ഡീലിറ്റ് വിഷയം നിലവിലെ സർവ്വകലാശാല പ്രശ്നങ്ങളിൽനിന്ന് ഒളിച്ചോടാനെന്ന് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Saturday, January 1, 2022

ഡിലീറ്റ് പ്രശ്നത്തിൽ സർവ്വകലാശാലയോ ഗവർണറോ മുഖ്യമന്ത്രിയോ ഒന്നും പറയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വഴിവിട്ട് ഡിലീറ്റ് കൊടുക്കാൻ പറഞ്ഞെങ്കിൽ അത് നിയമ വിരുദ്ധമാണെന്നും പ്രതിപക്ഷനേതാവ് പ്രതികരിച്ചു. സർവ്വകലാശാല ചാൻസിലർ പദവി ഏറ്റെടുക്കില്ലെന്ന് പറയുന്നത് ഗവർണറുടെ കൗശലമാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

ഡീലിറ്റ് വിഷയം നിലവിലെ സർവ്വകലാശാല പ്രശ്നങ്ങളിൽനിന്ന് ഒളിച്ചോടാനാണെന്നാണ് പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ പ്രതികരണം . യഥാർഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രപതിക്ക് ഡിലിറ്റ് കൊടുക്കാൻ പറഞ്ഞിട്ടുണ്ടെങ്കിൽ എന്തിനാണ് സർക്കാരും സർവകലാശാലയും അത് ഒളിച്ചുവച്ചതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

എന്നാൽ അഴിമതി നടത്തിയ എല്ലാ പദ്ധതികളെയും പോലെ കെ റെയി ലിലും സർക്കാരിന് അനാവശ്യ ധൃതിയാണെന്ന് പ്രതിപക്ഷനേതാവ് വീണ്ടും ആവർത്തിച്ചു. യുഡിഎഫ് ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി തരാതെ കെ റെയിൽ പദ്ധതിയുമായി മുന്നോട്ടുപോകാൻ സർക്കാരിനെ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം  സംസ്ഥാനത്തെ പൊലീസ് വഴിവിട്ട് സഞ്ചരിക്കുകയാണെന്നും  പൊലീസ് സേനയുടെ നിയന്ത്രണം നഷ്ടപ്പെട്ടന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മദ്യവുമായി എത്തിയ വിദേശ പൗരനെ തടഞ്ഞ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.