തിരുവനന്തപുരം : ട്രാൻസ്‌ജെൻഡർ അനന്യ കുമാരി അലക്സിന്റെയും പങ്കാളി ജിജുവിന്റെയും മരണ വാർത്ത വലിയ നോവാവുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഏറെ മാനസിക പീഡനവും ചൂഷണവും അനുഭവിക്കുന്ന ഒരു സമൂഹമാണ് ലൈംഗിക ന്യൂനപക്ഷങ്ങൾ. അവർക്ക് വേണ്ടിയുള്ള പദ്ധതികൾ രൂപപ്പെടുത്തുമ്പോൾ അവർ ചൂഷണം ചെയ്യപ്പെടില്ല എന്ന് ഉറപ്പാക്കേണ്ട ബാദ്ധ്യത കൂടെയുണ്ട്. പല ശസ്ത്രക്രിയകളും പരാജയപ്പെടുന്നുണ്ടെന്നും എന്നാൽ പലരും അപമാനം ഭയന്ന് പുറത്തു പറയാറില്ലയെന്നുമാണ് ആ സമൂഹത്തിൽ പെട്ടവർ പറയുന്നത്. അവരുടെ മരണം ആ സമൂഹത്തെ സംബന്ധിച്ചിടത്തോളം രക്തസാക്ഷിത്വമാണ്. ഇത് ഒരു പാഠമായി ഉൾക്കൊണ്ട് ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്നും സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം :
ട്രാൻസ്‌വുമൻ അനന്യ കുമാരി അലക്സിന്റെ ആത്മഹത്യയും അവരുടെ ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായിരുന്ന അവസ്ഥയെ കുറിച്ച് ഉള്ള വാർത്തകളും ഉണ്ടാക്കിയ ഞെട്ടൽ മാറുന്നതിന് മുൻപ് തന്നെ അനന്യയുടെ പങ്കാളി ജിജുവിന്റെ മരണ വാർത്തയും വലിയ നോവാവുകയാണ്. ഏറെ മാനസിക പീഡനവും ചൂഷണവും അനുഭവിക്കുന്ന ഒരു സമൂഹമാണ് ലൈംഗിക ന്യൂനപക്ഷങ്ങൾ. അവർക്ക് വേണ്ടിയുള്ള പദ്ധതികൾ രൂപപ്പെടുത്തുമ്പോൾ അവർ ചൂഷണം ചെയ്യപ്പെടില്ല എന്ന് ഉറപ്പാക്കേണ്ട ബാധ്യത കൂടെയുണ്ട്. സമൂഹത്തിനു മുന്നിൽ തങ്ങളുടെ ഐഡന്റിറ്റി സ്ഥാപിച്ചെടുക്കുന്നതിനാണ് അവരുടെ ജീവിതത്തിലെ ഓരോ നിമിഷത്തെയും പോരാട്ടം. ആ പോരാട്ടം ഒരു പരിഷ്കൃത സമൂഹം ഏറ്റെടുക്കേണ്ടതാണ്. പല ശസ്ത്രക്രിയകളും പരാജയപ്പെടുന്നുണ്ടെന്നും എന്നാൽ പലരും അപമാനം ഭയന്ന് പുറത്തു പറയാറില്ലയെന്നുമാണ് ആ സമൂഹത്തിൽ പെട്ടവർ പറയുന്നത്. അവരുടെ മരണം ആ സമൂഹത്തെ സംബന്ധിച്ചിടത്തോളം രക്തസാക്ഷിത്വമാണ്. ഇത് ഒരു പാഠമായി ഉൾക്കൊണ്ട് ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ഇടപെടണം.