വീണയ്ക്ക് തലവേദനയാകും, നിയമനക്കോഴ വിവാദത്തില്‍ പരാതിയില്‍ ഉറച്ച് ഹരിദാസന്‍

Jaihind Webdesk
Monday, October 2, 2023


ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന കോഴ കേസില്‍ മൊഴിയില്‍ ഉറച്ച് പരാതിക്കാരന്‍ ഹരിദാസന്‍. അഖില്‍ മാത്യുവിനാണ് താന്‍ പണം കൈമാറിയതെന്ന് കന്റോണ്‍മെന്റ് പോലീസിനോട് ഹരിദാസന്‍ ആവര്‍ത്തിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പ്രതികൂലമായിട്ടും മൊഴിയില്‍ ഉറച്ച് നില്‍ക്കുകയാണ് ഹരിദാസന്‍. ഹരിദാസനും ബാസിതും ചേര്‍ന്ന് ബോധപൂര്‍വ്വം തെറ്റിദ്ധരിപ്പിക്കുന്നതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. വിശദമായ മൊഴി വീണ്ടും രേഖപ്പെടുത്തിയേക്കും.

ഒളിവിലുള്ള അഖില്‍ സജീവനും ലെനിനും വേണ്ടി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അഖില്‍ സജീവന്‍ തമിഴ്‌നാട്ടിലേക്ക് കടന്നെന്നാണ് പൊലീസിന് കിട്ടുന്ന വിവരം. അഖില്‍ മാത്യുവിനെതിരായ ആരോപണത്തില്‍ ഇതുവരെ പൊലീസിന് തെളിവ് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ സംഭവത്തില്‍ ആള്‍മാറാട്ടം നടന്നോയെന്നും പൊലീസ് അന്വേഷിക്കുകയാണ്.

നിയമനക്കോഴ ആരോപണത്തില്‍ മന്ത്രി വീണ ജോര്‍ജ്ജിന്റെ ഓഫീസ് പരിസരത്തെ സിസിടി ദൃശ്യങ്ങള്‍ പൊതുഭരണ വകുപ്പ് പൊലീസിന് കൈമാറിയിട്ടുണ്ട്. ആരോഗ്യ വകുപ്പിനെ പിടിച്ചുകുലുക്കിയ കോഴ ആരോപണത്തില്‍ നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങളാണ് ് പോലീസിന് കിട്ടിയത്. പൊലീസിന്റെ അപേക്ഷയനുസരിച്ച് ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പൊതുഭരണ വകുപ്പ് അനുമതി നല്‍കുകയായിരുന്നു.