‘വൈദ്യുത ബോർഡിന്‍റെ വെളിപ്പെടുത്തല്‍ തെളിയിക്കുന്നത് പിണറായി സർക്കാരിന്‍റെ കെടുകാര്യസ്ഥത’: പ്രതിപക്ഷ നേതാവ്

Jaihind Webdesk
Wednesday, February 16, 2022

തിരുവനന്തപുരം : കെഎസ്ഇബി ചെയർമാന്‍ പുറത്തുവിട്ട ആരോപണങ്ങളില്‍ ശക്തമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഒന്നാം പിണറായി സർക്കാരിന്‍റെ  കെടുകാര്യസ്ഥതയാണ് ഈ ആരോപണങ്ങളിലൂടെ വ്യക്തമാകുന്നത്. വൈദ്യുത ബോർഡ് അറിയാതെ 6000 പേർക്ക് നിയമനം നൽകിയ വാർത്ത യുഡിഎഫ് ഉന്നയിച്ച ആരോപണങ്ങൾ ശരിവെക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കോടിക്കണക്കിന് രൂപയുടെ ക്രമക്കേടാണ്  വൈദ്യുത ബോർഡിൽ നടന്നത്. പാർട്ടി ഓഫീസ് പോലൊയണ് വൈദ്യുത ബോർഡ് പ്രവർത്തിച്ചരിന്നത്. ആരോപണങ്ങള്‍ പുറത്തുവന്നപ്പോള്‍ എംഎം മണി വൈദ്യുത മന്ത്രിയെ ഭീഷണിപ്പെട്ടുത്തുകയാണ്.  നിലവിലെ വൈദ്യുത മന്ത്രി ചെയർമാൻ പറഞ്ഞതൊന്നും തള്ളിപറഞ്ഞിട്ടില്ല. നടപടിക്രമങ്ങൾ തെറ്റിച്ച് ഭൂമി നൽകിയത് അന്വേഷിക്കണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു.

കെഎസ്ഇബി യുടെ ടെൻഡറുകൾ ചോർത്തുന്നുവെന്ന ചെയർമാന്‍റെ  വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്. പ്രതിപക്ഷം ഉന്നയിച്ച ട്രാൻസ് ഗ്രിഡ് പദ്ധതിയിലെ അഴിമതിയും ചെയർമാന്‍റെ വെളിപ്പെടുത്തലിലൂടെ ശരിയെന്ന് വ്യക്തമാകുകയാണ്. ആരോപണങ്ങളിൽ മറുപടി പറയേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.