വർഗീയ ശക്തികളെ നിലയ്ക്ക നിർത്താന്‍ സർക്കാരിന് കഴിയുന്നില്ല : പ്രതിപക്ഷ നേതാവ്

Jaihind Webdesk
Sunday, April 17, 2022

പരസ്പരം കൊന്നൊടുക്കുന്ന വർഗീയ ശക്തികളെ നിലയ്ക്ക് നിർത്താൻ സർക്കാരിന് കഴിയുന്നില്ലെന്നത് ദൗർഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.  ഇക്കാര്യത്തിൽ സർക്കാരും ആഭ്യന്തര വകുപ്പും ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. കേരളത്തിന്‍റെ രാഷ്ട്രീയ സാമൂഹിക രംഗത്ത് ധ്രുവീകരണം ഉണ്ടാക്കുന്നതിന് വേണ്ടി വർഗീയ ശക്തികൾ മനപൂർവ്വം ഉണ്ടാക്കുന്ന സംഘർഷമാണ് ഇപ്പോൾ നടക്കുന്നത്. എസ്.ഡി.പി.ഐയും ആർ.എസ്.എസും പരസ്പരം പാലൂട്ടി വളർത്തുന്ന ശത്രുക്കളാണ്. മറുഭാഗം ചെയ്യുന്ന അക്രമ സംഭവങ്ങളിലാണ് രണ്ട് കൂട്ടരുടെയും നിലനിൽപ്പ്. ഒരു കൂട്ടർ ചെയ്യുന്ന അക്രമം മറ്റൊരു കൂട്ടർക്ക് വളമായി മാറുകയാണെന്നും അദ്ദേഹം വിമർശിച്ചു.

കേരളത്തിന്‍റെ  സാമൂഹിക രാഷ്ട്രീയ രംഗത്ത് പ്രസക്തി ഇല്ലാതിരുന്ന ആളുകൾ പ്രസക്തി ഉണ്ടാക്കുന്നതിന് വേണ്ടി നടത്തുന്ന അക്രമങ്ങളാണ്. ഇത് കേരള രാഷ്ട്രീയത്തിന്‍റെ പരമ്പര്യത്തിന് ചേർന്നതല്ല. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും കേരളീയ പൊതുസമൂഹവും വളരെ ഗൗരവത്തോട് കൂടിയാണ് ഈ രാഷ്ട്രീയ കൊലപാതകങ്ങളെ നോക്കിക്കാണേണ്ടത്. മുഖ്യമന്ത്രി പിണറായി വിജയൻ സോഷ്യൽ എൻജിനീയറിങ്ങ് എന്ന പേരിൽ നടത്തുന്ന വർഗീയ പ്രീണന നയങ്ങളാണ് ഇതിനെല്ലാം ആധാരം. ഇവർക്കെതിരെ ശക്തമായ നടപടി എടുക്കാൻ പോലീസിന് സാധിക്കുന്നില്ല. പരസ്പരം കൊലപാതക പ്രഖ്യാപനങ്ങൾ നടത്തുന്ന ഇവർക്കെതിരെ കരുതൽ തടങ്കൽ അടക്കമുള്ള കാര്യങ്ങൾ പ്രയോഗിക്കാൻ പോലീസും തയാറാകുന്നില്ല. വർഗീയ സംഘടനകളുടെ നേതൃത്വത്തിൽ ഇരിക്കുന്നവർക്കും കൊലപാതകങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറാനാകില്ല. അവരും ഗൂഡാലോചനയിലെ പങ്കാളികളാണെന്നും വിഡി സതീശന്‍ ആരോപിച്ചു.

എസ്ഡിപിഐയുമായും ആർഎസ്എസുമായും തെരഞ്ഞെടുപ്പ് കാലത്ത് സിപിഎം പല കൊടുക്കൽ വാങ്ങലുകളും നടത്തിയത് കൊണ്ട് കാർക്കശ്യമായ ഒരു നിലപാട് ഇവർക്കെതിരെ സ്വീകരിക്കാൻ സർക്കാരിന് സാധിക്കുന്നില്ല. ആലപ്പുഴയിൽ നടന്നത് പാലക്കാട് ആവർത്തിച്ചു. നാളെ മറ്റൊരിടത്ത് നടക്കില്ല എന്ന് പറയാൻ സർക്കാരിന് സാധിക്കില്ല. ജനങ്ങൾ ഭയത്തിലാണ്. ഗുണ്ടകൾ അഴിഞ്ഞാടുകയാണ്. സർക്കാരിൻ്റെ നിസംഗത, നമ്മൾ ഭയപ്പടുന്ന ഏതോ സ്ഥലത്തേക്ക് നമ്മെ കൊണ്ട് പോവുകയാണ്. കേരളത്തിൻ്റ പൊതു സമൂഹത്തിൽ വർഗീയത വ്യാപിക്കാതിരിക്കുന്നതിന് വേണ്ടി ശക്തമായ ക്യാമ്പയിൻ പ്രതിപക്ഷം ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു.

വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമങ്ങൾ കേരളത്തിൽ നടത്തുകയാണ്. ഇരകളായി മാറുന്നത് സാധാരണക്കാരാണ് ഗൂഡാലോചന നടന്നുന്നവർ ചിരിക്കുകയാണ്. കേരളത്തിലെ ഇന്‍റലിജൻസ് സംവിധാനം ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്. ആസൂത്രിതമായി ഗൂഡാലോചന നടത്തി കൊലപാതകം നടത്തുകയാണ്. ഇതിൽ രണ്ട് കൂട്ടരും സന്തോഷിക്കുകയാണ്. അവരുടെ അസ്ഥിത്വം തന്നെ നിലനിൽക്കുന്നത് മറുഭാഗം ചെയ്യുന്ന അക്രമസംഭവങ്ങളിലാണെന്നും വിഡി സതീശന്‍ ആരോപിച്ചു.

ലോകസമാധാനത്തിന് വേണ്ടി ബജറ്റിൽ രണ്ട് കോടി രൂപ മാറ്റി വച്ച സംസ്ഥാനത്താണ് ഈ സമാധാന ലംഘനങ്ങൾ നടക്കുന്നത്. ഗുണ്ടായിസവും മയക്കുമരുന്ന് വ്യാപനമെല്ലാം കേരളത്തിൽ വ്യാപിക്കുകയാണ് ആളുകളിൽ അരക്ഷിതബോധം പടരുകയാണ്. ഗുണ്ടായിസം ചെറുക്കാനുള്ള സർക്കാരിന്‍റെ കാവൽ പദ്ധതി പൂർണ്ണ പരാജയമാണ്. സർക്കാരും വർഗീയ പാർട്ടികളും തമ്മിൽ വലിയ ബന്ധത്തിലാണ്. ഇതിന്‍റെ ഭാഗമായാണ് അഭിമന്യു കൊലപാതകികളെ അറസ്റ്റ് ചെയ്യുന്നതിലുണ്ടായ കാലതാമസം. കോൺഗ്രസ് പ്രവർത്തകൻ പുന്ന നൗഷാദിന്‍റെ കൊലപാതകത്തിലെ പ്രതികളെ ഇപ്പോഴും പൂർണമായും അറസ്റ്റ് ചെയ്തിട്ടില്ല. ഒന്നാം വാർഷികം ആഘോഷിക്കാൻ നിൽക്കുമ്പോൾ സർക്കാർ എവിടെ എത്തിയെന്ന് ആലോചിക്കുന്നത് നല്ലതാണ്. വടക്കേ ഇന്ത്യയിൽ പോലും നടക്കാത്ത അക്രമസംഭവങ്ങളാണ് കേരളത്തിൽ നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വിമർശനമുന്നയിച്ചു.

എസ്ഡിപിഐക്കാരും ആർഎസ്എസുകാരും പോലീസ് സേനയിൽ നുഴഞ്ഞ് കയറിയെന്ന് സിപിഐ നേതാക്കൾ പറഞ്ഞത് സത്യമായി മാറുകയാണ്. പോലീസിന്‍റെ  കയ്യിലുള്ള വിവരങ്ങൾ വർഗീയ ശക്തികൾക്ക് ചോർത്തിക്കൊടുക്കപ്പെടുകയാണ്. പോലീസിനെ നിയന്ത്രിക്കുന്നത് സിപിഎം ജില്ലാ കമ്മിറ്റികളും ഏരിയാ കമ്മിറ്റികളുമാണ് . മുഖ്യമന്ത്രി ഭരിക്കാൻ മറന്ന് പോയിരിക്കുകയാണെന്നും വിഡി സതീശന്‍ ആരോപിച്ചു.