വിസി നിയമനം: ഹൈക്കോടതി തള്ളിയത് വിവാദ സാഹചര്യത്തിന് മുന്‍പുള്ള ഹര്‍ജി ; പ്രതിപക്ഷ നേതാവ്

Jaihind Webdesk
Wednesday, December 15, 2021

കണ്ണൂര്‍ സര്‍വകലാശാലയിലെ വി.സി നിയമനത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. ഹര്‍ജിയുമായി ബന്ധപ്പെട്ട് വി.സി നിയമനത്തെ അനുകൂലിച്ചുള്ള സത്യവാങ്മൂലമാണ് ഗവര്‍ണര്‍ നല്‍കിയിരുന്നത്. ഇതിനു ശേഷമാണ് സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലാക്കിയെന്ന ആരോപണവുമായി ഗവര്‍ണര്‍ രംഗത്തെത്തിയത്. പിന്നാലെ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ചാന്‍സലര്‍ക്ക് നല്‍കിയ കത്തും പുറത്തുവന്നു. ഈ വിവാദ സാഹചര്യങ്ങള്‍ക്ക് മുന്‍പ് നല്‍കിയ ഹര്‍ജിയിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. ഡിവിഷന്‍ ബെഞ്ചില്‍ പോകുമ്പോള്‍ പുതിയ സാഹചര്യങ്ങളും കോടതി പരിഗണിക്കും. ഇപ്പോള്‍ ഹര്‍ജി ഹൈക്കോടതി തള്ളിയതില്‍ അദ്ഭുതമില്ല

ഉന്നത വിദ്യാഭ്യാസ ചരിത്രത്തിലെ നഗ്നമായ രാഷ്ട്രീയ ഇടപെടലാണ് കണ്ണൂര്‍ വി.സി നിയമനത്തിലൂടെ നടന്നിരിക്കുന്നത്. എല്ലാ സര്‍വകലാശാലകളിലും സി.പി.എം നേതാക്കളുടെ കുടുംബാംഗങ്ങള്‍ക്കു വേണ്ടി ഒഴിവുകള്‍ സംവരണം ചെയ്തിരിക്കുകയാണ്. അക്കാദമിക് കമ്മിറ്റികളിലും ഇഷ്ടക്കാരെ തിരുകിക്കയറ്റുകയാണ്. ഇത് ഒരു കാരണവശാലും യു.ഡി.എഫ് അംഗീകരിക്കില്ല. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ല. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകും.