എ.ഐ.എസ്.എഫ് വനിതാ നേതാവിനെതിരായ ആക്രമണം; നീതി തേടി പ്രതിപക്ഷ നേതാവിന്റെ സബ്മിഷന്‍

Jaihind Webdesk
Tuesday, October 26, 2021

തിരുവനന്തപുരം : എ.ഐ.എസ്.എഫ് വനിതാ നേതാവിന് എതിരെയുള്ള എസ്.എഫ്.ഐ അക്രമം സബ്മിഷനായി ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എ.ഐ.എസ്.എഫിന്റെ സംസ്ഥാന സെക്രട്ടറി കൂടിയായ ദളിത് പെണ്‍കുട്ടി ആക്രമിക്കപ്പെടുകയും ലൈംഗികാതിക്രമത്തിനും ജാതി അധിക്ഷേപത്തിനും ഇരയായത് ലജ്ജാകരമായ സാഹചര്യമാണെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

പെണ്‍കുട്ടിയോടെ വിദ്യാര്‍ഥി സംഘടനയുടെ നേതാക്കള്‍ ചെയ്ത ക്രൂരകൃത്യം പുറത്തുപറയാന്‍ കൊള്ളാത്തതാണ്. ഇവരാണോ നാളെയുടെ നേതാക്കളായി വളരുന്നത്? ഇവരാണോ ഭാവി വാഗ്ദാനങ്ങളായി വളരുന്നത്? ഒരു പെണ്‍കുട്ടിയോട് എത്ര ഹീനമായ പ്രവൃത്തിയാണ് ഇവര്‍ ചെയ്തത്. ഒരു വിദ്യാര്‍ഥി സംഘടനാ നേതാവിനോട് എത്ര ക്രൂരമായാണ് ഇവര്‍ പെരുമാറിയത്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരിക്കുന്നവര്‍ എത്ര ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണെന്ന് മുഖ്യമന്ത്രി അന്വേഷിക്കണം. ഗുണ്ടാസംഘമായി ഇവര്‍ വളരുകയാണ്. പൊതുവിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫംഗവും അക്രമി സംഘത്തിലുണ്ടായിരുന്നെന്ന് പെണ്‍കുട്ടി പരാതി നല്‍കിയിട്ടുണ്ട്. പക്ഷെ എ.ഫ്.ഐ.ആറില്‍ ഇയാളുടെ മാത്രം പേരില്ല. മറ്റെല്ലാവരും പ്രതികളാണ്. മന്ത്രിയുടെ സ്റ്റാഫില്‍പ്പെട്ടയാള്‍ക്കെതിരെ കേസെടുക്കില്ലേ? അയാള്‍ ഇപ്പോഴും നിങ്ങളുടെ സ്റ്റാഫില്‍ ഉണ്ടോയെന്ന് വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കണം.

പിറ്റേ ദിവസം എസ്.എഫ്.ഐക്കാര്‍ നല്‍കിയ കള്ളപരാതിയില്‍ അപ്പോള്‍ തന്നെ പെണ്‍കുട്ടികള്‍ക്കെതിരെ കേസെടുത്തു. നിങ്ങളുടെ മകളെ പോലൊരു പെണ്‍കുട്ടിക്ക് എതിരെയാണ് അതിക്രമമെന്നത് മിണ്ടാതിരിക്കുന്ന സി.പി.ഐ മന്ത്രിമാരുടെ മനസിലുണ്ടാകണം. ദളിത് പെണ്‍കുട്ടിക്ക് അപമാനം ഉണ്ടായിട്ട് ഇങ്ങനെയാണോ പൊലീസ് പ്രവര്‍ത്തിക്കുന്നത്? നിങ്ങളാണോ സ്ത്രീ സുരക്ഷയ്ക്കു വേണ്ടി കാമ്പയില്‍ ചെയ്യുന്നത്. കഴിഞ്ഞ ദിവസം രമ്യാ ഹരിദാസ് എം.പിയെ സോഷ്യല്‍ മീഡിയയില്‍ അവഹേളിച്ച കാര്‍ഷിക സര്‍വകലാശാലയിലെ യൂണിയന്‍ നേതാവിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ എല്ലാ സര്‍വകലാശാലകളിലും സമരം നടത്തി. ഇതിനെയൊന്നും ന്യായീകരിക്കരുത്. പെണ്‍കുട്ടിക്കെതിരായ കള്ളകേസ് പിന്‍വലിക്കണം. മുഖ്യമന്ത്രി മറുപടി നല്‍കുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ ഉന്നത വിദ്യാഭ്യാസമന്ത്രിയെ മറുപടി പറയാനായി ഏല്‍പ്പിച്ചിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

എന്നാല്‍ എ.ഐ.എസ്.എഫ് നേതാവായ ദളിത് പെണ്‍കുട്ടിക്ക് എതിരായ ആക്രമണത്തെ കുറിച്ച് പരാമര്‍ശിക്കാതെയായിരുന്നു ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദുവിന്റെ മറുപടി. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.

സബ്മിഷനുമായി ബന്ധപ്പെട്ട് ഒന്നും പറയാന്‍ മന്ത്രി തയാറായില്ലെന്ന് പ്രതിപക്ഷ നേതാവ് ഇറങ്ങിപ്പോക്കിന് മുന്നോടിയായി നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. എന്തുപറയാമെന്ന സ്ഥിതിയാണ്. അങ്ങനെയെങ്കില്‍ ഞങ്ങള്‍ എന്തിനാണ് നിയമസഭയില്‍ വരുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.