വീണാ വിജയന്‍ ഐജിഎസ്ടി അടച്ചോയെന്ന ചോദ്യത്തിന് ഉത്തരമില്ല; മറുപടി നല്‍കാത്തത് സ്വകാര്യത മാനിച്ചെന്ന് വിശദീകരണം


മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ സ്ഥാപനം ഐജിഎസ്ടി അടച്ചോ എന്ന ചോദ്യത്തിന് മറുപടി നല്‍കാതെ ജിഎസ്ടി വകുപ്പ്. വ്യക്തികളുടെ സ്വകാര്യതയെ മാനിച്ച് മറുപടി നല്‍കാന്‍ കഴിയില്ലെന്നാണ് ജിഎസ്ടി വകുപ്പ് വിശദീകരണം നല്‍കിയത്. വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യത്തിനാണ് മറുപടി. സ്ഥാപനം നികുതി അടച്ചോ ഇല്ലയോ എന്ന ചോദ്യത്തിനും മറുപടിയും നല്‍കുന്നില്ല. നികുതിപ്പണം സര്‍ക്കാരിന് കിട്ടിയോ എന്ന ചോദ്യത്തിനും മറുപടിയില്ല. ഐജിഎസ്ടിയില്‍ മാത്യു കുഴല്‍നാടന്റെ പരാതിയിലെ അന്വേഷണവും എങ്ങുമെത്തിയില്ല.

വീണ വിജയന്റെ സ്ഥാപനം സിഎംആര്‍എല്ലില്‍ നിന്നും വാങ്ങിയ 1.72 കോടിയുടെ ഐജിഎസ്ടി അടച്ചില്ലെന്നായിരുന്നു മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പരാതി. ആഗസ്റ്റിലാണ് മാത്യു കുഴല്‍നാടന്‍ പരാതി നല്‍കിയത്. കഴിഞ്ഞ 21 നാണ് ധനമന്ത്രി നികുതി വകുപ്പിന് പരാതി കൈമാറിയത്. വീണ വിജയന്റെ എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്നും സ്വീകരിച്ച 57 ലക്ഷം രൂപയില്‍ 45 ലക്ഷം രൂപക്ക് മാത്രം നികുതി ഒടുക്കിയതായുള്ള രേഖ നേരത്തെ പുറത്ത് വന്നിരുന്നു. ഐടി സേവന കമ്പനിയായ എക്‌സാലോജിക്കും കെഎംആര്‍എല്ലും തമ്മില്‍ കൈമാറിയ 57 ലക്ഷം രൂപയുടെ സേവന നികുതിയടച്ചിട്ടുണ്ടൊയെന്ന പരിശോധനയിലാണ് ഇടപാടിന്റെ ആദ്യ ഘട്ടത്തില്‍ എക്‌സാലോജിക് നികുതിയടച്ചതിന്റെ രേഖകള്‍ പുറത്തുന്നത്.

2017 ആഗസ്റ്റിനും 2018 ഒക്ടോബറിനുമിടയില്‍ വീണയുടെ കമ്പനി 45 ലക്ഷം രൂപയുടെ ഇന്‍വോയ്‌സ് കെഎംആര്‍എല്ലിന് സിഎംആര്‍എല്ലിന് നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് 45 ലക്ഷം രൂപയും ഇതിന്റെ 18 ശതമാനം നികുതിയുമടക്കം 53 ലക്ഷത്തി പതിനായിരം രൂപ എക്‌സാലോജിക്കിന് സിഎംആര്‍എല്‍ നല്‍കി. ഇന്‍വോയ്‌സ് പ്രകാരമുള്ള നികുതി തുകയായ 8 ലക്ഷത്തി പതിനായിരം രൂപ എക്‌സസാലോജിക് ഐജിഎസ് ടി അടച്ചതായും സെര്‍വര്‍ രേഖകള്‍ വ്യക്തമാക്കുന്നു. ഈ രേഖകള്‍ സിഎംആര്‍എല്ലിന്റെ 2 ബി ഫോമിലുമുണ്ട്. അതായത് 45 ലക്ഷം രൂപയുടെ 18 ശതമാനം നികുതിയടച്ച രേഖകള്‍ മാത്രമാണ് ഇപ്പോഴുള്ളത്. എന്നാല്‍, ബാക്കി ഇടപാടുകളുടെ നികുതി രേഖകള്‍ ലഭ്യമായിട്ടില്ല.

Comments (0)
Add Comment