാങ്കോടെ സർക്കാരിന്‍റെ പ്രത്യേക പ്രതിനിധിയായി ഡല്‍ഹിയില്‍ നിയമിച്ചത് എന്തിനായിരുന്നുവെന്ന ചോദ്യവുമായി മഹിളാ കോണ്‍ഗ്രസ് നേതാവ് അഡ്വ. വീണ എസ് നായർ. ക്യാബിനറ്റ് റാങ്കിലിരുന്ന് സർക്കാരിന്‍റെ ശമ്പളം വാങ്ങിയതല്ലാതെ ജനങ്ങള്‍ക്ക് എന്ത് പ്രയോജനമാണുണ്ടായതെന്നും സമ്പത്തിനെഴുതിയ തുറന്ന കത്തില്‍ വീണ രൂക്ഷ വിമർശനമുന്നയിക്കുന്നു. കൊവിഡ് വ്യാപനം രൂക്ഷമായി മലയാളികള്‍ ഡല്‍ഹിയില്‍ കഷ്ടപ്പെട്ടപ്പോള്‍ സുരക്ഷിതനായി നാട്ടിലേക്ക് വിമാനം കയറിയ സമ്പത്തിന്‍റെ നടപടി ഏറെ വിമർശനം ഏറ്റുവാങ്ങിയിരുന്നു. താങ്കള്‍ എന്തുജോലിയാണ് ചെയ്തതെന്നും എന്തു സഹായമാണ് മലയാളികള്‍ക്ക് ചെയ്തതെന്നും മറുപടി പറയണമെന്ന് വീണ കത്തില്‍ ആവശ്യപ്പെടുന്നു. ഉത്തരം പറയാന്‍ ബാധ്യസ്ഥനാണെന്നും അങ്ങയുടെ വായിലോട്ടു പോയ ഓരോ അരിമണിയും ഈ നാട്ടിലെ പാവപ്പെട്ട ജനങ്ങളുടെ നികുതി പണത്തിൽ നിന്നാണെന്നാണ് ഓർമിപ്പിച്ചുകൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്.

 

അഡ്വ. വീണ എസ് നായരുടെ കത്തിന്‍റെ പൂർണ്ണ രൂപം

ഡൽഹിയിലെ സർക്കാരിന്റെ പ്രത്യേക പ്രതിനിധി സ്ഥാനത്ത് നിന്ന് രാജി വച്ച മുൻ എം പി സമ്പത്തിന് തുറന്ന കത്ത് ,

ലോകസഭ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങലിൽ നിന്ന് തോറ്റതിനു ശേഷം പിണറായി സർക്കാർ കാബിനറ്റ് റാങ്കിൽ അങ്ങയെ ഡൽഹിയിൽ സർക്കാരിന്റെ പ്രത്യേക പ്രതിനിധി ആയി നീയമിച്ചിരുന്നല്ലോ. കാബിനറ്റ് റാങ്കുകാരനെ തീറ്റിപോറ്റാൻ, സ്റ്റാഫും പരിവാരങ്ങൾക്കും വാഹനത്തിനും അടക്കം പ്രതിമാസം 20 ലക്ഷം രൂപ സർക്കാർ ഖജനാവിൽ നിന്ന് ആകും . സംസ്ഥാനത്തെ സഹായിക്കാൻ റസിഡന്റ് കമ്മീഷണറടക്കം നിരവധി സന്നാഹങ്ങൾ ഡൽഹിയിൽ ഉള്ളപ്പോഴായിരുന്നു ഈ നീയമനം. മലയാളികൾ കോവിഡ് മൂലം ഡൽഹിയിൽ കിടന്ന് കഷ്ടപെട്ടപ്പോഴും അങ്ങയുടെ സഹായം ആർക്കും കിട്ടിയില്ല എന്ന് ദൃശ്യ മാധ്യമങ്ങൾ തെളിവു സഹിതം പുറത്ത് കൊണ്ട് വന്നിരുന്നു. തിരുവനന്തപുരം സ്വദേശിയായ ഞാൻ ഇക്കാലയളവിൽ പലപ്പോഴും കാണുന്ന സ്ഥിരം കാഴ്ചകളിൽ ഒന്നായിരുന്നു സർക്കാർ കാറിൽ തിരുവനന്തപുരം നഗരത്തിലൂടെ അങ്ങയുടെ ഓട്ടപാച്ചിൽ . അങ്ങയുടെ ജോലി സ്ഥലവും ഓഫിസും ഡൽഹിയിൽ ആണന്നാണ് ഉത്തരവിൽ രേഖപ്പെടുത്തിയിരുന്നതെങ്കിലും ഒരു മാസം പോലും അങ്ങ് ഡൽഹിയിൽ ഉണ്ടായിരുന്നില്ല. പ്രളയത്തെ തുടർന്ന് ജനങ്ങൾ കഷ്ടപ്പെടുമ്പോഴായിരുന്നു അങ്ങയുടെ നീയമനം . എനിക്ക് അങ്ങയോട് ചോദിക്കാനുള്ളത് ഒന്ന് മാത്രം , കാബിനറ്റ് റാങ്കിൽ ഡൽഹിയിലെ സർക്കാരിന്റെ പ്രതിനിധി ആയി താങ്കൾ ചെയ്ത ജോലി എന്തായിരുന്നു ? എന്തൊക്കെ സഹായങ്ങൾ മലയാളിക്ക് ചെയ്യാൻ സാധിച്ചു ? ഉത്തരം പറയേണ്ടത് അങ്ങയുടെ ബാധ്യതയാണ്. കാരണം അങ്ങയുടെ വായിലോട്ടു പോയ ഓരോ അരിമണിയും ഈ നാട്ടിലെ പാവപ്പെട്ട ജനങ്ങളുടെ നികുതി പണത്തിൽ നിന്നാണ്.